Tuesday, July 26, 2011

....അവള്‍.....

പ്രിയതേ നിനക്കെന്റെ നൊമ്പരപ്പൂക്കളാല്‍ ചുടുചുംബനം നല്‍കട്ടേ....അറിയാ നിമിഷത്തിന്റെ ഏതോ ഒരു സന്ധ്യയില്‍ കവിതപോലെ എന്നിലേക്കു വന്നവളാണല്ലോ നീ....സന്തോഷത്തിന്റെ നറുമലര്‍ നല്‍കി ഇത്രവേഗം നീ കടന്നുപോയതെന്തേ...ഹൃദയാന്തകാരത്തിന്റെ മൂകതയില്‍ എന്നെ നീ തനിച്ചാക്കിയതെന്തേ....വിങ്ങിപ്പൊട്ടുന്ന എന്റെ മനസ്സിന്റെ ജല്പനം നീ കേള്‍ക്കുന്നുവോ പ്രിയേ......വയ്യ.....കണ്ണുനീര്‍ മുത്തുക്കളില്‍ ഞാന്‍ താഴ്ന്നുപോവുന്നു....എന്റെ മോഹ ചഷകമെവിടെയോ പൊട്ടിത്തകരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.....പേടിയാവുന്നു...ഏതുകയത്തിലാണ് ഞാന്‍ മുങ്ങിത്താഴുന്നത്.......എന്റെ സ്നേഹത്തിന്റെ പാനപാത്രമെവിടെ....എനിക്കു ദാഹിക്കുന്നു....എല്ലാം നീയെനിക്കു നഷ്ടപ്പെടുത്തിയിരിക്കുന്നു....വയ്യാ...എന്റെ ഉള്‍ക്കാമ്പുകള്‍ ചുട്ടുപൊള്ളുന്നു....എവിടെയെന്റെ പൊയ്പോയ കാലത്തിന്റെ മധുര സ്വപ്നങ്ങള്‍....അവയും മരിച്ചിരിക്കുന്നുവോ.....എന്റെ കണ്ണുകളില്‍ ഇരുട്ടുകയറുന്നു....ഒന്നുമെനിക്കു കാണാന്‍ വയ്യാ....ഈ ലോകം മുഴുവന്‍ കറുപ്പിന്റേതായിരിക്കുന്നു.....ആരാണ് ആര്‍ത്തു ചിരിക്കുന്നത്...എന്റെ നഷ്ടപ്പെടുന്ന യൌവ്വനമോ...ഓ....എനിക്കു കാണണ്ടാ....എന്റെ രക്തം മുഴുവന്‍ വാര്‍ന്നുപോവുന്നുവോ....ഹൃദയത്തിന്റെ മുറിവില്‍ നീ എന്നാണിനിയൊന്ന് തലോടുക....ഇല്ല ...അതിനി ഒരിക്കലുമുണ്ടാവില്ലാ....എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ലല്ലോ....മനസ്സേ നീ ഇനിയും ശാന്തമാവത്തതെന്തേ......

Monday, July 4, 2011

എന്റെ ഇന്നലകള്‍....ഭാഗം ..പന്ത്രണ്ട്......വികൃതിത്തരങ്ങള്‍...

ക്രിസ്തുമസ്സ് വെക്കേഷന്‍ സ്കൂളില്‍നിന്നും എസ്കര്‍ഷന്‍ പോവാന്‍ തീരുമാനിച്ചു..ഞാനും വിജയനും വിശ്വനും പേരുകൊടുത്തു...എല്ലാവരും തലേദിവസം രാത്രി സ്ക്കൂളില്‍ തങ്ങാനും പുലര്‍ച്ചെ സ്കൂളില്‍നിന്നും തിരിക്കാനും തീരുമാനിച്ചു...വൈകുന്നേരം അഞ്ച് മണി ആയപ്പോഴേക്കും എല്ലാവരും എത്തിച്ചേര്‍ന്നിരുന്നു...ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഗ്രൌണ്ടിന്നപ്പുറവും ഇപ്പുറവുമുള്ള ക്ലാസുകളായിരുന്നു രാത്രി ഉറങ്ങാന്‍ വേണ്ടി തിരഞ്ഞെടുത്തത്..രാത്രിയില്‍ എന്തെങ്കിലും വേല ഒപ്പിക്കണമല്ലോ എന്ന് കരുതി നടക്കുമ്പോഴാണ് ജമീല മുന്നില്‍ വന്നു ചാടുന്നത്...അവളോട് ഞാന്‍ പറഞ്ഞു “എല്ലാവരും ഉറങ്ങിക്കഴിഞ്ഞാ നീ ക്ലാസിന്റെ ബാക്കിലെ ജനവാതില്‍ തുറന്നിടണം, ഞാന്‍ വരും..നമുക്ക് സംസാരിച്ചിരിക്കാം “, ആദ്യം പേടിയാണെന്ന് പറഞ്ഞെങ്കിലും പിന്നെ അവളതിനു സമ്മതിച്ചു..വിജയനോടും വിശ്വനൊടും ഞാന്‍ പറഞ്ഞു “ അവളവിടെ ജനവാതിലും തുറന്നിരിക്കട്ടേ..നമുക്ക് സുഖമായി ഉറങ്ങാം “...പക്ഷേ അതിനവര്‍ സമ്മതിച്ചില്ലാ..അങ്ങിനെ ചെയ്യാന്‍ പാടില്ലാ..എന്തുവന്നാലും പോവണമെന്നവര്‍ പറഞ്ഞു...അവരും കൂടെ വരാമെന്നേറ്റു...രാത്രി ഏകദേശം പന്ത്രണ്ട് മണിയെങ്കിലും കഴിഞ്ഞുകാണും, കൂടെ കിടക്കുന്നവരൊക്കെ ഉറങ്ങീയെന്ന് ഉറപ്പുവരുത്തി ഞങ്ങളെഴുന്നേറ്റ് പതുക്കെ പുറത്തുകടന്നു...ജമീല കിടക്കുന്നിടത്തെത്താന്‍ രണ്ടുവഴികളേയുള്ളു...ഒന്ന് ഗ്രൌണ്ട് ക്രോസ് ചെയ്തുപോണം..അതത്ര സുഖമുള്ള കാര്യമല്ലാ..കാരണം ഞങ്ങളെപ്പോലെ വല്ലവരും ഉണര്‍ന്നിരിക്കുന്നെങ്കില്‍ അവര്‍ ഞങ്ങളെകാണുമന്നും പിടിക്കപ്പെടുമെന്നും ഉറപ്പ്...പിന്നെയുള്ളത് ടീച്ചേഴ്സ് റൂമിനു പിന്നിലൂടെ കിണറും ചുറ്റിവരണം..ആ വഴി ഞങ്ങള്‍ തിരഞ്ഞെടുത്തു..ടീച്ചേഴ്സ് റൂമിന് ഞങ്ങളെക്കാളും ഉയരമുള്ള ഭിത്തിയാണ്..അരച്ചുമരില്‍നിന്നും മുകളിലോട്ട് ഗ്രിത്സ് വച്ചുപിടിപ്പിച്ചിട്ടുണ്ട്...ഞങ്ങള്‍ വളരെ പതുക്കെ ശബ്ദമുണ്ടാക്കാതെ ടീച്ചേഴ്സ് റൂമിനടുത്തെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു നേരിയ ശബ്ദം ഞങ്ങളെ പിടിച്ചുനിര്‍ത്തി..വിശ്വന്‍ എന്റെ കയ്യില്‍ പിടിച്ചുവലിച്ചെങ്കിലും ഞാന്‍ അനങ്ങിയില്ലാ...ആ ശബ്ദം എന്താണെന്നറിയാതെ അവിടെനിന്നും പോവാന്‍ എനിക്കു തോന്നിയില്ലാ...വിജയനോട് ഞാന്‍ ശബ്ദമില്ലാത്ത ഭാഷയില്‍ അല്പം കുനിഞ്ഞുനിന്ന് എന്നെ ഉയര്‍ത്താന്‍ പറഞ്ഞു..അല്പം ഉയരാതെ അതിനുള്ളിലേക്ക് കാണില്ലായിരുന്നു...ഗ്രിത്സില്‍ പിടിച്ച് പതുക്കെ ഉയര്‍ന്ന ഞാന്‍ ഒരു നിമിഷം മിഴിച്ചു നിന്നുപോയി..
;നിലാവില്ലാത്ത ആ രാത്രിയില്‍ ഒളിഞ്ഞുനോക്കുന്ന അമ്പിളിമാമന്റെ മേഘം മറക്കാത്ത ഏതോ ഒരു കണിക എന്റെ കണ്ണിലൂടെ നഗ്നമായിക്കിടക്കുന്ന രണ്ടുശരീരങ്ങളിലേക്കരിച്ചെത്തിയപ്പോള്‍ എന്റെ വിരലുകള്‍ ഗ്രിത്സില്‍നിന്നും പിടിവിട്ടുപോയി....അതോടെ വിജയന്റെ ശരീരത്തിന് എന്നെ താങ്ങാനുള്ള കണ്ട്രോള്‍ നഷ്ടപ്പെട്ടു,ഗ്രിത്സിലൂടെ എന്റെ വിരലുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഞാനും വിജയനും താഴേക്കുവീണു..ആ വീഴ്ചയില്‍ ഞാന്‍ കണ്ടിരുന്നു..വസ്ത്രങ്ങളില്ലാത്ത രണ്ടു ശരീരങ്ങള്‍ ഭീതിയൊടെ ചാടിയെഴുനേല്‍ക്കുന്ന രംഗം...തോമസൂട്ടീ വിട്ടോടാ എന്നുപറയുന്നതിനുപകരം വിജയാ ഓടിക്കോ എന്നും പറഞ്ഞ് ഞാന്‍ തിരിഞ്ഞൊടി...കൂടെ വിശ്വനും വിജയനും...ഓടിക്കയറിയ ക്ലാസ് റൂമില്‍ കിടന്നുറങ്ങുന്ന ആരുടൊക്കെ ശരീരത്തിലൂടെയാണ് ഞങ്ങള്‍ ചവിട്ടിക്കയറിയതെന്നറിയില്ല,,,ആരുടൊക്കെയോ ശബ്ദങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നു...ക്ലാസിന്റെ ഒരു മൂലയില്‍ വിരിച്ചിട്ട ബെഡ് ഷീറ്റിലേക്ക് ഞങ്ങള്‍ മൂന്നുപേരും വീണു...പേടിയാണൊ അതോ ഒരിക്കലും കണ്ടിട്ടില്ലാത്തത് കണ്ടതിലുള്ള അത്ഭുതമാണോ ..ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു...

പുലര്‍ച്ചെ അഞ്ചുമണിക്ക് ബെല്ലടികേട്ടാണ് ഞങ്ങളുണര്‍ന്നത്..രാത്രിയിലെ വീഴ്ചകൊണ്ടാവാം ശരീരം മുഴുവന്‍ വേദനിക്കുന്നുണ്ടായിരുന്നു..പലരുടേയും സംസാരവിഷയം രാത്രിയില്‍ വന്ന കള്ളനെകുറിച്ചായിരുന്നു...എല്ലാവരും സ്വന്തം ബാഗുകള്‍ തുറന്നുനോക്കുന്നുണ്ടായിരുന്നു...ഞങ്ങള്‍ മൂന്നുപേരും ഒന്നും അറിയാത്തവരെപ്പോലെ തോര്‍ത്തുമെടുത്ത് സ്കൂളിന്റെ തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നു..നല്ല ഇരുട്ടുണ്ടായിരുന്നെങ്കിലും ആ കുളവും പടവുകളും ഞങ്ങള്‍ക്ക് പരിചിതമായിരുന്നതുകൊണ്ട് പേടിതോന്നിയില്ലാ...രാത്രിയില്‍ ഞാനെന്താണ് കണ്ടതെന്ന് വിജയനും വിശ്വനും ചോദിച്ചുകൊണ്ടേയിരുന്നു..എങ്ങിനെ പറയും..ഞാന്‍ കണ്ടത് ഒരു കേളീരംഗമായിരുന്നെന്ന്..അവിടെ രണ്ടുപേര്‍ ഉറങ്ങുന്നതുകണ്ടുവെന്ന് ഞാനവരോട് പറഞ്ഞു..പൂര്‍ണ്ണമായും അവരത് വിശ്വസിച്ചിരുന്നില്ലാ...
എല്ലാവരും യാത്രക്കുള്ള ഒരുക്കത്തോടെ ഗ്രൌണ്ടിലേക്കുവന്നപ്പോള്‍ എന്നെ പേടിപ്പെടുത്തുന്ന നോട്ടവുമായി ജമീല മുന്നില്‍തന്നെയുണ്ടായിരുന്നു..വിജയന്റേയും വിശ്വന്റേയും അവളെനോക്കിയുള്ളചിരി അവളെ കൂടുതല്‍ ദേഷ്യപ്പെടുത്തുന്നതായി എനിക്കുതോന്നി...പാവം ഉറങ്ങാതെ എന്നെയും കാത്തിരുന്നിട്ടുണ്ടാവും..യാത്രയിലുടനീളം ഞാനവളെ ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..എങ്കിലും ഒരു ദുര്‍ഭൂതംകണക്കേ അവളെന്നെ പിന്തുടരുന്നുണ്ടായിരുന്നു...ഇതിലുംവലിയ പ്രശ്നമായിരുന്നു കൂടെയുള്ള ടീച്ചറും മാഷും...അവര്‍ക്കെന്നൊടെന്തല്ലാമോ പറയാനും ചോദിക്കാനുമുണ്ടെന്ന് എനിക്കുതോന്നി..ഇന്നലെ രാത്രിയില്‍നടന്ന സംഭവം അവരെവല്ലാണ്ട് അലട്ടുന്നുണ്ടായിരുന്നു...എന്റെ ശബ്ദം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും..എങ്കിലും ഒന്നുമറിയാത്തവനെപ്പോലെ ഞാനവരുടെ മുന്നിലൂടെ നടന്നു....

ക്രിസ്തുമസ്സ് വെക്കേഷന്‍ കഴിഞ്ഞ് ക്ലാസ് തുടങ്ങി രണ്ടാമത്തെദിവസം..ഓഫീസിനുമുന്നിലെ ബദാം മരത്തിന്റെ ചുവട്ടിലേക്കുമാറ്റിനിറുത്തി ടീച്ചര്‍ എന്നോടുചോദിച്ചു..നീ എന്തിനായിരുന്നു അന്ന് രാത്രി അവിടെവന്നത്..നിന്റെകൂടെ ആരെല്ലാമുണ്ടായിരുന്നു..ഒന്നുമറിയാത്തവനെപ്പോലെ ഞാന്‍ ടീച്ചറെനോക്കി..എങ്കിലും ടീച്ചര്‍ പറഞ്ഞു..നീ കളവുപറയാന്‍ ശ്രമിക്കണ്ടാ..നിന്റെ ശബ്ദം ഞാന്‍ കേട്ടതാണ്..നിനക്കറിയാലോ ഞാനും മാഷും അങ്ങിനെയാണെന്ന്..നീ ഇതാരോടെങ്കിലും പറഞ്ഞോ..നിന്റെ കൂടെയുള്ളവര്‍ അറിയുമോ..അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍..എല്ലാത്തിനും ഇല്ലായെന്ന തലയാട്ടല്‍മാത്രം ഞാന്‍ നടത്തി...ആരോടും ഒന്നും പറയരുതെന്നും പറഞ്ഞ് എന്റെ തലയില്‍ തലോടികൊണ്ട് ടീച്ചര്‍ ഓഫീസിലേക്കുകയറിപ്പോയി....” ആ തലോടലില്‍ ഒരു സ്നേഹത്തിന്റെ കുളിര്‍ എന്റെ ശരീരത്തിലൂടെ ഒഴുകിയിറങ്ങി...അതില്‍ ഒരു വാത്സല്ല്യമുണ്ടായിരുന്നു “...ദിവസങ്ങള്‍ക്കുശേഷം പ്യൂണ്‍ കോരുവേട്ടന്‍ എന്നോടുവന്നുപറഞ്ഞു “ നീ ഊണുകഴിക്കാന്‍ പോവുമ്പോ ചേച്ചിയെ [ഞങ്ങളുടെ സ്കൂളില്‍ ഏട്ടന്‍ ചേച്ചിയെന്നാണ് ടീച്ചേഴ്സിനെ വിളിക്കാറ് ] കാണാന്‍ പറഞ്ഞിട്ടുണ്ട് “...എന്തോ മനസ്സിലൊരു പേടി കടന്നുകൂടിയിരുന്നു..എന്തിനാവും.. അന്നത്തെവല്ല പ്രശ്നവുമാവുമോ..അല്പം പേടിയൊടെയാഞാന്‍ ടീച്ചേഴ്സ് റൂമിലേക്ക് കയറിയത്..ഇരിക്കന്‍ പറഞ്ഞശേഷം ഒരു അടപ്പുള്ളപാത്രം എന്റെ മുന്നിലേക്ക് നീക്കിവച്ചിട്ട്പറഞ്ഞു..”ഇതു നിനക്കുള്ള ഊണാണ്, ഇവിടിരുന്ന് കഴിച്ചോളൂ “..വേണ്ടെന്ന്പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചിരുത്തി എന്നെകൊണ്ടത് കഴിപ്പിച്ചു..കൂടെ ചേച്ചിയും കഴിക്കുന്നുണ്ടായിരുന്നു..” എന്റെ കണ്ണുകളില്‍ പൊടിഞ്ഞിറങ്ങിയ നീര്‍കണങ്ങളെ നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞില്ലാ’ അതുകണ്ടിട്ടും കണ്ടില്ലെന്നുനടിച്ചുകൊണ്ട് എന്നോടുചോദിച്ചു..” നീ എന്തിനാ എന്നും ഉച്ചക്ക് വീട്ടിലേക്കുപോവുന്നത്..നിന്റെവീട്ടില്‍ ഒന്നുമുണ്ടാവില്ലെന്ന് എനിക്കറിയാം “..സത്യങ്ങളെല്ലാം ചേച്ചി മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കുതോന്നി..കളവുപറയാന്‍ എനിക്കുകഴിഞ്ഞില്ലാ...ഞാന്‍ പറഞ്ഞു..” ശരിയാണ് ചേച്ചി..എന്റെവീട്ടില്‍ ഉച്ചക്കൊന്നും ഉണ്ടാവാറില്ലാ..എല്ലാകുട്ടികളും പോവുമ്പോ ഞാന്‍ മാത്രം ഇവിടിരുന്നാല്‍ അതിന്റെകാരണം പലര്‍ക്കും അറിയേണ്ടിവരും..അതുകൊണ്ട് എല്ലാവരുടേയുംകൂടെ ഞാനും പൊവുന്നു..വീട്ടില്‍ചെന്ന് കുറച്ച് വെള്ളവുംകുടിച്ച് എല്ലാവരെപ്പോലെ ഞാനും തിരിച്ചുവരുന്നു..ചേച്ചിയെല്ലാം അന്വേഷിച്ചറിഞ്ഞല്ലേ “..പിന്നീട് ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ ആരും ഒന്നും പറഞ്ഞില്ലാ..കൈകഴുകി പോരാന്‍നേരം ചേച്ചി എന്നോടുപറഞ്ഞു..”നാളെമുതല്‍ ഉച്ചക്ക് നീ ഇവിടുത്തെ ഹോട്ടലീന്ന് കഴിച്ചാല്‍മതി,,ഞാനവിടെ പണം കൊടുത്തോളാം “...ചേച്ചിയുടെ മുഖത്തേക്കുനോക്കി ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..” വേണ്ട ചേച്ചി,,എനിക്കത് ചേച്ചിയേക്കാള്‍ വലിയൊരു ബാദ്ധ്യതയായിത്തീരും,,കാരണം ഇനി എനിക്കിവിടെ ഒരുവര്‍ഷമേയുള്ളൂ,,ഈയൊരുവര്‍ഷം ചേച്ചി എനിക്കു ഭക്ഷണംതരും,,അതുകഴിഞ്ഞാല്‍ ഉച്ചസമയത്ത് എനിക്കു വിശക്കുമ്പൊള്‍ ഞാന്‍ തെരുവിലിറങ്ങി കൈ നീട്ടണ്ടേ,,വിശപ്പ് എന്നെ സംബന്ധിച്ച് ഒരു ശീലമായ കാര്യമാണ്,,അതങ്ങിനെത്തന്നെ നിന്നോട്ടേ “...കുറച്ചുസമയം എന്റെ ചുമലില്‍ പിടിച്ചുനിന്നിട്ട് എന്നോടുപറഞ്ഞു,” ഞാന്‍ നിര്‍ബന്ധിക്കില്ലാ,,നിന്നെഞാന്‍ മനസ്സിലാക്കിയിരിക്കുന്നു,,എങ്കിലും ഒരുകാര്യം സ്കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ നീ എന്റെ വീട്ടില്‍ വരണം,,അത് നിന്റെ വീടുകൂടിയാണെന്ന് കരുതുക “

പിന്നീട് പലപ്പൊഴും ഞാനാവീട്ടില്‍ പൊവുമായിരുന്നു..നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നസ്ഥലത്ത് വലിയൊരുവീട്..ചേച്ചിയും ചേച്ചിക്കൊരു ചേച്ചിയും [അവരും ടീച്ചറാണ് ] അമ്മയും മാത്രം..”സ്നേഹവാത്സല്ല്യങ്ങളുടെ നിറകുടമായിരുന്നു ഇവര്‍ മൂന്നുപേരും...ചേച്ചിയുടെകൂടെ ആതൊടിയിലൂടെ വെറുതേനടക്കുമ്പോള്‍ എനിക്കു തോന്നുമായിരുന്നു...”“ സത്യത്തില്‍ ഞാനും ഒന്നുമില്ലാത്ത ഒരു ഭാഗ്യവാന്‍ തന്നെയല്ലേയെന്ന് “”

<<<< ഇതുവഴി ഇനിയും വരാം >>>>>