Saturday, November 19, 2011

എന്റെ ഇന്നലകള്‍..ഭാഗം ..പതിമൂന്ന്..ഒരു മാപ്പ് പറച്ചില്‍..

 ഒമ്പതാം ക്ലാസ് കൊല്ലപ്പരീക്ഷയും കഴിഞ്ഞ് നേരെപോയത് രാമനാട്ടുകര റൂബി ബേക്കറിയുടെ അപ്പക്കൂട്ടിലേക്കാണ്...[അപ്പക്കൂട് എന്നുപറഞ്ഞാല്‍ ബേക്കറിയിലേക്കുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്നസ്ഥലം] സത്യത്തില്‍ ഇത് ചെറിയൊരു ചൂളയാണ്..എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വലിയ അടുപ്പുകള്‍..ഇതില്‍ ഹലുവ ഉണ്ടാക്കുന്നവനെ സഹായിക്കുക എന്നതായിരുന്നു എന്റെ ജോലി..ആദ്യമൊക്കെ അടുപ്പിലെ തീയെന്നെ വല്ലാണ്ട് പേടിപ്പെടുത്തിയിരുന്നു..വിയര്‍പ്പില്‍ മുങ്ങുന്ന ശരീരത്തില്‍നിന്നും തോര്‍ത്തുകൊണ്ട് പിഴിയാന്‍ മാത്രം വെള്ളമുണ്ടാവും..പിന്നീട് അതെല്ലാം ജീവിതത്തിന്റെ ഭാഗമായിതീര്‍ന്നു..അന്നെല്ലാം ശരിക്കും ആഘോഷവുമായിരുന്നു..വൈകുന്നേരമാവുമ്പോഴേക്കും വില്‍പ്പനക്ക് പറ്റാത്ത ബിസ്ക്ക്റ്റ് കഷണങ്ങളും മറ്റും എന്റെ കടലാസ് പൊതി നിറക്കുമായിരുന്നു..എല്ലാ ആഴ്ചകളിലും കയ്യില്‍കിട്ടുന്ന കൂലി വീട്ടിലെ അത്യാവശ്യ ചിലവുകള്‍ക്കുകൂടി ഞാന്‍ ഉപയോഗിച്ചു..


      പത്താംക്ലാസിലേക്കുള്ള പ്രവേശനം കേമം തന്നെയായിരുന്നു..അന്നൊന്നും ഞങ്ങളുടെ സ്കൂളില്‍ യൂനിഫോം ഇല്ലാത്തതുകൊണ്ട് നമുക്കിഷ്ടമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്..ഇത്തവണ ക്ലാസ് തുടങ്ങുന്നതിനുമുമ്പേ ഒരുകാര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നു..പത്താംക്ലാസ് അടിച്ചുപൊളിക്കുക..അതിനൊരു പ്രണയം ആവശ്യമാണല്ലോ..വിജയനും വിശ്വനും ഒരു ഡിമാന്റ് വെച്ചു..ഹിന്ദുക്കുട്ടികളെ പ്രേമിക്കരുത്..അങ്ങിനെ പ്രേമിച്ചാല്‍ അവരെന്നെ തല്ലിക്കൊല്ലുമെന്നും പറഞ്ഞു...ഇതിനുമറ്റൊരു കാരണമുണ്ടായിരുന്നു..ഇവരുടെ കുടുംബത്തില്പെട്ട പലകുട്ടികളും അവിടെ പഠിച്ചിരുന്നു..സ്കൂള്‍ തുറന്ന ഉടനെയായിരുന്നു അത്തവണത്തെ ഖൊ-ഖൊ സംസ്ഥനമീറ്റ്...ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും സെലക്ഷനുള്ളതുകൊണ്ട് ഹെഡ്മാസ്റ്ററുടെ പെര്‍മിഷനുവേണ്ടി ഓഫീസിലേക്കു ചെന്നു...രാധേട്ടന്‍ റിട്ടേര്‍ഡായ ഒഴിവിലേക്ക് വന്നത് ചന്തുകുട്ടി മാസ്റ്ററായിരുന്നു..ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ അടുത്ത് കാണുന്നത്.പോവാനുള്ള പെര്‍മിഷന്‍ തന്നശേഷം എന്നോട്പറഞ്ഞു..”താനവിടെ നില്‍ക്ക്..ഒരുകാര്യം പറയാനുണ്ട് “..അല്പം പേടിയോടെ ഞാനവിടെത്തന്നെ നിന്നു...ആദ്യമായിട്ടുകാണുന്ന ഇദ്ദേഹത്തിനെന്താണ് എന്നോട് പറയാനുള്ളത്..എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിട്ടദ്ദേഹം പറഞ്ഞു..“നിന്നെകുറിച്ച് ഞാനറിഞ്ഞു..വല്ലാതെ ഇവിടെകിടന്ന് വിളയണ്ടാ..ഞാന്‍ രാധേട്ടനല്ല..പൊയ്ക്കോളൂ.”..ഓഫീസിന്ന് പുറത്തിറങ്ങിയപ്പോ വിജയനും വിശ്വനും കാത്തുനിന്നിരുന്നു...അവരോട് ഞാന്‍ പറഞ്ഞു “അങ്ങേരെന്നെ പേടിപ്പിച്ചു..രാധേട്ടനല്ല പോലും”..കോട്ടയം പാലായിലായിരുന്നു സ്റ്റേറ്റ് മീറ്റ്..അവിടെയുള്ള ഒരു സ്കൂളിന്റെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് താമസിക്കാന്‍ തന്നത്.സീനിയര്‍ പ്ലയേഴ്സിനുകൂടെയായിരുന്നു താമസം..കുട്ടപ്പനും ഷാജിയുമായിരുന്നു എല്ലാത്തിനും മുന്നില്‍.കളികഴിഞ്ഞാല്‍ ഇവരുടെ വരവ് കള്ളും കുടിച്ചായിരുന്നു..എല്ലാതരത്തിലും ആസ്വദിച്ച ദിവസങ്ങളായിരുന്നു അത്..

കളികഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും യൂത്ത്ഫെസ്റ്റിവലിന്റെ ഒരുക്കത്തിലേക്ക് നീങ്ങിയിരുന്നു.യൂത്ത്ഫെസ്റ്റിവലിന്റെ റിഹേഴ്സല്‍ഹാളിലേക്ക് എനിക്കു പ്രവേശനം നിശിദ്ദമായിരുന്നു..പോയവര്‍ഷങ്ങളില്‍ അല്ലറചില്ലറ വികൃസുകള്‍ ഒപ്പിച്ചതായിരുന്നു കാരണം..എങ്കിലും ഒരു ദിവസം നാടക റിഹേഴ്സലിന്റെ ഹാളില്‍ ഞാന്‍ കയറിക്കൂടി..കൂടെ വാലറ്റവും ഉണ്ടായിരുന്നു..റിഹേഴ്സല്‍ നടക്കുന്നുണ്ടായിരുന്നു..ഗീതയായിരുന്നു രംഗത്ത് ..കൂടെ രാജേഷും..ശ്രീധരന്‍ മാഷായിരുന്നു ഡയലോഗ് പറഞ്ഞുകൊടുത്തിരുന്നത്...ഞാന്‍ ചെന്നപ്പോള്‍ രാജേഷ് ഗീതയോട് പറയുന്നത് “ സഖീ നമുക്കാ പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് പോവാം” എന്നായിരുന്നു..പ്രതീക്ഷിക്കാതെ എന്റെ വായില്‍നിന്നും അതിനു മറുപടിവന്നു..“ എന്തിനാണ് സഖാ തൂറാനാണോ “അവിടെ ഉയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ കൂടെയുള്ളവര്‍ മുങ്ങിയിരുന്നു..ഞാന്‍ മുങ്ങുന്നതിനുമുമ്പേ ശ്രീധരന്‍ മാഷ് എന്നെ പൊക്കിയിരുന്നു.അന്നത്തെ റിഹേഴ്സല്‍ അതോടെ കുളമായി..എന്നേയുംകൊണ്ട് നേരെപ്പോവുന്നത് ഹെഡ്മാസ്റ്ററുടെ അടുത്തേക്കാണെന്ന് എനിക്കുമനസ്സിലായി..ഒടുവില്‍ ഒരായിരം മാപ്പ് പറഞ്ഞ് ഞാനവിടുന്ന് രക്ഷപ്പെട്ടു..പക്ഷേ ഒരു കണ്ടീഷനുണ്ടായിരുന്നു,മേലാല്‍ റിഹേഴ്സല്‍നടക്കുന്ന പരിസരത്തുപോലും കണ്ടുപോവരുതെന്ന്,,

   ടീച്ചേഴ്സ് റൂമിനു പിന്നിലുള്ള ചെറിയകിണറില്‍നിന്നായിരുന്നു ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ ഭക്ഷണം കഴിച്ചപാത്രങ്ങള്‍ കഴുകിയിരുന്നത്.[ഇന്ന് പൈപ്പ് ലൈനുകളുണ്ട്] ചിലപ്പോഴൊക്കെ എങ്ങിനെയോ പാത്രങ്ങള്‍ കിണറില്‍ വീഴുമായിരുന്നു..കിണറിലിറങ്ങിപാത്രം എടുത്ത് കൊടുക്കുകയെന്നത് ഒരു ഹരമായിരുന്നു..ഒരുദിവസം പാത്രം വീണെന്നറിഞ്ഞാണ് ഞങ്ങള്‍ ചെന്നത്, അവിടെ വെളുത്ത് സുന്ദരിയായ ഒരു ഇത്താത്തക്കുട്ടി നിന്നിരുന്നു,കിണറിലിറങ്ങി പാത്രമെടുത്ത്കൊടുത്ത് പോരുമ്പോള്‍ ഞാനവളോട് പറഞ്ഞു “ഇനി ഈ വെള്ളം കുടിക്കണ്ടാ...ഞാനതില്‍ മൂത്രമൊഴിച്ചിട്ടുണ്ട് “ ഈവാര്‍ത്ത സ്കൂളിലെ കുട്ടികളിലെത്താന്‍ അധികം താമസം വേണ്ടിവന്നില്ലാ,കോരുവേട്ടന്റെ മെമ്മോയുമായുള്ള വരവ് കണ്ടപ്പഴേ എനിക്കുതോന്നി അതെനിക്കുള്ളതാണെന്ന്,നേരെ ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക്..ഞാന്‍ തമാശപറഞ്ഞതാണെന്ന് എത്രതന്നെ സത്യം ചെയ്തുപറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ലാ.അദ്ദേഹത്തിനുപറയാനുള്ളത് ഒന്നുമാത്രമായിരുന്നു..കിണറിലുള്ള വെള്ളം മുഴുവനും മോട്ടോര്‍കൊണ്ടുവന്ന് അടിച്ചുവറ്റിക്കുക..അതും എന്റെ ചിലവില്‍,കാരണം ആ കിണറിലുള്ള വെള്ളമായിരുന്നു ടീച്ചേഴ്സും ഉപയോഗിച്ചിരുന്നത്..ഒടുവില്‍ ആദ്യമായി സ്കൂളില്‍ ഞാനൊരു ബക്കറ്റ് പിരിവു നടത്തി...


    യുവജനൊത്സവത്തിന്റെ  ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു,ടാബ്ലോ അവതരിപ്പിക്കാനുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍,ഒടുവില്‍ യേശുവിനെ കുരിശില്‍ തറച്ചിട്ടിരിക്കുന്നത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു,കുറച്ച് നീളവും മുടിയുമുള്ളതുകൊണ്ട് എന്നെതന്നെയാണെല്ലാവരും കുരിശിലേറ്റാന്‍ തീരുമാനിച്ചത്..വലിയൊരു കുരിശുണ്ടാക്കി, കുരിശില്‍ നില്‍ക്കാന്‍ സ്റ്റേജിന്റെപിന്നിലൂടെ വീതികുറഞ്ഞ ഒരു പലക ആരും കാണാത്തരീതിയില്‍ തള്ളിവെച്ചു,ആ പലകയുടെ ചെറിയൊരു ഭാഗം കുരിശില്‍നിന്നും അല്പം മുന്നോട്ട് തള്ളിവെച്ചു..അതിന്റെ അറ്റത്തായിരുന്നു എന്റെ നില്പ്..വളരെകുറഞ്ഞഭാഗം മാത്രമേ പുറത്തേക്കുള്ളു,,അതില്‍ ഒരുവിധം ഞാന്‍ നില്പുറപ്പിച്ചു..കര്‍ട്ടന്‍ പൊങ്ങി..അതേസമയംതന്നെ പിന്നില്‍നിന്നും ആരൊ പലകവലിച്ചു...യേശുവും കുരിശും ഒരു അലര്‍ച്ചയോടെ ഓഡിയനസിന്റെ മുന്നിലേക്ക് തലയും കുത്തിവീണു..പ്രതീക്ഷിക്കാത്തവീഴ്ചയായതുകൊണ്ട് ചില്ലറ പരിക്കുപറ്റി...എല്ലാവരുടേയും ആര്‍പ്പുവിളിയിലും പൊട്ടിച്ചിരിയിലും വേദനസഹിച്ചുകൊണ്ട് അഴിഞ്ഞുവീണ ഉടുതുണിയും പൊക്കിപ്പിടിച്ചുകൊണ്ട് ഞാനോടി...പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഞാനറിഞ്ഞു പലകവലിച്ചത് ശങ്കരനാരായണന്‍ ആയിരുന്നെന്ന്..നല്ലൊരു അടിനടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു ..പക്ഷേ എനിക്കെന്തോ അതിനു തോന്നിയില്ലാ...

    സേവാമന്ദിരം സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അന്നെല്ലാം യുവജനോത്സവത്തിലെ ജഡ് ജ് മാര്‍ക്കൊരു സ്വാര്‍ത്ഥ താല്പര്യം ഉണ്ടായിരുന്നു..കാരണം അതിനുമുമ്പ് നടന്ന രണ്ട് വര്‍ഷങ്ങളിലും മലയാളം പാട്ടിന് ഒന്നാം സമ്മാനം കൊടുത്തത് സ്ക്കൂളിലെ ടീച്ചറുടേ ബന്ധുവായ ഒരു പെണ്‍കുട്ടിക്കായിരുന്നു..ആ കുട്ടിക്ക് അതിനര്‍ഹതയില്ലെങ്കില്‍ പോലും..എന്റെ അടുത്ത സ്നേഹിതനായ സന്തോഷിന്റെ [ സോളാര്‍ ഇലക്ട്രോണിക്സ് ] പെങ്ങള്‍ മലയാളം പാട്ടിനുണ്ടായിരുന്നു..അവള്‍ക്കൊരു ഗിഫ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..രാമനാട്ടുകര ഫേവറൈറ്റ് സ്റ്റൊറില്‍നിന്നും ഒരു പായ്ക്കറ്റ് ചൊക്ലൈറ്റ് വാങ്ങി--കലയില്‍ മാത്രമല്ല പഠിത്തത്തിലും ശ്രദ്ധിക്കുക-- എന്നെഴുതിയ ഒരു കടലാസ് തുണ്ട് ആ പാക്കറ്റിനുകൂടെവച്ചു..ഗിഫ്റ്റ്പേപ്പറില്‍ പൊതിഞ്ഞ് അവളുടെ പേരെഴുതി ഞാന്‍ തങ്കപ്പേട്ടനെ ഏല്പിച്ചു...അദ്ദേഹമാണ് സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്...ഞങ്ങള്‍ കരുതിയപോലെ പാട്ടിന് ഒന്നാം സമ്മാനം കിട്ടിയത് ടീച്ചറുടെ ബന്ധുവിനുതന്നെയായിരുന്നു..ഞാന്‍ കൊടുത്ത ഗിഫ്റ്റ് സന്തോഷിന്റെ പെങ്ങള്‍ക്ക് കൊടുത്തുമില്ലാ..അതിന്റെ കാരണമറിയാന്‍ ഞാനും കൂട്ടുകാരും സ്റ്റേജിന്റെ മുന്നിലേക്ക്ചെന്ന് തങ്കപ്പേട്ടനോട് ചോദിച്ചു...ഹെഡ്മാസ്റ്റര്‍ കൊടുക്കേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് കൊടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു..എങ്കിലതു തിരിച്ചുതരാന്‍ പറഞ്ഞപ്പോള്‍ അത് ഹെഡ്മാസ്റ്റര്‍ പൊട്ടിച്ചെന്നും എല്ലാവരുംകൂടെ തിന്നു എന്നും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു..അതെന്നെ സംബന്ധിച്ച് ഒരു വേദനയായിരുന്നു..എന്റെ ദേഷ്യം എനിക്കടക്കാന്‍ കഴിഞ്ഞില്ലാ..സ്റ്റേജിന്റെ എതിര്‍വശത്തായ് പരിപാടികള്‍ കണ്ടുകൊണ്ട് ഹെഡ്മാസ്റ്ററും അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുഖ്യാഥിതികളും ടീച്ചേഴ്സുമെല്ലാം ഇരുന്നിരുന്നു..ഞാന്‍ നേരെ അങ്ങോട്ടുനടന്നു..അവരുടെ മുന്നില്‍ചെന്ന് ഞാന്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു,”എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു”..അദ്ദേഹം എന്നെയൊന്ന് തുറിച്ചുനോക്കിയിട്ടുപറഞ്ഞു “എന്താണെങ്കിലും പരിപാടി കഴിഞ്ഞിട്ടുപറയാം” എന്ന്..പക്ഷേ എന്റെ ദേഷ്യം എന്നെ വിട്ടുപോയിരുന്നില്ലാ..എനിക്കിപ്പോതന്നെ ചോദിക്കണമെന്നയി ഞാന്‍ ..അപ്പോഴേക്കും സ്റ്റേജിനുമുന്നിലെ കുട്ടികള്‍ എഴുനേറ്റ് നില്‍ക്കുകയും പരിപാടികള്‍ മുടങ്ങുകയും ചെയ്തിരുന്നു..ഞാന്‍ പിന്മാറില്ലെന്നറിഞ്ഞതുകൊണ്ടാവാം എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു..പക്ഷേ അതിനു ഞാന്‍ തയ്യാറല്ലായിരുന്നു..എനിക്കിവിടുന്ന് ചോദിക്കണമെന്നായി ഞാന്‍...അപ്പോഴേക്കുംസ്ക്കൂള്‍ മൊത്തത്തില്‍ ഞങ്ങളെ വളഞ്ഞുകഴിഞ്ഞിരുന്നു..’ഞാന്‍ ഗിഫ്റ്റ് കൊടുത്ത മിഠായി ഏട്ടനെടുത്തൂന്നു പറഞ്ഞു അതെനിക്ക് തിരിച്ചുകിട്ടണം”.പക്ഷേ അദ്ദേഹം വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു “പേഴ്സണല്‍ ഗിഫ്റ്റുകള്‍ കൊടുക്കേണ്ടെന്നാണ് മാനേജ് മെന്റിന്റെ തീരുമാനം ..അതുകൊണ്ടാണത് കൊടുക്കാതിരുന്നത്,,പിന്നെ തന്റേതാണല്ലോന്ന് കരുതി ഞങ്ങളതങ്ങ് തിന്നു”..എങ്കില്‍ ഈ തീരുമാനം ഗിഫ്റ്റ് വാങ്ങുന്നതിനു മുമ്പ് പറയണമായിരുന്നെന്നും ഗിഫ്റ്റ് തിരിച്ചുതരണമെന്നും അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ മാപ്പുപറയണമെന്നും  ഞാന്‍ ശഠിച്ചു..ഇതോടെ ടീച്ചേഴ്സും കുട്ടികളും രണ്ടു ചേരിയിലായി..ഹെഡ്മാസ്റ്റര്‍ ചെയ്തത് തെറ്റാണെന്ന് ഒരുവിഭാഗവും ഞാനാണ് തെറ്റുകാരനെന്ന് മറുവിഭാഗവും...എങ്കിലും വിദ്യാര്‍ത്ഥികളില്‍ ഭുരിഭാഗവും എന്റെ പക്ഷത്തുനിന്നതോടെ എല്ലാപരിപാടികളും മുടങ്ങി...ബാക്കികൊടുക്കാനുള്ള സമ്മാനങ്ങള്‍ അടുത്ത അസംബ്ലിയില്‍ കൊടുക്കുമെന്ന് വിളിച്ചുപറഞ്ഞ് പരിപാടികള്‍ പിരിച്ചുവിട്ടു..എന്നാല്‍ ഹെഡ്മാസ്റ്റര്‍ മാപ്പ് പറയുന്നതുവരെ ക്ലാസുകള്‍ നടക്കില്ലെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു...വിജയേട്ടനും മുരളിയേട്ടനും മറ്റുചില അദ്ധ്യാപകരും എന്റെ കൂടെനിന്നു...പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് സ്ക്കൂള്‍ തുറന്നത്..ക്ലാസ് തുടങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെഡ്മാസ്റ്റര്‍ അസംബ്ലി വിളിച്ചു...എല്ലാകുട്ടികളും കൂട്ടം കൂടി നിന്നു...ഒടുവില്‍ ഓഫീസില്‍നിന്നും പുറത്തേക്ക് വന്ന ഹെഡ്മാസ്റ്റര്‍ കുട്ടികളോടായി പറഞ്ഞു..”ഞാന്‍ ചെയ്തത് ഒരു മാപ്പുപറയാന്‍ മാത്രമുള്ള തെറ്റാണെന്ന് എനിക്കു തോന്നുന്നില്ലാ..നിങ്ങളെയൊക്കെ ഞാന്‍ കാണുന്നത് എന്റെ കുട്ടികളെപ്പോലെയാണ്..ഈ കാര്യത്തില്‍ ചില അദ്ധ്യാപകര്‍പോലും എനിക്കെതിരായതില്‍ അതിയായ ദു:ഖമുണ്ട്..എങ്കിലും ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു’...ഇത്രയും പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് കയറിപ്പോയി...എല്ലാ കുട്ടികളും ആഘോഷിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ എവിടെയോ വേദനിപ്പിച്ചു..അന്ന് ക്ലാസില്‍ കയറാന്‍ എനിക്കു തോന്നിയില്ലാ...ഏതോ ഒരു കുറ്റബോധം എന്നെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു....                ....... വീണ്ടും കാണാം....

Thursday, September 8, 2011

..പൂവിളി..


ബാല്യകാല സ്മൃതിയുടെ പൂവിളികളു....
യരുന്നൊരെന്‍ ഓര്‍മ്മതന്‍ ചെപ്പില്‍..

കാക്ക പ്പൂവുകളറുത്തൊരെന്‍ ...
ബാല്യം തികട്ടുന്നൊരെന്നോര്‍മ്മയില്‍...
 

പോയ കാല സ്മൃതിതന്‍ നൊമ്പരം...
പേറുന്നു ഇന്നു ഞാന്‍....

പൂവിളികളുയരുന്നു അലയൊലിയായ്...
നിറയുന്നു പൂ കൊട്ടകളെങ്ങും...

കളം വരച്ചെഴുതുമീ ചിത്രങ്ങളെങ്ങും...
നിഴലിച്ചു നില്‍ക്കുമെന്‍ മുറ്റം...

കസവിന്റെ പട്ടില്‍ തിളങ്ങുമീ...
വാവ തന്‍ ചുണ്ടിലെ ചിരിയും..

അമ്മതന്‍ കയ്യിലെ പായസ ച്ചോറിന്റെ ...
രുചിയും ഇന്നും മറന്നില്ല ഞാന്‍...

തലമുറകള്‍ മാറി മറയുന്നു വെങ്കിലും...
മായില്ല.....മാവേലി തന്‍ ഊഴം....

വിളമ്പിവെച്ചൊരാ സദ്യതന്‍ നടുവിലായ്...
ഇന്നും മായാതിരിക്കുന്നൊരെന്‍ സ്വപ്നം....

Sunday, August 21, 2011

മണവാട്ടി

ജപമാലകള്‍ വീണുടഞ്ഞു...
ഈ... കാല്‍ വരിക്കുന്നിലെന്‍...
പ്രണയ തമ്പുരുപോലെ......

 പൊട്ടിത്തകര്‍ന്നൊരെന്‍ 
മോഹചഷകമീ...
നീര്‍മണിത്തുള്ളികളായ്....
 കണ്‍ തടങ്ങളില്‍ ഉറ്റിവീഴവേ...


അരമനതന്‍ തഴുതിട്ട വാതിലിന്‍...
പിന്‍ വിരി ആടിയുലയുന്നു.....
ആര്‍ത്തനാദം ഒളിച്ചതെവിടെയോ....

കരഞ്ഞു... പിന്നെയെന്‍...
ഗദ് ഗദം മനസ്സിന്റെ കോണില്‍...
 അലയൊലിയായ് മരിച്ചു വീണു...


പാപത്തിന്‍ കുരിശു പേറുമീ...
വരച്ചുവെച്ചൊരാ ഛായാ ചിത്രം...
പിടഞ്ഞുവോ... വീണ്ടുമൊരു...

യൂദാസിന്‍ കനല്‍ മിഴികളില്‍...
പ്രാണന്‍ പിടഞ്ഞുതീര്‍ന്നൊരാ  മണവാട്ടി...
 ചിരിക്കുന്നുവോ... അതോ കരയുന്നുവോ... 

Tuesday, July 26, 2011

....അവള്‍.....

പ്രിയതേ നിനക്കെന്റെ നൊമ്പരപ്പൂക്കളാല്‍ ചുടുചുംബനം നല്‍കട്ടേ....അറിയാ നിമിഷത്തിന്റെ ഏതോ ഒരു സന്ധ്യയില്‍ കവിതപോലെ എന്നിലേക്കു വന്നവളാണല്ലോ നീ....സന്തോഷത്തിന്റെ നറുമലര്‍ നല്‍കി ഇത്രവേഗം നീ കടന്നുപോയതെന്തേ...ഹൃദയാന്തകാരത്തിന്റെ മൂകതയില്‍ എന്നെ നീ തനിച്ചാക്കിയതെന്തേ....വിങ്ങിപ്പൊട്ടുന്ന എന്റെ മനസ്സിന്റെ ജല്പനം നീ കേള്‍ക്കുന്നുവോ പ്രിയേ......വയ്യ.....കണ്ണുനീര്‍ മുത്തുക്കളില്‍ ഞാന്‍ താഴ്ന്നുപോവുന്നു....എന്റെ മോഹ ചഷകമെവിടെയോ പൊട്ടിത്തകരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.....പേടിയാവുന്നു...ഏതുകയത്തിലാണ് ഞാന്‍ മുങ്ങിത്താഴുന്നത്.......എന്റെ സ്നേഹത്തിന്റെ പാനപാത്രമെവിടെ....എനിക്കു ദാഹിക്കുന്നു....എല്ലാം നീയെനിക്കു നഷ്ടപ്പെടുത്തിയിരിക്കുന്നു....വയ്യാ...എന്റെ ഉള്‍ക്കാമ്പുകള്‍ ചുട്ടുപൊള്ളുന്നു....എവിടെയെന്റെ പൊയ്പോയ കാലത്തിന്റെ മധുര സ്വപ്നങ്ങള്‍....അവയും മരിച്ചിരിക്കുന്നുവോ.....എന്റെ കണ്ണുകളില്‍ ഇരുട്ടുകയറുന്നു....ഒന്നുമെനിക്കു കാണാന്‍ വയ്യാ....ഈ ലോകം മുഴുവന്‍ കറുപ്പിന്റേതായിരിക്കുന്നു.....ആരാണ് ആര്‍ത്തു ചിരിക്കുന്നത്...എന്റെ നഷ്ടപ്പെടുന്ന യൌവ്വനമോ...ഓ....എനിക്കു കാണണ്ടാ....എന്റെ രക്തം മുഴുവന്‍ വാര്‍ന്നുപോവുന്നുവോ....ഹൃദയത്തിന്റെ മുറിവില്‍ നീ എന്നാണിനിയൊന്ന് തലോടുക....ഇല്ല ...അതിനി ഒരിക്കലുമുണ്ടാവില്ലാ....എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ലല്ലോ....മനസ്സേ നീ ഇനിയും ശാന്തമാവത്തതെന്തേ......

Monday, July 4, 2011

എന്റെ ഇന്നലകള്‍....ഭാഗം ..പന്ത്രണ്ട്......വികൃതിത്തരങ്ങള്‍...

ക്രിസ്തുമസ്സ് വെക്കേഷന്‍ സ്കൂളില്‍നിന്നും എസ്കര്‍ഷന്‍ പോവാന്‍ തീരുമാനിച്ചു..ഞാനും വിജയനും വിശ്വനും പേരുകൊടുത്തു...എല്ലാവരും തലേദിവസം രാത്രി സ്ക്കൂളില്‍ തങ്ങാനും പുലര്‍ച്ചെ സ്കൂളില്‍നിന്നും തിരിക്കാനും തീരുമാനിച്ചു...വൈകുന്നേരം അഞ്ച് മണി ആയപ്പോഴേക്കും എല്ലാവരും എത്തിച്ചേര്‍ന്നിരുന്നു...ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഗ്രൌണ്ടിന്നപ്പുറവും ഇപ്പുറവുമുള്ള ക്ലാസുകളായിരുന്നു രാത്രി ഉറങ്ങാന്‍ വേണ്ടി തിരഞ്ഞെടുത്തത്..രാത്രിയില്‍ എന്തെങ്കിലും വേല ഒപ്പിക്കണമല്ലോ എന്ന് കരുതി നടക്കുമ്പോഴാണ് ജമീല മുന്നില്‍ വന്നു ചാടുന്നത്...അവളോട് ഞാന്‍ പറഞ്ഞു “എല്ലാവരും ഉറങ്ങിക്കഴിഞ്ഞാ നീ ക്ലാസിന്റെ ബാക്കിലെ ജനവാതില്‍ തുറന്നിടണം, ഞാന്‍ വരും..നമുക്ക് സംസാരിച്ചിരിക്കാം “, ആദ്യം പേടിയാണെന്ന് പറഞ്ഞെങ്കിലും പിന്നെ അവളതിനു സമ്മതിച്ചു..വിജയനോടും വിശ്വനൊടും ഞാന്‍ പറഞ്ഞു “ അവളവിടെ ജനവാതിലും തുറന്നിരിക്കട്ടേ..നമുക്ക് സുഖമായി ഉറങ്ങാം “...പക്ഷേ അതിനവര്‍ സമ്മതിച്ചില്ലാ..അങ്ങിനെ ചെയ്യാന്‍ പാടില്ലാ..എന്തുവന്നാലും പോവണമെന്നവര്‍ പറഞ്ഞു...അവരും കൂടെ വരാമെന്നേറ്റു...രാത്രി ഏകദേശം പന്ത്രണ്ട് മണിയെങ്കിലും കഴിഞ്ഞുകാണും, കൂടെ കിടക്കുന്നവരൊക്കെ ഉറങ്ങീയെന്ന് ഉറപ്പുവരുത്തി ഞങ്ങളെഴുന്നേറ്റ് പതുക്കെ പുറത്തുകടന്നു...ജമീല കിടക്കുന്നിടത്തെത്താന്‍ രണ്ടുവഴികളേയുള്ളു...ഒന്ന് ഗ്രൌണ്ട് ക്രോസ് ചെയ്തുപോണം..അതത്ര സുഖമുള്ള കാര്യമല്ലാ..കാരണം ഞങ്ങളെപ്പോലെ വല്ലവരും ഉണര്‍ന്നിരിക്കുന്നെങ്കില്‍ അവര്‍ ഞങ്ങളെകാണുമന്നും പിടിക്കപ്പെടുമെന്നും ഉറപ്പ്...പിന്നെയുള്ളത് ടീച്ചേഴ്സ് റൂമിനു പിന്നിലൂടെ കിണറും ചുറ്റിവരണം..ആ വഴി ഞങ്ങള്‍ തിരഞ്ഞെടുത്തു..ടീച്ചേഴ്സ് റൂമിന് ഞങ്ങളെക്കാളും ഉയരമുള്ള ഭിത്തിയാണ്..അരച്ചുമരില്‍നിന്നും മുകളിലോട്ട് ഗ്രിത്സ് വച്ചുപിടിപ്പിച്ചിട്ടുണ്ട്...ഞങ്ങള്‍ വളരെ പതുക്കെ ശബ്ദമുണ്ടാക്കാതെ ടീച്ചേഴ്സ് റൂമിനടുത്തെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു നേരിയ ശബ്ദം ഞങ്ങളെ പിടിച്ചുനിര്‍ത്തി..വിശ്വന്‍ എന്റെ കയ്യില്‍ പിടിച്ചുവലിച്ചെങ്കിലും ഞാന്‍ അനങ്ങിയില്ലാ...ആ ശബ്ദം എന്താണെന്നറിയാതെ അവിടെനിന്നും പോവാന്‍ എനിക്കു തോന്നിയില്ലാ...വിജയനോട് ഞാന്‍ ശബ്ദമില്ലാത്ത ഭാഷയില്‍ അല്പം കുനിഞ്ഞുനിന്ന് എന്നെ ഉയര്‍ത്താന്‍ പറഞ്ഞു..അല്പം ഉയരാതെ അതിനുള്ളിലേക്ക് കാണില്ലായിരുന്നു...ഗ്രിത്സില്‍ പിടിച്ച് പതുക്കെ ഉയര്‍ന്ന ഞാന്‍ ഒരു നിമിഷം മിഴിച്ചു നിന്നുപോയി..
;നിലാവില്ലാത്ത ആ രാത്രിയില്‍ ഒളിഞ്ഞുനോക്കുന്ന അമ്പിളിമാമന്റെ മേഘം മറക്കാത്ത ഏതോ ഒരു കണിക എന്റെ കണ്ണിലൂടെ നഗ്നമായിക്കിടക്കുന്ന രണ്ടുശരീരങ്ങളിലേക്കരിച്ചെത്തിയപ്പോള്‍ എന്റെ വിരലുകള്‍ ഗ്രിത്സില്‍നിന്നും പിടിവിട്ടുപോയി....അതോടെ വിജയന്റെ ശരീരത്തിന് എന്നെ താങ്ങാനുള്ള കണ്ട്രോള്‍ നഷ്ടപ്പെട്ടു,ഗ്രിത്സിലൂടെ എന്റെ വിരലുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഞാനും വിജയനും താഴേക്കുവീണു..ആ വീഴ്ചയില്‍ ഞാന്‍ കണ്ടിരുന്നു..വസ്ത്രങ്ങളില്ലാത്ത രണ്ടു ശരീരങ്ങള്‍ ഭീതിയൊടെ ചാടിയെഴുനേല്‍ക്കുന്ന രംഗം...തോമസൂട്ടീ വിട്ടോടാ എന്നുപറയുന്നതിനുപകരം വിജയാ ഓടിക്കോ എന്നും പറഞ്ഞ് ഞാന്‍ തിരിഞ്ഞൊടി...കൂടെ വിശ്വനും വിജയനും...ഓടിക്കയറിയ ക്ലാസ് റൂമില്‍ കിടന്നുറങ്ങുന്ന ആരുടൊക്കെ ശരീരത്തിലൂടെയാണ് ഞങ്ങള്‍ ചവിട്ടിക്കയറിയതെന്നറിയില്ല,,,ആരുടൊക്കെയോ ശബ്ദങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നു...ക്ലാസിന്റെ ഒരു മൂലയില്‍ വിരിച്ചിട്ട ബെഡ് ഷീറ്റിലേക്ക് ഞങ്ങള്‍ മൂന്നുപേരും വീണു...പേടിയാണൊ അതോ ഒരിക്കലും കണ്ടിട്ടില്ലാത്തത് കണ്ടതിലുള്ള അത്ഭുതമാണോ ..ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു...

പുലര്‍ച്ചെ അഞ്ചുമണിക്ക് ബെല്ലടികേട്ടാണ് ഞങ്ങളുണര്‍ന്നത്..രാത്രിയിലെ വീഴ്ചകൊണ്ടാവാം ശരീരം മുഴുവന്‍ വേദനിക്കുന്നുണ്ടായിരുന്നു..പലരുടേയും സംസാരവിഷയം രാത്രിയില്‍ വന്ന കള്ളനെകുറിച്ചായിരുന്നു...എല്ലാവരും സ്വന്തം ബാഗുകള്‍ തുറന്നുനോക്കുന്നുണ്ടായിരുന്നു...ഞങ്ങള്‍ മൂന്നുപേരും ഒന്നും അറിയാത്തവരെപ്പോലെ തോര്‍ത്തുമെടുത്ത് സ്കൂളിന്റെ തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നു..നല്ല ഇരുട്ടുണ്ടായിരുന്നെങ്കിലും ആ കുളവും പടവുകളും ഞങ്ങള്‍ക്ക് പരിചിതമായിരുന്നതുകൊണ്ട് പേടിതോന്നിയില്ലാ...രാത്രിയില്‍ ഞാനെന്താണ് കണ്ടതെന്ന് വിജയനും വിശ്വനും ചോദിച്ചുകൊണ്ടേയിരുന്നു..എങ്ങിനെ പറയും..ഞാന്‍ കണ്ടത് ഒരു കേളീരംഗമായിരുന്നെന്ന്..അവിടെ രണ്ടുപേര്‍ ഉറങ്ങുന്നതുകണ്ടുവെന്ന് ഞാനവരോട് പറഞ്ഞു..പൂര്‍ണ്ണമായും അവരത് വിശ്വസിച്ചിരുന്നില്ലാ...
എല്ലാവരും യാത്രക്കുള്ള ഒരുക്കത്തോടെ ഗ്രൌണ്ടിലേക്കുവന്നപ്പോള്‍ എന്നെ പേടിപ്പെടുത്തുന്ന നോട്ടവുമായി ജമീല മുന്നില്‍തന്നെയുണ്ടായിരുന്നു..വിജയന്റേയും വിശ്വന്റേയും അവളെനോക്കിയുള്ളചിരി അവളെ കൂടുതല്‍ ദേഷ്യപ്പെടുത്തുന്നതായി എനിക്കുതോന്നി...പാവം ഉറങ്ങാതെ എന്നെയും കാത്തിരുന്നിട്ടുണ്ടാവും..യാത്രയിലുടനീളം ഞാനവളെ ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..എങ്കിലും ഒരു ദുര്‍ഭൂതംകണക്കേ അവളെന്നെ പിന്തുടരുന്നുണ്ടായിരുന്നു...ഇതിലുംവലിയ പ്രശ്നമായിരുന്നു കൂടെയുള്ള ടീച്ചറും മാഷും...അവര്‍ക്കെന്നൊടെന്തല്ലാമോ പറയാനും ചോദിക്കാനുമുണ്ടെന്ന് എനിക്കുതോന്നി..ഇന്നലെ രാത്രിയില്‍നടന്ന സംഭവം അവരെവല്ലാണ്ട് അലട്ടുന്നുണ്ടായിരുന്നു...എന്റെ ശബ്ദം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും..എങ്കിലും ഒന്നുമറിയാത്തവനെപ്പോലെ ഞാനവരുടെ മുന്നിലൂടെ നടന്നു....

ക്രിസ്തുമസ്സ് വെക്കേഷന്‍ കഴിഞ്ഞ് ക്ലാസ് തുടങ്ങി രണ്ടാമത്തെദിവസം..ഓഫീസിനുമുന്നിലെ ബദാം മരത്തിന്റെ ചുവട്ടിലേക്കുമാറ്റിനിറുത്തി ടീച്ചര്‍ എന്നോടുചോദിച്ചു..നീ എന്തിനായിരുന്നു അന്ന് രാത്രി അവിടെവന്നത്..നിന്റെകൂടെ ആരെല്ലാമുണ്ടായിരുന്നു..ഒന്നുമറിയാത്തവനെപ്പോലെ ഞാന്‍ ടീച്ചറെനോക്കി..എങ്കിലും ടീച്ചര്‍ പറഞ്ഞു..നീ കളവുപറയാന്‍ ശ്രമിക്കണ്ടാ..നിന്റെ ശബ്ദം ഞാന്‍ കേട്ടതാണ്..നിനക്കറിയാലോ ഞാനും മാഷും അങ്ങിനെയാണെന്ന്..നീ ഇതാരോടെങ്കിലും പറഞ്ഞോ..നിന്റെ കൂടെയുള്ളവര്‍ അറിയുമോ..അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍..എല്ലാത്തിനും ഇല്ലായെന്ന തലയാട്ടല്‍മാത്രം ഞാന്‍ നടത്തി...ആരോടും ഒന്നും പറയരുതെന്നും പറഞ്ഞ് എന്റെ തലയില്‍ തലോടികൊണ്ട് ടീച്ചര്‍ ഓഫീസിലേക്കുകയറിപ്പോയി....” ആ തലോടലില്‍ ഒരു സ്നേഹത്തിന്റെ കുളിര്‍ എന്റെ ശരീരത്തിലൂടെ ഒഴുകിയിറങ്ങി...അതില്‍ ഒരു വാത്സല്ല്യമുണ്ടായിരുന്നു “...ദിവസങ്ങള്‍ക്കുശേഷം പ്യൂണ്‍ കോരുവേട്ടന്‍ എന്നോടുവന്നുപറഞ്ഞു “ നീ ഊണുകഴിക്കാന്‍ പോവുമ്പോ ചേച്ചിയെ [ഞങ്ങളുടെ സ്കൂളില്‍ ഏട്ടന്‍ ചേച്ചിയെന്നാണ് ടീച്ചേഴ്സിനെ വിളിക്കാറ് ] കാണാന്‍ പറഞ്ഞിട്ടുണ്ട് “...എന്തോ മനസ്സിലൊരു പേടി കടന്നുകൂടിയിരുന്നു..എന്തിനാവും.. അന്നത്തെവല്ല പ്രശ്നവുമാവുമോ..അല്പം പേടിയൊടെയാഞാന്‍ ടീച്ചേഴ്സ് റൂമിലേക്ക് കയറിയത്..ഇരിക്കന്‍ പറഞ്ഞശേഷം ഒരു അടപ്പുള്ളപാത്രം എന്റെ മുന്നിലേക്ക് നീക്കിവച്ചിട്ട്പറഞ്ഞു..”ഇതു നിനക്കുള്ള ഊണാണ്, ഇവിടിരുന്ന് കഴിച്ചോളൂ “..വേണ്ടെന്ന്പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചിരുത്തി എന്നെകൊണ്ടത് കഴിപ്പിച്ചു..കൂടെ ചേച്ചിയും കഴിക്കുന്നുണ്ടായിരുന്നു..” എന്റെ കണ്ണുകളില്‍ പൊടിഞ്ഞിറങ്ങിയ നീര്‍കണങ്ങളെ നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞില്ലാ’ അതുകണ്ടിട്ടും കണ്ടില്ലെന്നുനടിച്ചുകൊണ്ട് എന്നോടുചോദിച്ചു..” നീ എന്തിനാ എന്നും ഉച്ചക്ക് വീട്ടിലേക്കുപോവുന്നത്..നിന്റെവീട്ടില്‍ ഒന്നുമുണ്ടാവില്ലെന്ന് എനിക്കറിയാം “..സത്യങ്ങളെല്ലാം ചേച്ചി മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കുതോന്നി..കളവുപറയാന്‍ എനിക്കുകഴിഞ്ഞില്ലാ...ഞാന്‍ പറഞ്ഞു..” ശരിയാണ് ചേച്ചി..എന്റെവീട്ടില്‍ ഉച്ചക്കൊന്നും ഉണ്ടാവാറില്ലാ..എല്ലാകുട്ടികളും പോവുമ്പോ ഞാന്‍ മാത്രം ഇവിടിരുന്നാല്‍ അതിന്റെകാരണം പലര്‍ക്കും അറിയേണ്ടിവരും..അതുകൊണ്ട് എല്ലാവരുടേയുംകൂടെ ഞാനും പൊവുന്നു..വീട്ടില്‍ചെന്ന് കുറച്ച് വെള്ളവുംകുടിച്ച് എല്ലാവരെപ്പോലെ ഞാനും തിരിച്ചുവരുന്നു..ചേച്ചിയെല്ലാം അന്വേഷിച്ചറിഞ്ഞല്ലേ “..പിന്നീട് ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ ആരും ഒന്നും പറഞ്ഞില്ലാ..കൈകഴുകി പോരാന്‍നേരം ചേച്ചി എന്നോടുപറഞ്ഞു..”നാളെമുതല്‍ ഉച്ചക്ക് നീ ഇവിടുത്തെ ഹോട്ടലീന്ന് കഴിച്ചാല്‍മതി,,ഞാനവിടെ പണം കൊടുത്തോളാം “...ചേച്ചിയുടെ മുഖത്തേക്കുനോക്കി ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..” വേണ്ട ചേച്ചി,,എനിക്കത് ചേച്ചിയേക്കാള്‍ വലിയൊരു ബാദ്ധ്യതയായിത്തീരും,,കാരണം ഇനി എനിക്കിവിടെ ഒരുവര്‍ഷമേയുള്ളൂ,,ഈയൊരുവര്‍ഷം ചേച്ചി എനിക്കു ഭക്ഷണംതരും,,അതുകഴിഞ്ഞാല്‍ ഉച്ചസമയത്ത് എനിക്കു വിശക്കുമ്പൊള്‍ ഞാന്‍ തെരുവിലിറങ്ങി കൈ നീട്ടണ്ടേ,,വിശപ്പ് എന്നെ സംബന്ധിച്ച് ഒരു ശീലമായ കാര്യമാണ്,,അതങ്ങിനെത്തന്നെ നിന്നോട്ടേ “...കുറച്ചുസമയം എന്റെ ചുമലില്‍ പിടിച്ചുനിന്നിട്ട് എന്നോടുപറഞ്ഞു,” ഞാന്‍ നിര്‍ബന്ധിക്കില്ലാ,,നിന്നെഞാന്‍ മനസ്സിലാക്കിയിരിക്കുന്നു,,എങ്കിലും ഒരുകാര്യം സ്കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ നീ എന്റെ വീട്ടില്‍ വരണം,,അത് നിന്റെ വീടുകൂടിയാണെന്ന് കരുതുക “

പിന്നീട് പലപ്പൊഴും ഞാനാവീട്ടില്‍ പൊവുമായിരുന്നു..നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നസ്ഥലത്ത് വലിയൊരുവീട്..ചേച്ചിയും ചേച്ചിക്കൊരു ചേച്ചിയും [അവരും ടീച്ചറാണ് ] അമ്മയും മാത്രം..”സ്നേഹവാത്സല്ല്യങ്ങളുടെ നിറകുടമായിരുന്നു ഇവര്‍ മൂന്നുപേരും...ചേച്ചിയുടെകൂടെ ആതൊടിയിലൂടെ വെറുതേനടക്കുമ്പോള്‍ എനിക്കു തോന്നുമായിരുന്നു...”“ സത്യത്തില്‍ ഞാനും ഒന്നുമില്ലാത്ത ഒരു ഭാഗ്യവാന്‍ തന്നെയല്ലേയെന്ന് “”

<<<< ഇതുവഴി ഇനിയും വരാം >>>>>

Saturday, June 18, 2011

അവന്‍


[പതിമൂന്നു വയസ്സുകാരന്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...ഈ പ്രായത്തില്‍ അതിനു കഴിയുമോ...അല്‍ഭുതവും പേടിയും തോന്നുന്നു....സാക്ഷരകേരളം എങ്ങോട്ട് ]ഇളം പൈതലറിഞ്ഞില്ലാ....

കൊടും പാപക്കറയുടെ അന്ത്യം...

തന്‍ മൃത്യുവിന്റെ രോദനം...

കേട്ടില്ലാ ആ കുരുന്നപ്പഴും.....കാമവെറിയനല്ലിവന്‍....പിന്നെയും...

ചെയ്തികള്‍ നൊമ്പരമൂട്ടുന്നു എന്നില്‍...

ആരാണ് തെറ്റുകാര്‍.....ഈ

കൊടും പാപം ചെയ്തവനോ...അതോ

സമൂഹമോ...അവന്റെ പിതാക്കളോ...വിഷം ചീറ്റുന്ന ചാനലുകളും....

ബ്ലൂ ടൂത്തിലെ നഗ്നതയും കണ്ടിരിക്കാം....

കുടിലിലൊരുവേള ഉറക്കച്ചടവിലവന്‍...

കണ്ടിരിക്കാം ഏതോ ഒരുവന്റെ കേളിയും...ആരാണു തെറ്റുകാര്‍....

നാമെന്ന സമൂഹമോ....അതോ

ജന്മം കൊടുത്ത ബന്ധങ്ങളോ....അറിയില്ലയീ

പാപം ഏതു പാപനാശിനിയില്‍ ഒഴുക്കുമെന്ന്.....മരിക്കുന്നു മനസ്സുകള്‍....തേങ്ങുന്നു

മകളേ നിനക്കുവേണ്ടി...

ഒഴുക്കാം രണ്ടിറ്റുകണ്ണുനീര്‍...

പിടഞ്ഞുതീര്‍ന്ന നിന്റെ പിഞ്ചു ജീവനുവേണ്ടി.....

സര്‍ദാര്‍

Monday, June 6, 2011

വേര്‍പിരിയല്‍ ...

എന്റെ ഇന്നലെകള്‍...  ഭാഗം പതിനൊന്ന്..
ഒമ്പതാം ക്ലാസിന്റെ തുടക്കം സേവാമന്ദിരത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഞങ്ങള്‍ ആരംഭം കുറിച്ചത്...അതുവരെ രാഷ്ട്ര്രീയമോ സ്റ്റുഡന്റ് സംഘടനകളോ കയറിയിറങ്ങാത്ത സ്കൂളില്‍ അന്നാദ്യമായി ഞങ്ങള്‍ കെ.എസ്.യു. വിന്റെ കൊടി ഉയര്‍ത്തി..അത് ഇന്ദിരാഗാന്ധിയെ ശത്രുവിനെപ്പോലെ കണ്ടിരുന്ന ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണമേനോനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു...കാരണം രാധേട്ടന്‍ സര്‍വ്വോദയ സംഘത്തിന്റെ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നേതാവായിരുന്നു...ഇന്ദിരാജിയും രാധേട്ടനും ഒന്നിച്ചു പഠിച്ചവരായിരുന്നിട്ടുപോലും അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാജി രാധേട്ടനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു...ഞങ്ങളെ ഓഫീസിലേക്ക് വിളിച്ച് ഉയര്‍ത്തിയ കൊടി അഴിച്ചില്ലെങ്കില്‍ ടി.സി.തന്നു വിടുമെന്ന് പറഞ്ഞു....പിന്നീട് കോണ്‍ഗ്രസ്സിന്റെ കുറേ കുറ്റങ്ങളും..അതേസമയം പുറത്ത് എസ്.ഫ്.ഐ യുടെ കൊടി ഉയരുന്നുണ്ടായിരുന്നു...കുറച്ചുദിവസങ്ങള്‍ ഇതൊരു വലിയപ്രശ്നമായിതന്നെ തുടര്‍ന്നുകൊണ്ടിരുന്നു...ഒടുവില്‍ കൊടികള്‍ അങ്ങിനെ നിറുത്താനും രാഷ്ട്ര്രീയ പ്രശ്നങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടിലേക്ക് കടത്തരുതെന്ന വാണിംഗും തന്ന് ഞങ്ങളെ വിട്ടു....എങ്കിലും അധികം താമസിയാതെ മറ്റൊരു സമരത്തിന് ഞങ്ങള്‍ കോപ്പുകൂട്ടുകയായിരുന്നു...ഈ സമരം രാഷ്ട്ര്രീയമായിരുന്നില്ലാ...ആദ്യം ഞാനെഴുതിയിരുന്നല്ലോ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് പോവാന്‍ ഒരു പിരീഡ് നേരത്തെ ഞങ്ങളിറങ്ങുന്നതുകൊണ്ട് ഒരുവിഷയം ഞങ്ങള്‍ക്ക് അഥവാ മുസ്ലീംകുട്ടികള്‍ക്ക് നഷ്ടമായിരുന്നു..ഈ കാര്യം ഹെഡ്മാസ്റ്ററുമായി സംസാരിച്ചിരുന്നെങ്കിലും ഒരു തീരുമാനവും വന്നിരുന്നില്ലാ...ഒടുവില്‍ ഞങ്ങള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു...സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി മൂന്നുദിവസം നീണ്ടുനിന്ന സമരം...ക്ലാസുകള്‍ മുടങ്ങി..

Friday, May 27, 2011

....................അയാള്‍ മരിച്ചുവോ..........

അയാള്‍ മരിച്ചുവോ....

അധിനിവേഷത്തിന്റെ കാവല്‍ക്കാരന്‍...

പ്രകൃതിയുടെ ചരമകോളത്തിലെ.....

രക്ത പങ്കിലമായ ഒരു നാമം..ഫാസിസത്തിന്റെ മുള്ളുകള്‍ കോര്‍ത്ത...

ഫ്യൂഡലിസത്തിന്റെ മെത്തയില്‍

നിങ്ങള്‍ തീര്‍ത്തവന്‍....രണഭൂമിയിലേക്ക് നിങ്ങളെയ്തുവിട്ട...

വര്‍ഗ്ഗീയതയുടെ വിഷം നിറച്ച അമ്പ്...

ഇവര്‍ കൊയ്തെടുത്ത കബന്ധങ്ങള്‍...

നിങ്ങള്‍ തീര്‍ത്ത കുരുതി ക്കളങ്ങള്‍....നിങ്ങളെറിഞ്ഞ തീ പന്തങ്ങളില്‍ ...

എണ്ണപ്പാടങ്ങള്‍ എരിഞ്ഞടങ്ങുന്നു...

രക്തക്കളങ്ങളില്‍ പിടഞ്ഞു തീരുന്നു...

ബാല്യ....യൌവ്വനങ്ങള്‍....രക്ത ബന്ധങ്ങള്‍ക്കുപോലും വിലപേശുന്ന....

നിങ്ങള്‍ക്കെവിടെയാണ് മനുഷ്യത്വം.....ഓര്‍ക്കുക ..ഇന്നല്ലങ്കില്‍ നാളെ

നിങ്ങളേയും ഒരു ഇരുട്ടിന്റെ

കറുത്ത പര്‍ദ്ദ മൂടിയേക്കാം...

ജിനിച്ചുവീഴാനുള്ള നിങ്ങളുടെ പൈതങ്ങള്‍...

ആ കറുപ്പില്‍ ഇല്ലാതാവുന്ന കാലം വിദൂരമല്ലാ...

Tuesday, May 17, 2011

.......സുധാ വര്‍മ്മ.............

    ഇത് ഞാനെഴുതുന്നത് 1986 ല്‍... ബോംബെയില്‍ നിന്നും പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ജീവിതത്തിന്റെ ചെറിയൊരുഭാഗം.....
             മനസ്സിന്റെ വേദനമുഴുവന്‍ കടിച്ചമര്‍ത്തികൊണ്ട് ഞാനവളോട് ചോദിച്ചു...”എങ്ങിനെ നീയീ നശിച്ച ജീവിതത്തിലെത്തിപ്പെട്ടു “ഒന്നും പറയാതെ കൈകളില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു...നശിച്ച വേശ്യാലയത്തിലേക്കെന്നെ ക്ഷണിച്ച സുഹൃത്തിനേയും വരാന്‍ തോന്നിയ നിമിഷത്തേയും ശപിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ പൊട്ടിക്കരച്ചിലിന്റെ ശബ്ദവും വിളറിവെളുത്ത സുധാവര്‍മ്മയുടെ മുഖവും മാത്രമായിരുന്നു മനസ്സില്‍...


             മുറിയുടെ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ വിയര്‍ത്ത് കിടക്കുമ്പോഴും ചിന്തമുഴുവന്‍ അവളെ കുറിച്ചായിരുന്നു...എന്നോ എങ്ങിനെയോ മനസ്സിലേക്കു കടന്നുവന്ന വെളുത്ത് കൊലുന്നയെയുള്ള തമ്പുരാട്ടിക്കുട്ടി....ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ നടയില്‍ ആല്‍ത്തറയുടെ പഴകിയ കല്‍കെട്ടിനുമീതെ എന്നും അവളേയും കാത്തിരിക്കുമായിരുന്നു...ഒരിഴകെട്ടിയ മുടിക്കെട്ടില്‍ തുളസിലത്തുമ്പും നെറ്റിയിലെ ചന്ദനക്കുറിയും കാച്ചിയ എണ്ണയുടെ മണവും എന്നെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു....ഒരിക്കലും തുറന്നുപറയാന്‍ കഴിയാത്ത സ്നേഹത്തിന്റെ വ്യര്‍ത്ഥത എപ്പോഴെല്ലാമോ മനസ്സില്‍ ദു:ഖമായി പെയ്തിറങ്ങിയപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ മുഖം സ്വാന്തനമായി എത്തുമായിരുന്നു...സ്വപ്നങ്ങളുടെ ആഴങ്ങളില്‍ അവളെന്നില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗാനുഭൂതികള്‍ക്ക് ചിറകുമുളക്കുമായിരുന്നു...അവയെല്ലാം യാഥാര്‍ത്ത്യമാവാന്‍ നേര്‍ന്ന വഴിപാടുകള്‍ക്കൊടുവില്‍ സത്യം നൊമ്പരമായി എന്നിലേക്കു കടന്നുവന്നു...വിശ്വസിക്കാന്‍ കഴിയാത്ത വാദ്യമേളങ്ങള്‍ക്കു നടുവില്‍ ഏതോ ഒരു കിഴവന്റെ വിറക്കുന്ന കൈകള്‍ അവളുടെ കഴുത്തില്‍ താലികെട്ടിയപ്പോള്‍ ഞാനും ആല്‍ത്തറയും മാത്രം ബാക്കിയായി....ഒടുവില്‍ എല്ലാ നൊമ്പരങ്ങളും പേറി ബോംബെയെന്ന മഹാ നഗരത്തിലേക്ക് വണ്ടികയറുമ്പോള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു....ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോവുന്നതിനുമുമ്പ് ......ഇവിടെ...ഇങ്ങിനെ.....
               ഡോര്‍ബെല്ലിന്റെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി....വാതിലിനുമുന്നില്‍ കുറ്റബോധത്തോടെ നില്‍ക്കുന്ന സുഹൃത്ത്....അല്പനിമിഷത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു.....” സോറി.....അവള്‍ ആത്മഹത്യചെയ്തു “....
                    ഒന്നും പറയാന്‍ കഴിഞ്ഞില്ലാ.....എന്തെല്ലാമോ വീണുടയുന്നു....ആരെല്ലാമോ വാവിട്ടു കരയുന്നു....മനസ്സിന്റെ പൊട്ടിക്കരച്ചില്‍ വിജനതയുടെ കൂരിരുട്ടില്‍ അലിഞ്ഞു ചേര്‍ന്നു....ഓര്‍മ്മകളുടെ തടവറയിലേക്ക് രണ്ടിറ്റു കണ്ണുനീര്‍കൂടി........

Tuesday, April 26, 2011

സര്‍ദാറിന്റെ കഥ.....

         എട്ടാം തരത്തിലെ കൊല്ലപ്പരീക്ഷയും കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നെങ്കിലും എനിക്കത് വലിയ വിഷമമായിരുന്നു...പ്രണയിക്കുന്നവന്റെ വിഷമം..അല്ലെങ്കില്‍ എന്നും കണ്ടുകൊണ്ടിരിക്കുന്ന ആനന്ദിനെ ഇനിയെന്നുകാണും എന്ന വിഷമം...രണ്ടുമാസ വെക്കേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പതാം ക്ലാസിലേക്കുള്ള ബുക്കും ഡ്രസ്സും വാങ്ങാനുള്ള ജോലി തേടലായിരുന്നു...മുഴുവനും വാങ്ങാന്‍ കഴിയാത്തതോണ്ട് രണ്ട് വിഷയത്തി   നൊരു നോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്..  

Friday, April 15, 2011

ഒരു പ്രണയം പുഷ്പിക്കുന്നുഎന്റെ ഇന്നലെകള്‍ ഭാഗം ഒമ്പത്...


തിങ്കളാഴ്ച അല്പം വൈകിയാണ് ഞാന്‍ സ്കൂളിലേക്കു പോയത്... എങ്കിലും എന്നെ സ്വീകരിക്കാന്‍ ശങ്കരനാരായണനും കൂട്ടരും ഗൈറ്റില്‍ തന്നെ കാത്തുനിന്നിരുന്നു.... എന്നെ കണ്ടപ്പഴേ അവര്‍ കൂവ് തുടങ്ങി...  "നമ്മുടെ കാമുകന്‍ വന്നേ “ എന്നുപറഞ്ഞുകൊണ്ടായിരുന്നു കൂവിയിരുന്നത്... ഒന്നും പറയാതെ ഞാനെന്റെ ക്ലാസിലേക്കു നടന്നു...എന്നെ കണ്ടപ്പോഴേ ക്ലാസിലെ കുട്ടികള്‍ ചിരിതുടങ്ങിയിരുന്നു.... ആനന്ദ് എന്റെ മുഖത്തേക്കു നോക്കാതെ ഏതോ പുസ്തകത്തില്‍ നോക്കികൊണ്ടിരുന്നു..

Tuesday, April 12, 2011

ആദ്യത്തെ പ്രണയ ലേഖനം...

എന്റെ ഇന്നലകള്‍....ഭാഗം...എട്ട്


സ്കൂള്‍ പൂട്ടിയതോടെ വിശപ്പ് എന്റെ ശത്രുവായി...ആ സമയത്ത് എന്റെ അമ്മായിയുടെ മകള്‍ അടുത്തുള്ള ഹാജിയാരുടെ വീട്ടില്‍ ജോലിക്കുപോയി തുടങ്ങിയിരുന്നു....അവാരെന്നോടു ചോദിച്ചു... ആ വീട്ടില്‍ സാധനങ്ങള്‍ വാങ്ങികൊടുക്കാന്‍ ഒരു കുട്ടിവേണം...നീ വരുന്നോന്ന്...രാവിലെ മദ്രസ്സകഴിഞ്ഞാല്‍ നേരെ അങ്ങോട്ടുപോവും...അവിടേക്കുള്ള സാധനങ്ങളെല്ലാം എഴുതി ശീട്ടാക്കി വാങ്ങികൊടുക്കും.... ഹാജിയാരുടെ വീട്ടിന്റെ അടുക്കളത്തിണ്ണയില്‍ വിളമ്പിവെച്ച ചോറിന്നും എന്റെ നാവില്‍ മധുരം നല്‍കുന്നു..

Wednesday, April 6, 2011

എന്റെ ഇന്നലകള്‍.. ഏഴ് [ ആനന്ദ് ]

പിന്നീടുള്ള ദിവസങ്ങള്‍ എന്റെ കണ്ണുകള്‍ അവളുടെ പിറകെയായിരുന്നു...ഒരു നല്ല ഡ്രസ്സുപൊലുമില്ലാത്ത എന്നെ അവള്‍ ശ്രദ്ധിക്കില്ലെന്നെനിക്കറിയാമായിരുന്നിട്ടും എന്തോ എന്റെ കണ്ണുകള്‍ പിന്‍ വലിക്കാന്‍ എനിക്കു താല്പര്യമില്ലായൊരുന്നു...എന്റെ കൂടെ പഠിക്കുന്ന ശങ്കരനാരായണന്‍ ( ഇദ്ദേഹം ഇന്ന് ജിദ്ദയിലുണ്ട് ) എങ്ങിനെയോ ഇത് മണത്തറിഞ്ഞിരുന്നു....ഒരിക്കലവന്‍ എന്നോട് പറഞ്ഞു...അവളുടെ പിന്നാലെയുള്ള നടത്തം നിറുത്താന്‍...കാരണം അവള്‍ എന്റെ നാട്ടിലെ അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബത്തിലെ ഒരു ഡോക്ടറുടെ പെങ്ങടെ മകളായിരുന്നു....അവന്റെ സ്വരത്തില്‍ ഒരു ഭീഷണിയുണ്ടായിരുന്നു...അന്നുമുതല്‍ അവനെന്റെ കണ്ണില്‍ വില്ലന്‍ വേഷം കെട്ടിയാടാന്‍ തുടങ്ങി....( പക്ഷേ ഇവന്‍ ഇന്നെന്റെ ഏറ്റവും അടുത്ത സുഹൃത്താണ്..) 

Monday, March 28, 2011

മുംതാസ്
എന്റെ ഇന്നലകള്‍ ഭാഗം ആറ്

അഞ്ചാം ക്ലാസില്‍ നിന്നും ആറാം ക്ലാസിലേക്ക് കടക്കുമ്പോള്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു...മുംതാസും എന്റെ ക്ലാസിലാവണേയെന്ന്....അങ്ങിനെതന്നെ സംഭവിച്ചു...വാക്കുകള്‍ക്കതീതമായ എന്തോ ഒരു അനുഭൂതി മനസ്സിനെ മദിച്ചുകൊണ്ടിരുന്നു...           അന്നെല്ലാം സ്കൂളില്‍ പോവാന്‍ വലിയ താല്പര്യമായിരുന്നു...ആദ്യമെല്ലാം ഒന്നെഴുനേറ്റ് കിട്ടാന്‍ ഉമ്മ വിളിയോട് വിളിയായിരുന്നു...ഒടുവില്‍ രണ്ടെണ്ണം കിട്ടിയാലേ ഞാന്‍ പൊങ്ങാറുള്ളു....മുംതാസിന്റെ നോട്ടവും ചിരിയുമെല്ലാമായതോടെ എപ്പോ എഴുനേറ്റെന്ന് ചോദിച്ചാമതി....വീട്ടിലും അതൊരു സംസാരമായിരുന്നു...ഉമ്മ പറയും...” ഈ ചെക്കനെന്തുപറ്റി...വിളിയും തെളിയുമില്ലാതെ എഴുനേല്‍ക്കാത്തോനിപ്പം വെയിലുദിക്കിണേന്ന് മുമ്പേ എണീക്കിണ്ടല്ലോ “....ഉമ്മയോട് എങ്ങിനെ പറയും ,,ഞാനും പ്രണയിക്കുന്നെന്ന്.....                                                                                                                                                                                                                             
ഏകദേശം അഞ്ചോ ആറോ മാസങ്ങള്‍ കഴിഞ്ഞുകാണും ...ഒരു ദിവസം വൈകുന്നേരം ഞാന്‍ കണ്ട മുംതാസിന്റെ കണ്ണുകളില്‍ ദു:ഖത്തിന്റെ രണ്ടിറ്റുകണ്ണുനീര്‍തുള്ളികള്‍ ഒളിഞ്ഞുകിടന്നിരുന്നു...എങ്കിലും അന്നും അവള്‍ എനിക്കുള്ള
മിഠായികള്‍ കൊണ്ടുവന്നിരുന്നു...എന്നുമുള്ളതിലധികം....പക്ഷേ അന്നെനിക്കറിയില്ലായിരുന്നു  എനിക്കവള്‍ തരുന്ന അവസാനത്തെ സ്നേഹത്തിന്റെ മധുരമായിരിക്കും ആ മിഠായികളെന്ന്....

Monday, March 21, 2011

ലോസഞ്ചര്‍ മുട്ടായി

എന്റെ ഇന്നലകള്‍ ഭാഗം അഞ്ച്

സൌന്ദര്യാസ്വാദനത്തിന്റേയോ പ്രണയത്തിന്റേയോ പ്രായമല്ലായിരുന്നു...എങ്കിലും അവളെ എനിക്കിഷ്ടമായിരുന്നു.... അവളുടെ ശബ്ദമില്ലാത്ത ചിരിയില്‍ ഏതോ ഒരു മാന്ത്രികവലയം ഒളിഞ്ഞിരുന്നു... ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ അന്വോന്യം സംസാരിച്ചുതുടങ്ങി.... ഞങ്ങള്‍ പഠിച്ചിരുന്നത് രാമനാട്ടുകര ഗവ: യു.പി.സ്കൂളിലായിരുന്നു...നേരെ മുന്നിലുള്ള ഗണ:പത് സ്ക്കൂളിന്റെ മുറ്റമായിരുന്നു വൈകുന്നേരങ്ങളിലെ എന്റേയും കൂട്ടുകാരുടേയും കളിസ്ഥലം.... മതിലുകളില്ലാത്ത രണ്ട് സ്ക്കൂളിന്റേയും നടുവിലൂടെയായിരുന്നു ഫാറൂക് കോളേജിലേക്കുള്ള റോഡ് പോയിരുന്നത്..എന്നും വൈകുന്നേരങ്ങളില്‍ അവളുടെ മാര്‍ക്കറ്റിലേക്കുള്ള പോക്കും വരവും അതുവഴിയായിരുന്നു...ഒരുദിവസം കൂട്ടുകാരുടെ നിര്‍ബന്ധം കാരണം ഞാനവളോട് ചോദിച്ചു “ നീവരുമ്പോ എനിക്ക് മുട്ടായി കൊണ്ടോരോ“....ചിരിച്ചുകൊണ്ടവളെന്നോട് ചോദിച്ചു..” ഈ കുട്ടിക്കെന്ത് മുട്ടായ്യ്യാ വേണ്ട്യേ


“...ഞാനൊന്നും പറഞ്ഞില്ലാ... 

Friday, March 11, 2011

കാഞ്ചന.....


എന്റെ ഇന്നലകള്‍....ഭാഗം...നാല്


ആറുവയസ്സ് കഴിഞ്ഞപ്പോ മുതല്‍ എന്റെ അസുഖം മാറിത്തുടങ്ങിയിരുന്നു....ആദ്യം ഞാന്‍ പോയിത്തുടങ്ങിയത് മദ്രസ്സയിലായിരുന്നു....പുറത്തേക്കുള്ള എന്റെ ആദ്യത്തേത് എന്ന് പറയാവുന്ന ദിവസങ്ങള്‍....ശാരീരികമായും മാനസ്സികമായും വല്ലാത്തൊരു സുഖം തോന്നി....എങ്കിലും എല്ലാവരില്‍ നിന്നും ഞാനകലാനാണ് ശ്രമിച്ചിരുന്നത്....ആരുമായും ചങ്ങാത്തമില്ലാതെ ഒരു ഒറ്റപ്പെടല്‍....അതായിരുന്നു എനിക്കിഷ്ടം.....

Saturday, March 5, 2011

കണ്ണുനീര്‍ തുള്ളികള്‍....

എന്റെ ഇന്നലകള്‍....ഭാഗം...മുന്ന്..
പിന്നീടുള്ള കുറേ ദിവസങ്ങള്‍ എല്ലാം മൂകമായിരുന്നു...സുഹറയുടേ മരണത്തിനുത്തരവാദി ഉമ്മയാണെന്ന പോലെയായിരുന്നു ഉമ്മയുടെ ഇരുത്തം....ഉമ്മയുടെ അടുത്തേക്ക് ഞാന്‍ 
പോയതേയില്ലാ....പേടിയായിരുന്നുവോ...അതോ വെറുപ്പായിരുന്നുവോ....എനിക്കറിയില്ലാ....
 ഒരുദിവസം ഉമ്മ എന്നെപിടിച്ച് മടിയിലിരുത്തി കെട്ടിപ്പിടിച്ചൊരുപാട് കരഞ്ഞു...ആ കണ്ണുനീര്‍തുള്ളികള്‍ വീണുപൊള്ളിയ  എന്റെ കവിള്‍ത്തടങ്ങളിലൂടെ എന്റെ കണ്ണുനീരും ഒഴുകുന്നുണ്ടായിരുന്നു... മാതൃത്വത്തിന്റെ സ്നേഹം മനസ്സിലേല്പിച്ച മുറിപ്പാടുകളായി  അതിന്നും എന്നിലെവിടൊക്കെയോ   നൊമ്പരമുണര്‍ത്തുന്നു....

Saturday, February 26, 2011

എന്റെ ഇന്നലകള്‍....ഭാഗം...രണ്ട്.....

 സുഹറ.....
               അവളെന്ന് ജനിച്ചു എന്നെനിക്കറിയില്ലാ...അതൊന്നും അറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നു...ഞാനവളെ കാണുന്നത് എപ്പോഴും എന്റെ ഉമ്മയുടെ ഒക്കത്തായിരുന്നു..ഉമ്മയുടെ താരാട്ടുവരികളും തൊട്ടിലക്കെട്ടുകളും അവള്‍ക്ക് സ്വന്തമായതോടെ ഞാനൊരുമുറിയുടെ മൂലയിലെ കീറപ്പായയിലേക്കൊതുങ്ങി..ഉമ്മയുടെ കാച്ചിത്തുമ്പില്‍ തൂങ്ങാന്‍പോലും എനിക്കന്ന് അവകാശമില്ലാതായി...എന്തുകൊണ്ടോ ഉമ്മക്കെന്നും എന്നോട് ദേഷ്യപ്പെടാനേ സമയമുണ്ടായിരുന്നുള്ളു..അതിന്റെ കാരണമറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നല്ലോ..എന്റെ വലത്തേകാലിനു മുട്ടിനുകീഴെ അന്നൊരുതരം ചൊറിപിടിച്ചിരുന്നു....അതിന്റെ വേദനയും നീറ്റലും എന്നെ വല്ലാണ്ട് വിമ്മിട്ടപ്പെടുത്തി...ശരിക്കൊന്നിരിക്കാന്‍പോലും കഴിയാത്ത അവസ്ഥ...
എങ്ങിനെ എവിടെ ഇരിക്കയാണെങ്കിലും വലത്തേകാല്‍ നീട്ടിവെച്ചേ ഇരിക്കാന്‍ കഴിയുകയുള്ളൂ..മുട്ടിനുകീഴെ എപ്പോഴും ചുറ്റിയിട്ട തുണിയുടെ വിങ്ങലില്‍ എന്റെ കൈവിരലുകളുടെ താളത്തില്‍ ഞാന്‍ സുഖം കണ്ടെത്തി...ധര്‍മ്മാശുപത്രിയുടെ വരാന്തകളും ഇളം ചുവര്‍പ്പുള്ള ചവര്‍പ്പുവെള്ളവും എനിക്കു സുപരിചിതമായി...ശരിക്കൊന്നുറങ്ങാന്‍പൊലും കഴിയാത്ത രാത്രികള്‍...തെങ്ങോലപ്പായയില്‍ കാലുരയുമ്പോഴുള്ള വേദന എന്റെ പാതിയുറക്കത്തെ പൊട്ടിക്കരച്ചില്ടോടെ ഉണര്‍ത്തി...പിന്നിട് എത്ര വൈദ്യന്മാരെ കണ്ടെന്ന് എനിക്കുപോലും അറിയില്ലാ...കശായത്തിന്റെ കൈപ്പുനീര്‍ ജീവിതകാലം മുഴുവന്‍ എന്റെ ഉമിനീരില്‍ അലിഞ്ഞുചേര്‍ന്നു...ഒടുവില്‍ എന്നെയുംകൊണ്ട് ഉപ്പ പോയത് താടിയും തലപ്പാവുമുള്ള ഒരാളുടെ അടുത്തായിരുന്നു...അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...സാരമില്ലാ “ഇവനെന്നേക്ക് ഏഴ് വയസ്സ് തികയുന്നുവോ അന്നേ ഇത് സുഖമാവുകയുള്ളൂ...( അതങ്ങിനെ സംഭവിച്ചു...ആ വ്യക്തി ഇന്നും എന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നുണ്ട്..പിന്നിടൊരിക്കലും ഞാന്‍ കണ്ടിട്ടില്ലെങ്കിലും....ഞാന്‍ നമിക്കുന്നു....ആ മഹാവ്യക്തിയെ ).....രാത്രികാലങ്ങളില്‍ സുഹറയുടെ കരച്ചില്‍ കൂടിക്കുടിവന്നു...ഉറക്കമില്ലായ്മ എന്റെ ഉമ്മയെ ശരിക്കും ബാധിച്ചിരുന്നു...പിന്നീടേതൊ ഒരു പാതിരാവില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു...കൂട്ടക്കരച്ചിലിന്റെ ഭയാനകരമായ ശബ്ദം എന്നേയും കരയിപ്പിച്ചു...പക്ഷേ എനിക്കറിയില്ലായിരുന്നൂ എന്തിനാണിവരെല്ലാം കരയുന്നതെന്ന്....പിറ്റേദിവസം നടുമുറിയില്‍ സുഹറയെ കുളിപ്പിച്ചു കിടത്തിയിരുന്നു...പലരും വന്നുപോയികൊണ്ടിരുന്നു....പിന്നിടെപ്പോഴോ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.....എന്റെ മുന്നിലൂടെ ഒരു കട്ടിലില്‍ കിടത്തി സുഹറേയും കൊണ്ട് നാലുപേര്‍ മുന്നിലും ബാക്കിയുള്ളവര്‍ പിറകിലുമായി എന്തോ ചൊല്ലിക്കൊണ്ട് കടന്നുപോയി...അപ്പോഴും ഞാനെന്റെ വലത്തേകാലും ഇഴച്ചുവലിച്ചുകൊണ്ട് അവിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു.......”   
                                       ...  അവസാനിക്കുന്നില്ലാ...                                                                                  

Sunday, February 20, 2011

എന്റെ ഇന്നലകള്‍....ഭാഗം...ഒന്ന്...

...ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവെക്കുന്നു...” എന്റെ ഇന്നലകള്‍ “ നോവിന്റെ അലകളില്‍ ഒര്‍മ്മകള്‍ മുങ്ങിപ്പൊങ്ങുന്നു..കഴിഞ്ഞുപൊയകാലങ്ങളുടെ തീവ്രാനുഭവങ്ങള്‍ മനസ്സിലിട്ടുപൂട്ടി കണ്ണുനീരൊഴുക്കുന്ന നിദ്രാവിഹീനമായ രാത്രികളിലെ ഞെട്ടിപ്പിക്കുന്ന സ്വപ്നങ്ങളെ താഴിട്ടുപൂട്ടി, ഞാനെന്റെ സത്യാസത്യങ്ങളുടെ നേര്‍ക്കാഴ്ച നിങ്ങളുടെ മുന്നിലേക്ക് തുറന്നുവെക്കുന്നു...ഒരുപക്ഷേ ഇന്നലകളുടെ പൂര്‍ണ്ണത നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള വാക്കുകള്‍ എനിക്കജ്ഞാതമായിരിക്കാം.എങ്കിലും ഞാനെഴുതുന്നതെല്ലാം എന്റെ ജീവിതത്തിലൂടെ കടന്നുപൊയതായിരിക്കും...നിങ്ങള്‍ എന്റെ സഹോദരങ്ങള്‍....നിങ്ങളുടെമുന്നിലേക്ക് സങ്കോചമില്ലാതെ ഞാന്‍ കടന്നുവരുന്നു.......                                                                                                                      ....ജനനം.......                                                                                                                          എന്റെ വീട്...രണ്ടുമുറികളും ഒരു കോലായുമുള്ള ഓലമേഞ്ഞ ചെറിയൊരു കൂരയായിരുന്നു...മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളിലേക്ക് തലകുനിക്കാതെ കയറാന്‍ കഴിയില്ലാ....വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൂരക്കുള്ളിലെ എന്റെ ജനനം വലിയൊരു സംഭവമൊന്നുമല്ലായിരുന്നു...ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലേക്ക് എന്റെ ഉപ്പയുടേയും ഉമ്മയുടേയും ഒമ്പതാമത്തെ സന്തതിയായി നിങ്ങളെപ്പോലെ മുഷ്ടിയും ചുരുട്ടി സിന്ദാബാദിന്റെ കരച്ചിലോടെ ഞാനും പിറന്നുവീണു...എന്നെകാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ ഞാനൊരു മഹാസംഭവമായിത്തീരുമെന്ന് അറിയാവുന്നതുകൊണ്ടോ എനിക്കുമുന്നേ പിറന്ന മൂന്നുപേര്‍ ഭുമിയില്‍ വന്നപ്പോള്‍തന്നെ തിരിച്ചുപോയിരുന്നു...ജീവിച്ചിരിക്കുന്നവരില്‍ ആറാമനായി ഞാന്‍ കണ്ണുതുറന്നു....ലോകത്തിന്റെ വെളിച്ചംകണ്ട് പൊട്ടിക്കരഞ്ഞ എന്റെ ചുണ്ടിലേക്ക് “ അമ്മിഞ്ഞക്കണ്ണ് കുത്തിത്തിരുകി “ എന്റെ ഉമ്മ എന്നോട് പറഞ്ഞിരിക്കാം “വാവേ നിനക്കിപ്പോ കിട്ടുന്നതേകിട്ടൂ...വയറ് നിറച്ച് കുടിച്ചോ ഇല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടിവരുമെന്ന് “ അവിടെനിന്നും ഞാനെന്റെ പ്രയാണമാരംഭിച്ചു...മരണമെന്ന യാഥാര്‍ത്യത്തിലേക്കുള്ള എന്റെ ജീവിതത്തിന്റെ തുടക്കം....         അവസാനുക്കുന്നില്ലാ....                                                                                                                                                                               

Saturday, February 12, 2011

ജിഹാദിന്റെ സന്തതികള്‍....

ഞാനും ജിഹാദിന്റെ സന്തതിയാണ്...നിനക്കെന്നെ കൊല്ലാം....നിന്റെ തോക്കിന്‍ കുഴലിലാണിന്നെന്റെ ജീവന്‍...എങ്കിലും കേള്‍ക്കുക...ഞാനെങ്ങിനെ ജിഹാദിന്റെ സന്തതിയായെന്ന്....ഒരിക്കല്‍ നമ്മളൊന്നായിരുന്നില്ലേ....പിന്നിട് നീ എന്തിനെന്നെ വെട്ടിമുറിച്ചു...നിന്റെ ബൂട്ടിട്ട കാലുകള്‍ ചവിട്ടിയരച്ചത് എന്റെ പ്രാണനല്ലായിരുന്നോ...എന്റെ സഹൊദരങ്ങളെ കൊന്ന് രക്തപ്പുഴയൊഴുക്കിയത് നീയല്ലായിരുന്നോ...പൂര്‍ണ്ണതയെത്താതെ എന്റെ സഹോദരികള്‍ പ്രസവിച്ചു മരിച്ചതും നിന്നെക്കൊണ്ടല്ലേ...എന്നിട്ടും നിങ്ങള്‍ പറയുന്നൂ...ഞാനാണ് ജിഹാദിന്റെ സന്തതിയെന്ന്...നഷ്ടങ്ങളെല്ലാം എനിക്കും ഞാന്‍ പിറന്നുവീണ ഈ മണ്ണിനും....എന്റെ കരച്ചിലുകള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ....അവ വിലാപങ്ങളാവുന്നത് നിങ്ങളറിയുന്നില്ലേ...എന്നിട്ടും നിങ്ങളെന്തേ ചിരിക്കുന്നൂ......,,എനിക്കൊന്നുറങ്ങണം....ഈ ഭ്രാന്തമായ ലോകത്തിന്റെ രോദനം കേള്‍ക്കാതെ....ഇറാക്കിന്റെ ..അഫ് ഗാന്റെ ..ഫലസ്തീനിന്റെ...കാശ്മീരിന്റെ...ചോരയില്‍ വീഴുന്ന കണ്ണുനീര്‍...എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നൂ.......!

Saturday, February 5, 2011

.....അമ്മ....


( ഈ കഥ ഞാനെഴുതുന്നത് 1978ലാണ്...സ്കൂള്‍ മാഗസിനുവേണ്ടി...മാറ്റമൊന്നുമില്ലാതെ ഇവിടെ കുറിക്കുന്നു )
ചുരുട്ടിയെറിഞ്ഞ കടലാസുതുണ്ടെടുത്ത് ഒരിക്കല്‍കൂടി കണ്ണോടിച്ചു..വ്രത്തിയില്ലാത്ത അക്ഷരത്തില്‍ കുത്തികുറിച്ച എതാനും വരികള്‍..അതിലെവിടെയൊ ചെയ്തുപൊയ പാപത്തിന്റെ പശ്ചാത്താപവും നഷ്ടപ്പെടലിന്റെ വേദനയും
ഒളിച്ചിരുന്നു..വായിച്ചുതീര്‍ക്കാന്‍കഴിയാതെ ഒരുവരിമാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു...
“ഞാന്‍ മരിക്കാറായിരിക്കുന്നൂ എന്നെനിക്കു തോന്നിത്തുടങ്ങി..ഒരിക്കല്‍മാത്രം നിന്നെയൊന്ന് കാണാന്‍ ആഗ്രഹമുണ്ട്...നിന്റെ അമ്മ “
അമ്മയെന്ന രണ്ടക്ഷരത്തിന്റെ പ്രശക്തി എന്നിലെന്നേ നഷ്ടപ്പെട്ടുപോയതാണ്..കളിപ്രായത്തിന്റെ സന്ധ്യാവേളകളില്‍
കൈനിറയേ മിഠായികളും കളിപ്പാട്ടങ്ങളുംതന്ന് തലയില്‍ തലൊടികൊണ്ട് ഇരുണ്ട ഇടനാഴികയിലൂടെ കടന്നുപൊയവരെല്ലാം എനിക്കന്ന് “ അങ്കിള്‍ ‘ ആയിരുന്നു...കടന്നുപൊയ ഒരുപാട് വര്‍ഷങ്ങല്‍ക്കൊടുവില്‍ പിറുപിറുക്കലിന്റേയും പൊട്ടിച്ചിരികളുടേയും അര്‍ത്ഥം എന്റെ മനസ്സില്‍ പൊറലേല്പിച്ചപ്പൊള്‍ യാത്രയായി എങ്ങോട്ടെന്നില്ലാതെ...നീണ്ട പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു..ഇനിയൊരു തിരിച്ചുപോക്ക്...
അധികംചിന്തിക്കാതെ കിട്ടിയതെല്ലാം വാരിനിറച്ച ബാഗുമായി പടിയിറങ്ങുമ്പോള്‍ ആരൊടെന്നില്ലാതെ വിളിച്ചുപറഞ്ഞു..,” ഞാനെന്റെ അമ്മയെ കാണാന്‍ പോവാ “....
തീവണ്ടിക്ക് വേഗതപൊരെന്നതോന്നല്‍ മനസ്സിനെ വിമ്മിട്ടപ്പെടുത്തികൊണ്ടിരുന്നു..ഇരിക്കാന്‍ തോന്നുന്നില്ലാ...ഒന്നെത്തിയിരുന്നെങ്കില്‍ മതിയായിരുന്നു...നീണ്ടയാത്രക്കൊടുവില്‍ ഇടിഞ്ഞുവീഴാറായ ഓലപ്പുരയുടെ മുന്നില്‍ കാര്‍വന്നുനിന്നപ്പോള്‍.. തന്റെയെല്ലാ സ്വപ്നങ്ങളും മരിച്ചുവീഴുകയായിരുന്നു..മുറ്റത്തങ്ങിങ്ങായിനിന്നു പിറുപിറുക്കുന്ന പരിചിതരും അപരിചിതരുമായ മുഖങ്ങളിലൂടെ ഇടനാഴികയിലേക്കുനടന്നു...നിലവിളക്കിന്റെ നാളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള എന്റെ അമ്മയുടെ മുഖം ഞാന്‍ കണ്ടു...മനസ്സിലെവിടെയോ ഒരു വേര്‍പാടിന്റെ തേങ്ങള്‍ ഞാനറിഞ്ഞു...കര്‍മ്മങ്ങള്‍ക്കൊടുവില്‍ വാരിയെറിഞ്ഞ മണ്‍ തരികളോടും,,മരിച്ചുവീണ ഇന്നലകള്‍ സമ്മാനിച്ച നഷ്ട സ്വപ്നങ്ങളോടും വിടപറഞ്ഞിറങ്ങുമ്പൊള്‍ പെയ്തിറങ്ങാന്‍ കണ്‍കോണില്‍ കണ്ണുനീര്‍മുത്തുകള്‍ ബാക്കിയായി......

Tuesday, January 25, 2011

മനുഷ്യ ബലികള്‍....

റുക്സാനാ....എന്തിനു നീ ചിതറി മരിച്ചതിവിടെ...
ഏതു വിശ്വാസ പ്രമാണമാണിന്നു ...
നിന്റെ ജീവനു വില നല്‍കിയത്...
മനുഷ്യത്വം മരവിച്ചുപോയ ...
ബലിമ്രഗങ്ങളില്‍ നീ എന്തിനു...
നിന്റെ ഈമാന്‍ വലിച്ചെറിഞ്ഞു....
ഹിംസ ഏതു മത ധര്‍മ്മമാണ്...
ഖുര്‍ആനോ...ബൈബിളോ...ഋഗ്വോദമോ..
ഏതിന്റെ വചനമാണ് നിന്റെയീ ഹിംസ...
ഏതു പ്രവാചകനാണിവിടെ ഹിംസിക്കാന്‍ പറഞ്ഞത്...
മതഭ്രാന്തിന്റെ ബലിയാടവുകയല്ലായിരുന്നോ നീ....
ഒരിക്കല്‍ നീ പറഞ്ഞില്ലേ...
ജീവിതവും മരണവും നമ്മളൊന്നിച്ചെന്ന്...എന്നിട്ടും...നീ...
ഇല്ലാ....നിനക്കുവേണ്ടി കരയുവാന്‍ എനിക്കു കഴിയില്ലാ...
നിന്റെ ഖബറിടത്തില്‍ ഉറ്റിവീഴാന്‍...
എന്റെ കണ്ണുനീര്‍ തുള്ളികള്‍പോലും വെറുക്കുന്നുവോ....

Sunday, January 9, 2011

സിന്ദാബാദ്....

സിന്ദാബാദുകള്‍ മുഴങ്ങട്ടെ.....അടിമവര്‍ഗ്ഗത്തിന്റെ രോദനം ...അലിഞ്ഞുചേരട്ടെയിവിടെ...നേടാന്‍ കഴിയാത്ത നാളകളെ....സിന്ദാബാദില്‍ അടിച്ചമര്‍ത്തട്ടെ....വര്‍ഗ്ഗ സമരങ്ങളുടെ കണ്ണുനീര്‍...വീണുടയട്ടെ മണ്ണില്‍....നമ്മള്‍ കൊയ്യും വയലെല്ലാം...വീണ്ടും നമുക്ക് കൊയ്തുകൊണ്ടിരിക്കാം....അടിമത്വ വിമോചകരെവിടെ...വിശക്കുന്നവന്റെ തത്വ സംഹിതകളെവിടെ....ബൂര്‍ഷാ ഭരണത്തിന്റെ ചവിട്ടടിയില്‍...തകര്‍ന്നടിഞ്ഞ ശിലകളെവിടെ....എല്ലാം പൊയ് വാക്കുകള്‍...നമ്മില്‍ അടിച്ചേല്പിക്കുന്ന വിഷവിത്തുകള്‍....ഉനരുക സോദരാ....സ്വതന്ത്രമായ ചിന്തകളുടെ ലോകത്തേക്ക്....

Saturday, January 1, 2011

സ്വപ്ന സൌന്ദര്യം...

വീണ്ടും നിന്നെ ഞാന്‍ പ്രേമിച്ചു തുടങ്ങട്ടെ...എനിക്കെവിടെയോ നഷ്ടപ്പെട്ട,,ഇന്നുവരെ ഞാന്‍ കാണാത്ത,
എന്റെ കാമുകിയുടെ ത്രസിപ്പിക്കുന്ന സൌന്ദര്യം നിന്നില്‍ നിന്നും എന്റെ അന്ത:രംഗത്തിന്റെ വികാരതയിലേക്കെടുത്തെറിയാന്‍ ഞാന്‍ വെമ്പല്‍കൊള്ളുന്നു...പുനരുജ്ജീവിക്കുന്ന ശാരീരിക ശ്രോണുക്കളുടെ
ആര്‍ത്താനുരാഗത്തിന്റെ സുഖാനുഭുതി എന്നില്‍ ആവേശത്തിന്റെ മൂര്‍ത്തീഭാവം സ്രഷ്ടിക്കുകയാണ്.
എരിഞ്ഞുതീരാറായ ജീവിതത്തിന്റെ ബാക്കിപത്രം നീയെന്ന ആത്മനൊമ്പരത്തിലൊതുങ്ങുന്നു..എവിടെയാണ്,
എന്നാണ് ഇനി നിന്നെ ഞാന്‍ കണ്ടുമുട്ടുക...ജീവിതാഭിലാഷത്തിന്റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴുകയാണ്..
നൊമ്പരങ്ങളും കണ്ണുനീര്‍മുത്തുക്കളും ബാക്കിയാവുന്നു...പേടിപ്പെടുത്തുന്ന സ്വപ്നങ്ങളില്‍ ആര്‍ത്തുവിളിക്കുന്ന
മനസ്സിന്റെ വേദന ആരും അറിയുന്നില്ല..എങ്കിലും നീയെന്ന സൌന്ദര്യത്തിന്റെ മടിത്തട്ടില്‍ മയങ്ങികിടക്കുന്ന
നിമിഷങ്ങളും എന്നിലൂടെ കടന്നുപൊവുന്നു..പറയാനറിയാത്ത എന്റെ മനസ്സിന്റെ സുഖം,അത് ഞാനെന്നില്‍തന്നെ
പുന:പ്രതിഷ്ടകള്‍നടത്തുന്നു..സ്വകാര്യതയുടെ പളുങ്കുപാത്രത്തില്‍ അവ എന്നെനോക്കി ചിരിക്കുമ്പോള്‍ ,
ആത്മനൊമ്പരത്തിന്റെ രക്തത്തുള്ളികള്‍ നല്‍കി ഞാനവയെ വളര്‍ത്തുന്നു...നീയെന്ന എന്റെ മായാ സങ്കല്പം
എന്നില്‍നിന്നും ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ മഞ്ഞുപെയ്യുന്ന രാത്രികള്‍ ഞാന്‍ സ്വപ്നം കാണ്‍ന്നു..ആകാശത്തിന്റെ
നെറുകയില്‍നിന്നും ഊര്‍ന്നുവീഴുന്ന ഓരൊ മഞ്ഞുതുള്ളികള്‍ക്കും ഞാനെന്റെ സ്വപ്നങ്ങളുടെ നിറം നല്‍കുന്നു..
ആ നിറങ്ങളില്‍ ഞാന്‍ നിന്നെ കാനുന്നു..എന്റെ മനസ്സിന്റെ തുറന്നിട്ട വാതായനത്തില്‍ നീ വന്നെത്തിനില്‍ക്കുകയാണ്..ആലിംഗനത്തിന്റെ സുഖമുള്ള ചൂടിനായ് ഞാന്‍ കൊതിക്കുന്നു,,മധുരമൂറുന്ന നിന്റെ ചുണ്ടുകളില്‍...ഇല്ലാ...എന്റെ സ്വപ്നങ്ങളെ ഞാന്‍ വ്യഭിചരിക്കില്ലാ..നിമിഷ യാഥാര്‍ത്ത്യങ്ങളിലേക്ക് ഞാനെടുത്തെറിയപ്പെടുന്നുവോ..എവിടെ അവളെവിടെ..എന്റെ മഞ്ഞുതുള്ളികളെവിടെ...എന്റെ സ്വപ്നങ്ങളെവിടെ..
ഇല്ലാ..എനിക്കൊന്നും നഷ്ടപ്പെട്ടുകൂടാ..ദാഹിക്കുന്നു...വീണുടഞ്ഞ പാനപാത്രത്തില്‍ പ്രതിഫലിക്കുന്നതും അവളുടെ മുഖമാണല്ലോ...വയ്യാ..ഞാന്‍ തളരുകയാണോ...എനിക്കു തിരിച്ചുപോണം..ഞാന്‍ കണ്ടുതീരാത്ത
എന്റെ സ്വപ്നങ്ങളിലേക്ക്...അവളുടെ മടിയിലെനിക്കു മയങ്ങണം..നീലിച്ച കണ്ണുകളില്‍ നോക്കിയിരിക്കണം..
കഥ പറയുന്ന ചുണ്ടുകളില്‍നിന്നുമുതിരുന്ന വാക്കുകളെ എന്റെ മനസ്സിലിട്ടുപൂട്ടണം...നിലാപെയ്യുന്ന രാത്രികളില്‍
അവളിലലിഞ്ഞുചേരണം..ഭ്രാന്തമായ ഈ ലോകത്തുനിന്നും അവളുടെ പൊന്‍ചിറകില്‍ എനിക്കു പറക്കണം..
അകലെ എന്നേയും കാത്തിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളില്‍ ലയിക്കാന്‍..അവയുടെ പ്രകാശമയമായ സൌന്ദര്യത്തില്‍
ചിറകിട്ടടിക്കാന്‍..എന്റെ പ്രിയതേ..നീയെന്നെ കൊണ്ടുപൊവില്ലേ..വിരഹമായ ഈ ജീവിതത്തിന്റെ കുലുഷിതമായ
നിമിഷങ്ങളില്‍ നിന്നും...മടുത്തു..ജീവിക്കാതെ ജീവിക്കുന്ന ഈ യാഥാര്‍ത്ത്യങ്ങളില്‍...സ്വപ്നങ്ങളേ നിങ്ങള്‍ക്കു നന്ദി..അറിഞ്ഞതും അറിയാത്തതുമായ സൌന്ദര്യ നിമിഷങ്ങള്‍ എന്നിലേക്കെത്തിക്കുന്നത് നിങ്ങളാണല്ലോ...നന്ദി
ഒരിക്കല്‍ കൂടി........!