Saturday, February 26, 2011

എന്റെ ഇന്നലകള്‍....ഭാഗം...രണ്ട്.....

 സുഹറ.....
               അവളെന്ന് ജനിച്ചു എന്നെനിക്കറിയില്ലാ...അതൊന്നും അറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നു...ഞാനവളെ കാണുന്നത് എപ്പോഴും എന്റെ ഉമ്മയുടെ ഒക്കത്തായിരുന്നു..ഉമ്മയുടെ താരാട്ടുവരികളും തൊട്ടിലക്കെട്ടുകളും അവള്‍ക്ക് സ്വന്തമായതോടെ ഞാനൊരുമുറിയുടെ മൂലയിലെ കീറപ്പായയിലേക്കൊതുങ്ങി..ഉമ്മയുടെ കാച്ചിത്തുമ്പില്‍ തൂങ്ങാന്‍പോലും എനിക്കന്ന് അവകാശമില്ലാതായി...എന്തുകൊണ്ടോ ഉമ്മക്കെന്നും എന്നോട് ദേഷ്യപ്പെടാനേ സമയമുണ്ടായിരുന്നുള്ളു..അതിന്റെ കാരണമറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നല്ലോ..എന്റെ വലത്തേകാലിനു മുട്ടിനുകീഴെ അന്നൊരുതരം ചൊറിപിടിച്ചിരുന്നു....അതിന്റെ വേദനയും നീറ്റലും എന്നെ വല്ലാണ്ട് വിമ്മിട്ടപ്പെടുത്തി...ശരിക്കൊന്നിരിക്കാന്‍പോലും കഴിയാത്ത അവസ്ഥ...
എങ്ങിനെ എവിടെ ഇരിക്കയാണെങ്കിലും വലത്തേകാല്‍ നീട്ടിവെച്ചേ ഇരിക്കാന്‍ കഴിയുകയുള്ളൂ..മുട്ടിനുകീഴെ എപ്പോഴും ചുറ്റിയിട്ട തുണിയുടെ വിങ്ങലില്‍ എന്റെ കൈവിരലുകളുടെ താളത്തില്‍ ഞാന്‍ സുഖം കണ്ടെത്തി...ധര്‍മ്മാശുപത്രിയുടെ വരാന്തകളും ഇളം ചുവര്‍പ്പുള്ള ചവര്‍പ്പുവെള്ളവും എനിക്കു സുപരിചിതമായി...ശരിക്കൊന്നുറങ്ങാന്‍പൊലും കഴിയാത്ത രാത്രികള്‍...തെങ്ങോലപ്പായയില്‍ കാലുരയുമ്പോഴുള്ള വേദന എന്റെ പാതിയുറക്കത്തെ പൊട്ടിക്കരച്ചില്ടോടെ ഉണര്‍ത്തി...പിന്നിട് എത്ര വൈദ്യന്മാരെ കണ്ടെന്ന് എനിക്കുപോലും അറിയില്ലാ...കശായത്തിന്റെ കൈപ്പുനീര്‍ ജീവിതകാലം മുഴുവന്‍ എന്റെ ഉമിനീരില്‍ അലിഞ്ഞുചേര്‍ന്നു...ഒടുവില്‍ എന്നെയുംകൊണ്ട് ഉപ്പ പോയത് താടിയും തലപ്പാവുമുള്ള ഒരാളുടെ അടുത്തായിരുന്നു...അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...സാരമില്ലാ “ഇവനെന്നേക്ക് ഏഴ് വയസ്സ് തികയുന്നുവോ അന്നേ ഇത് സുഖമാവുകയുള്ളൂ...( അതങ്ങിനെ സംഭവിച്ചു...ആ വ്യക്തി ഇന്നും എന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നുണ്ട്..പിന്നിടൊരിക്കലും ഞാന്‍ കണ്ടിട്ടില്ലെങ്കിലും....ഞാന്‍ നമിക്കുന്നു....ആ മഹാവ്യക്തിയെ ).....രാത്രികാലങ്ങളില്‍ സുഹറയുടെ കരച്ചില്‍ കൂടിക്കുടിവന്നു...ഉറക്കമില്ലായ്മ എന്റെ ഉമ്മയെ ശരിക്കും ബാധിച്ചിരുന്നു...പിന്നീടേതൊ ഒരു പാതിരാവില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു...കൂട്ടക്കരച്ചിലിന്റെ ഭയാനകരമായ ശബ്ദം എന്നേയും കരയിപ്പിച്ചു...പക്ഷേ എനിക്കറിയില്ലായിരുന്നൂ എന്തിനാണിവരെല്ലാം കരയുന്നതെന്ന്....പിറ്റേദിവസം നടുമുറിയില്‍ സുഹറയെ കുളിപ്പിച്ചു കിടത്തിയിരുന്നു...പലരും വന്നുപോയികൊണ്ടിരുന്നു....പിന്നിടെപ്പോഴോ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.....എന്റെ മുന്നിലൂടെ ഒരു കട്ടിലില്‍ കിടത്തി സുഹറേയും കൊണ്ട് നാലുപേര്‍ മുന്നിലും ബാക്കിയുള്ളവര്‍ പിറകിലുമായി എന്തോ ചൊല്ലിക്കൊണ്ട് കടന്നുപോയി...അപ്പോഴും ഞാനെന്റെ വലത്തേകാലും ഇഴച്ചുവലിച്ചുകൊണ്ട് അവിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു.......”   
                                       ...  അവസാനിക്കുന്നില്ലാ...                                                                                  

9 comments:

  1. സര്‍ദാര്ജീ..കന്നീരനിയിച്ചു ,,,

    ReplyDelete
  2. ഈ മഴത്തുള്ളിയില്‍ വീഴുന്ന ഇന്നലകളുടെ ഒരോതുള്ളിക്കും മനസ്സില്‍ കൂട്ടിപിടിച്ച ദുഖതിന്റെ കതനകഥയാണ് പറയാനുള്ളത്........ ഇനിയും ഉതിരട്ടെ നിലകാത്ത ഇന്നലകളുടെ വരികള്‍

    ReplyDelete
  3. പഴയകാല മലബാറിനെ വരച്ചുവെച്ച വാക്കുകൾ...

    ReplyDelete
  4. കണ്ണില്‍ നനവ്‌ പടര്‍ത്തുന്ന വരികള്‍....
    നന്നായി എഴുതി...

    ReplyDelete
  5. നല്ല രചന....
    മനസ്സില്‍ തട്ടുന്ന വരികള്‍....

    ReplyDelete
  6. വേദനയോടെയാണല്ലോ തുടക്കം!
    നൊമ്പരപ്പെടുത്തുന്ന രചന. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  7. സര്‍ദാര്‍ജി, ഈ വേര്‍ഡ്‌ വെരിഫികേഷന്‍ അങ്ങ് ഒഴിവാക്കിയാല്‍ സ്വസ്ഥമായി കമന്റടിക്കാമായിരുന്നു!

    ReplyDelete
  8. നൊമ്പരങ്ങളുടെ ഇന്നലെകൾ നന്നായി എഴുതി.
    ഈ കറുപ്പ് ടെമ്പ്ല്ലേറ്റ് മാറ്റിയാൽ വായിക്കുന്നവർക്ക് സൌകര്യമാവും.

    ReplyDelete
  9. കണ്ണ്‌ നനയിപ്പിച്ചു. ഇപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുന്നു സുഹറയുടെ രാത്രികാലങ്ങളിലെ കരച്ചിലും ഒരു പ്രഭാതത്തിലെ കാഴ്ചയും.....

    എല്ലാ അഭിനന്ദനങ്ങളും

    ReplyDelete