Saturday, February 26, 2011

എന്റെ ഇന്നലകള്‍....ഭാഗം...രണ്ട്.....

 സുഹറ.....
               അവളെന്ന് ജനിച്ചു എന്നെനിക്കറിയില്ലാ...അതൊന്നും അറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നു...ഞാനവളെ കാണുന്നത് എപ്പോഴും എന്റെ ഉമ്മയുടെ ഒക്കത്തായിരുന്നു..ഉമ്മയുടെ താരാട്ടുവരികളും തൊട്ടിലക്കെട്ടുകളും അവള്‍ക്ക് സ്വന്തമായതോടെ ഞാനൊരുമുറിയുടെ മൂലയിലെ കീറപ്പായയിലേക്കൊതുങ്ങി..ഉമ്മയുടെ കാച്ചിത്തുമ്പില്‍ തൂങ്ങാന്‍പോലും എനിക്കന്ന് അവകാശമില്ലാതായി...എന്തുകൊണ്ടോ ഉമ്മക്കെന്നും എന്നോട് ദേഷ്യപ്പെടാനേ സമയമുണ്ടായിരുന്നുള്ളു..അതിന്റെ കാരണമറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നല്ലോ..എന്റെ വലത്തേകാലിനു മുട്ടിനുകീഴെ അന്നൊരുതരം ചൊറിപിടിച്ചിരുന്നു....അതിന്റെ വേദനയും നീറ്റലും എന്നെ വല്ലാണ്ട് വിമ്മിട്ടപ്പെടുത്തി...ശരിക്കൊന്നിരിക്കാന്‍പോലും കഴിയാത്ത അവസ്ഥ...
എങ്ങിനെ എവിടെ ഇരിക്കയാണെങ്കിലും വലത്തേകാല്‍ നീട്ടിവെച്ചേ ഇരിക്കാന്‍ കഴിയുകയുള്ളൂ..മുട്ടിനുകീഴെ എപ്പോഴും ചുറ്റിയിട്ട തുണിയുടെ വിങ്ങലില്‍ എന്റെ കൈവിരലുകളുടെ താളത്തില്‍ ഞാന്‍ സുഖം കണ്ടെത്തി...ധര്‍മ്മാശുപത്രിയുടെ വരാന്തകളും ഇളം ചുവര്‍പ്പുള്ള ചവര്‍പ്പുവെള്ളവും എനിക്കു സുപരിചിതമായി...ശരിക്കൊന്നുറങ്ങാന്‍പൊലും കഴിയാത്ത രാത്രികള്‍...തെങ്ങോലപ്പായയില്‍ കാലുരയുമ്പോഴുള്ള വേദന എന്റെ പാതിയുറക്കത്തെ പൊട്ടിക്കരച്ചില്ടോടെ ഉണര്‍ത്തി...പിന്നിട് എത്ര വൈദ്യന്മാരെ കണ്ടെന്ന് എനിക്കുപോലും അറിയില്ലാ...കശായത്തിന്റെ കൈപ്പുനീര്‍ ജീവിതകാലം മുഴുവന്‍ എന്റെ ഉമിനീരില്‍ അലിഞ്ഞുചേര്‍ന്നു...ഒടുവില്‍ എന്നെയുംകൊണ്ട് ഉപ്പ പോയത് താടിയും തലപ്പാവുമുള്ള ഒരാളുടെ അടുത്തായിരുന്നു...അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...സാരമില്ലാ “ഇവനെന്നേക്ക് ഏഴ് വയസ്സ് തികയുന്നുവോ അന്നേ ഇത് സുഖമാവുകയുള്ളൂ...( അതങ്ങിനെ സംഭവിച്ചു...ആ വ്യക്തി ഇന്നും എന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നുണ്ട്..പിന്നിടൊരിക്കലും ഞാന്‍ കണ്ടിട്ടില്ലെങ്കിലും....ഞാന്‍ നമിക്കുന്നു....ആ മഹാവ്യക്തിയെ ).....രാത്രികാലങ്ങളില്‍ സുഹറയുടെ കരച്ചില്‍ കൂടിക്കുടിവന്നു...ഉറക്കമില്ലായ്മ എന്റെ ഉമ്മയെ ശരിക്കും ബാധിച്ചിരുന്നു...പിന്നീടേതൊ ഒരു പാതിരാവില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു...കൂട്ടക്കരച്ചിലിന്റെ ഭയാനകരമായ ശബ്ദം എന്നേയും കരയിപ്പിച്ചു...പക്ഷേ എനിക്കറിയില്ലായിരുന്നൂ എന്തിനാണിവരെല്ലാം കരയുന്നതെന്ന്....പിറ്റേദിവസം നടുമുറിയില്‍ സുഹറയെ കുളിപ്പിച്ചു കിടത്തിയിരുന്നു...പലരും വന്നുപോയികൊണ്ടിരുന്നു....പിന്നിടെപ്പോഴോ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.....എന്റെ മുന്നിലൂടെ ഒരു കട്ടിലില്‍ കിടത്തി സുഹറേയും കൊണ്ട് നാലുപേര്‍ മുന്നിലും ബാക്കിയുള്ളവര്‍ പിറകിലുമായി എന്തോ ചൊല്ലിക്കൊണ്ട് കടന്നുപോയി...അപ്പോഴും ഞാനെന്റെ വലത്തേകാലും ഇഴച്ചുവലിച്ചുകൊണ്ട് അവിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു.......”   
                                       ...  അവസാനിക്കുന്നില്ലാ...                                                                                  

Sunday, February 20, 2011

എന്റെ ഇന്നലകള്‍....ഭാഗം...ഒന്ന്...

...ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവെക്കുന്നു...” എന്റെ ഇന്നലകള്‍ “ നോവിന്റെ അലകളില്‍ ഒര്‍മ്മകള്‍ മുങ്ങിപ്പൊങ്ങുന്നു..കഴിഞ്ഞുപൊയകാലങ്ങളുടെ തീവ്രാനുഭവങ്ങള്‍ മനസ്സിലിട്ടുപൂട്ടി കണ്ണുനീരൊഴുക്കുന്ന നിദ്രാവിഹീനമായ രാത്രികളിലെ ഞെട്ടിപ്പിക്കുന്ന സ്വപ്നങ്ങളെ താഴിട്ടുപൂട്ടി, ഞാനെന്റെ സത്യാസത്യങ്ങളുടെ നേര്‍ക്കാഴ്ച നിങ്ങളുടെ മുന്നിലേക്ക് തുറന്നുവെക്കുന്നു...ഒരുപക്ഷേ ഇന്നലകളുടെ പൂര്‍ണ്ണത നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള വാക്കുകള്‍ എനിക്കജ്ഞാതമായിരിക്കാം.എങ്കിലും ഞാനെഴുതുന്നതെല്ലാം എന്റെ ജീവിതത്തിലൂടെ കടന്നുപൊയതായിരിക്കും...നിങ്ങള്‍ എന്റെ സഹോദരങ്ങള്‍....നിങ്ങളുടെമുന്നിലേക്ക് സങ്കോചമില്ലാതെ ഞാന്‍ കടന്നുവരുന്നു.......                                                                                                                      ....ജനനം.......                                                                                                                          എന്റെ വീട്...രണ്ടുമുറികളും ഒരു കോലായുമുള്ള ഓലമേഞ്ഞ ചെറിയൊരു കൂരയായിരുന്നു...മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളിലേക്ക് തലകുനിക്കാതെ കയറാന്‍ കഴിയില്ലാ....വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൂരക്കുള്ളിലെ എന്റെ ജനനം വലിയൊരു സംഭവമൊന്നുമല്ലായിരുന്നു...ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലേക്ക് എന്റെ ഉപ്പയുടേയും ഉമ്മയുടേയും ഒമ്പതാമത്തെ സന്തതിയായി നിങ്ങളെപ്പോലെ മുഷ്ടിയും ചുരുട്ടി സിന്ദാബാദിന്റെ കരച്ചിലോടെ ഞാനും പിറന്നുവീണു...എന്നെകാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ ഞാനൊരു മഹാസംഭവമായിത്തീരുമെന്ന് അറിയാവുന്നതുകൊണ്ടോ എനിക്കുമുന്നേ പിറന്ന മൂന്നുപേര്‍ ഭുമിയില്‍ വന്നപ്പോള്‍തന്നെ തിരിച്ചുപോയിരുന്നു...ജീവിച്ചിരിക്കുന്നവരില്‍ ആറാമനായി ഞാന്‍ കണ്ണുതുറന്നു....ലോകത്തിന്റെ വെളിച്ചംകണ്ട് പൊട്ടിക്കരഞ്ഞ എന്റെ ചുണ്ടിലേക്ക് “ അമ്മിഞ്ഞക്കണ്ണ് കുത്തിത്തിരുകി “ എന്റെ ഉമ്മ എന്നോട് പറഞ്ഞിരിക്കാം “വാവേ നിനക്കിപ്പോ കിട്ടുന്നതേകിട്ടൂ...വയറ് നിറച്ച് കുടിച്ചോ ഇല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടിവരുമെന്ന് “ അവിടെനിന്നും ഞാനെന്റെ പ്രയാണമാരംഭിച്ചു...മരണമെന്ന യാഥാര്‍ത്യത്തിലേക്കുള്ള എന്റെ ജീവിതത്തിന്റെ തുടക്കം....         അവസാനുക്കുന്നില്ലാ....                                                                                                                                                                               

Saturday, February 12, 2011

ജിഹാദിന്റെ സന്തതികള്‍....

ഞാനും ജിഹാദിന്റെ സന്തതിയാണ്...നിനക്കെന്നെ കൊല്ലാം....നിന്റെ തോക്കിന്‍ കുഴലിലാണിന്നെന്റെ ജീവന്‍...എങ്കിലും കേള്‍ക്കുക...ഞാനെങ്ങിനെ ജിഹാദിന്റെ സന്തതിയായെന്ന്....ഒരിക്കല്‍ നമ്മളൊന്നായിരുന്നില്ലേ....പിന്നിട് നീ എന്തിനെന്നെ വെട്ടിമുറിച്ചു...നിന്റെ ബൂട്ടിട്ട കാലുകള്‍ ചവിട്ടിയരച്ചത് എന്റെ പ്രാണനല്ലായിരുന്നോ...എന്റെ സഹൊദരങ്ങളെ കൊന്ന് രക്തപ്പുഴയൊഴുക്കിയത് നീയല്ലായിരുന്നോ...പൂര്‍ണ്ണതയെത്താതെ എന്റെ സഹോദരികള്‍ പ്രസവിച്ചു മരിച്ചതും നിന്നെക്കൊണ്ടല്ലേ...എന്നിട്ടും നിങ്ങള്‍ പറയുന്നൂ...ഞാനാണ് ജിഹാദിന്റെ സന്തതിയെന്ന്...നഷ്ടങ്ങളെല്ലാം എനിക്കും ഞാന്‍ പിറന്നുവീണ ഈ മണ്ണിനും....എന്റെ കരച്ചിലുകള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ....അവ വിലാപങ്ങളാവുന്നത് നിങ്ങളറിയുന്നില്ലേ...എന്നിട്ടും നിങ്ങളെന്തേ ചിരിക്കുന്നൂ......,,എനിക്കൊന്നുറങ്ങണം....ഈ ഭ്രാന്തമായ ലോകത്തിന്റെ രോദനം കേള്‍ക്കാതെ....ഇറാക്കിന്റെ ..അഫ് ഗാന്റെ ..ഫലസ്തീനിന്റെ...കാശ്മീരിന്റെ...ചോരയില്‍ വീഴുന്ന കണ്ണുനീര്‍...എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നൂ.......!

Saturday, February 5, 2011

.....അമ്മ....


( ഈ കഥ ഞാനെഴുതുന്നത് 1978ലാണ്...സ്കൂള്‍ മാഗസിനുവേണ്ടി...മാറ്റമൊന്നുമില്ലാതെ ഇവിടെ കുറിക്കുന്നു )
ചുരുട്ടിയെറിഞ്ഞ കടലാസുതുണ്ടെടുത്ത് ഒരിക്കല്‍കൂടി കണ്ണോടിച്ചു..വ്രത്തിയില്ലാത്ത അക്ഷരത്തില്‍ കുത്തികുറിച്ച എതാനും വരികള്‍..അതിലെവിടെയൊ ചെയ്തുപൊയ പാപത്തിന്റെ പശ്ചാത്താപവും നഷ്ടപ്പെടലിന്റെ വേദനയും
ഒളിച്ചിരുന്നു..വായിച്ചുതീര്‍ക്കാന്‍കഴിയാതെ ഒരുവരിമാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു...
“ഞാന്‍ മരിക്കാറായിരിക്കുന്നൂ എന്നെനിക്കു തോന്നിത്തുടങ്ങി..ഒരിക്കല്‍മാത്രം നിന്നെയൊന്ന് കാണാന്‍ ആഗ്രഹമുണ്ട്...നിന്റെ അമ്മ “
അമ്മയെന്ന രണ്ടക്ഷരത്തിന്റെ പ്രശക്തി എന്നിലെന്നേ നഷ്ടപ്പെട്ടുപോയതാണ്..കളിപ്രായത്തിന്റെ സന്ധ്യാവേളകളില്‍
കൈനിറയേ മിഠായികളും കളിപ്പാട്ടങ്ങളുംതന്ന് തലയില്‍ തലൊടികൊണ്ട് ഇരുണ്ട ഇടനാഴികയിലൂടെ കടന്നുപൊയവരെല്ലാം എനിക്കന്ന് “ അങ്കിള്‍ ‘ ആയിരുന്നു...കടന്നുപൊയ ഒരുപാട് വര്‍ഷങ്ങല്‍ക്കൊടുവില്‍ പിറുപിറുക്കലിന്റേയും പൊട്ടിച്ചിരികളുടേയും അര്‍ത്ഥം എന്റെ മനസ്സില്‍ പൊറലേല്പിച്ചപ്പൊള്‍ യാത്രയായി എങ്ങോട്ടെന്നില്ലാതെ...നീണ്ട പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു..ഇനിയൊരു തിരിച്ചുപോക്ക്...
അധികംചിന്തിക്കാതെ കിട്ടിയതെല്ലാം വാരിനിറച്ച ബാഗുമായി പടിയിറങ്ങുമ്പോള്‍ ആരൊടെന്നില്ലാതെ വിളിച്ചുപറഞ്ഞു..,” ഞാനെന്റെ അമ്മയെ കാണാന്‍ പോവാ “....
തീവണ്ടിക്ക് വേഗതപൊരെന്നതോന്നല്‍ മനസ്സിനെ വിമ്മിട്ടപ്പെടുത്തികൊണ്ടിരുന്നു..ഇരിക്കാന്‍ തോന്നുന്നില്ലാ...ഒന്നെത്തിയിരുന്നെങ്കില്‍ മതിയായിരുന്നു...നീണ്ടയാത്രക്കൊടുവില്‍ ഇടിഞ്ഞുവീഴാറായ ഓലപ്പുരയുടെ മുന്നില്‍ കാര്‍വന്നുനിന്നപ്പോള്‍.. തന്റെയെല്ലാ സ്വപ്നങ്ങളും മരിച്ചുവീഴുകയായിരുന്നു..മുറ്റത്തങ്ങിങ്ങായിനിന്നു പിറുപിറുക്കുന്ന പരിചിതരും അപരിചിതരുമായ മുഖങ്ങളിലൂടെ ഇടനാഴികയിലേക്കുനടന്നു...നിലവിളക്കിന്റെ നാളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള എന്റെ അമ്മയുടെ മുഖം ഞാന്‍ കണ്ടു...മനസ്സിലെവിടെയോ ഒരു വേര്‍പാടിന്റെ തേങ്ങള്‍ ഞാനറിഞ്ഞു...കര്‍മ്മങ്ങള്‍ക്കൊടുവില്‍ വാരിയെറിഞ്ഞ മണ്‍ തരികളോടും,,മരിച്ചുവീണ ഇന്നലകള്‍ സമ്മാനിച്ച നഷ്ട സ്വപ്നങ്ങളോടും വിടപറഞ്ഞിറങ്ങുമ്പൊള്‍ പെയ്തിറങ്ങാന്‍ കണ്‍കോണില്‍ കണ്ണുനീര്‍മുത്തുകള്‍ ബാക്കിയായി......