Sunday, November 25, 2012

.എന്റെ ഇന്നലകള്‍ .. 14.. സുബൈദ .

സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മ്കളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു മുഖം ..മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒരു കരിന്തിരിപോലെ ഇന്നും എരിഞ്ഞുകൊണ്ടിരിക്കുന്നു..ജീവിത യാഥാര്‍ത്ത്യങ്ങളുടെ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോഴും അടര്‍ന്നുവീഴുന്ന ഓര്‍മ്മകളുടെ കണ്ണുനീര്‍ പെയ്തുതീര്‍ക്കുന്ന മൌനനൊമ്പരം..ആകര്‍ഷണ സൌന്ദര്യത്തിന്റെ ഒരു രേഖാചിത്രം ..സുബൈദാ ...

മൌനനൊമ്പരങ്ങളുടെ രാജകുമാരിയായിരുന്നു അവള്‍ ..ഒരുപാട് വേദനകള്‍ ചിരിച്ചുകൊണ്ട് ഉള്ളിലൊതുക്കുന്ന ഒരു പാവം പെണ്‍കുട്ടി..എന്നെ ഒറ്റിക്കൊടുത്തതിലുള്ള[ലക്കം 13] വേദനകൊണ്ടാവാം ഒരു സന്ദേശം പോലെ എന്നിലേക്കടുത്തത് ..അവളുടെ സൌന്ദര്യത്തിനുമുന്നില്‍ ഞാന്‍ ഒന്നുമല്ലായിരുന്നു..എങ്കിലും രാത്രിയാമങ്ങളുടെ ചിന്താസരണിയില്‍ അവള്‍ എന്റേതുമാത്രമായി മാറുകയായിരുന്നു ..എന്റെ എല്ലാ കഥകളും അറിഞ്ഞുകൊണ്ടുതന്നെ അവള്‍ എന്നിലേക്കടുത്തു..വൈകാരികബന്ധങ്ങള്‍ ഇല്ലായ്മയില്‍നിന്നാണല്ലോ ഉടലെടുക്കുന്നത് ..ക്ലാസ് കഴിഞ്ഞാലും എന്റെ പ്രാക്ടീസ് തീരുന്നതുവരെ അവള്‍ കാത്തുനില്‍ക്കുമായിരുന്നു ..സഞ്ചാരം കുറഞ്ഞ വയല്‍ വരമ്പിലൂടെ അവളോടൊന്നിച്ചുള്ള നടത്തം ഏകദേശം അവളുടെ വീടുവരെ നീണ്ടു ..ഒരിക്കല്‍ അവളെന്നോടു പറഞ്ഞു,,, വേദനിക്കുന്ന അവളുടെ മനസ്സ്.. ഒരുനുറുങ്ങു സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന അവളുടെ കഥ..എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കുന്ന രണ്ട് ഇളം മനസ്സുകളുടെ നൊമ്പരം ..അനിയന്റെ ജനനത്തോടെ നീരസങ്ങള്‍ തുടങ്ങിയ ഒരു കുടുംബത്തിന്റെ തകര്‍ച്ച..ഉമ്മയേയും രണ്ടു ചെറിയ കുട്ടികളേയും തനിച്ചാക്കി ജീവിതത്തില്‍നിന്നും കടന്നുപോയ ..ഓര്‍മ്മകളില്‍ മാത്രം തങ്ങിനില്‍ക്കുന്ന അവളുടെ ജനനത്തിനു കാരണമായവന്റെ ക്രൂരമായ ഒറ്റപ്പെടുത്തല്‍ ..ജീവിതമെന്തെന്നറിയാത്ത ആ പ്രായം നല്‍കിയത് ഒരുപാട് വേദനകളായിരുന്നു .ഉപ്പയുടെ അനിയന്റെ കാരുണ്യത്തിലുള്ള ജീവിതം ഉമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു..ഒടുവില്‍ ഉമ്മയുടെ നല്ലപ്രായം കടന്നുപോവുന്നതിനുമുമ്പ് പറക്കമുറ്റാത്ത രണ്ട് കുട്ടികളേയും അനാഥത്ത്വത്തിന്റെ കഴുമരത്തിലേക്ക് തള്ളിക്കൊണ്ട് ഉമ്മ മറ്റൊരുവന്റെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ തികച്ചും ഒറ്റപ്പെടുകയായിരുന്നു ..പിന്നീടുള്ള ജീവിതം എളാപ്പയുടേയും എളാമയുടേയും വിഴുപ്പലക്കലില്‍ വേദനകളുടെ കണ്ണുനീരോടെയായിരുന്നു..ഇതില്‍നിന്നുള്ള മോചനമായിരുന്നു അവള്‍ക്കു ഞാന്‍ ..

എന്റെ വീട്ടില്‍ ഉച്ചക്കുവല്ലതും ഉണ്ടാക്കുന്ന ദിവസം അവളേയും കൂട്ടുമായിരുന്നു ഞാന്‍ ..വീട്ടില്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു അവളെ ..ദിവസങ്ങള്‍ കടന്നുപോകവെ ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലും അറിഞ്ഞു..രണ്ടുദിവസം അവളെകണ്ടില്ലാ..ഞങ്ങളുടെ പ്രണയത്തിന്റെ ദൂതെത്തിച്ചിരുന്നത് സരോജിനിയെന്ന അവളുടെ സഹപാഠിയായിരുന്നു..ഞാനവളെ കണ്ടു ..അവള പറഞ്ഞു ..സുബൈദക്ക് ഒരു പാട് അടികിട്ടി..ഇനി വരുമൊ എന്നറിയില്ലാ..അതെന്നെവല്ലാണ്ട് വേദനിപ്പിച്ചു..അടുത്തദിവസം അവള്‍ വന്നത് വളരെ ക്ഷീണത്തോടെയായിരുന്നു..അടികിട്ടിയവേദനയെക്കാളധികം എന്നെകാണാത്തതിലുള്ള വിഷമമായിരുന്നു അവള്‍ക്ക്..ഉറ്റിവീഴുന്ന കണ്ണുനീര്‍തുള്ളികള്‍ പുസ്തകത്താളിലെ അക്ഷരങ്ങളെ വേദനിപ്പിച്ചുകൊണ്ടിരുന്നു..ഒഴിവുദിവസം ഞാനും എന്റെ രണ്ടു കൂട്ടുകാരും അവളുടെ എളാപ്പയെ കാണാന്‍ തീരുമാനിച്ചു..അന്നെല്ലാം ബെല്‍റ്റിനുപകരം ഒരു സൈക്കിള്‍ ചൈനായിരുന്നു ഞാന്‍ തുണിക്കുമേലെ കെട്ടിയിരുന്നത് ..അവളുടെ വീട്ടില്‍ ചെന്നെങ്കിലും ആ മനുഷ്യനെ കാണാന്‍ കഴിഞ്ഞില്ലാ..ഞങ്ങള്‍ ചെല്ലുന്നതിനുമുമ്പേ അയാള്‍ മുങ്ങിയിരുന്നു...
ഇതിനിടയിലാണ് ഹമീദ് എന്ന വ്യക്തിയെ ഞാന്‍ പരിചയപ്പെടുന്നത്..സുബൈദയുടെ നാട്ടുകാരന്‍ ..സാമ്പത്തികമായി അല്പം ഉയര്‍ന്നകുടുംബം..സത്യത്തില്‍ ഈ വ്യക്തിക്ക് സുബൈദയൊട് താല്പര്യമുണ്ടായിരുന്നത് എനിക്കറിയില്ലായിരുന്നു..അവളുടെ വീട്ടുകാരുടെ കുറ്റങ്ങള്‍മാത്രമായിരുന്നു ഇയാള്‍ക്കെന്നോട് പറയാനുണ്ടായിരുന്നത് ..

അന്ന് എന്റെ രണ്ട് ജേഷ്ടന്മാരും വിവാഹിതരല്ലായിരുന്നു..എങ്കിലും ഞാനെന്റെ ജേഷ്ടനോട് പറഞ്ഞു ..എനിക്ക് സുബൈദയെ കെട്ടണമെന്ന്..സത്യത്തില്‍ അവളെ ആ നരകത്തില്‍നിന്നും രക്ഷിക്കുക എന്ന ചിന്തമാത്രമായിരുന്നു എനിക്ക് ..ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് എന്റെ ജേഷ്ടന്‍ പറഞ്ഞു .“.നീ കല്ല്യാണപ്രായമെത്തുമ്പോഴേക്കും അവള്‍ക്ക് രണ്ട് കുട്ടികളുണ്ടാവും..ആദ്യം ഞാനൊന്ന് കെട്ടട്ടെ എന്നിട്ടാലോചിക്കാമെന്ന്”

പിന്നീടുള്ള ദിവസങ്ങള്‍ പ്രണയത്തിന്റെ സുഖത്തോടെയും ഒരുപാട് ദു:ഖത്തോടെയും കടന്നുപോയി..എല്ലാവരും പബ്ലിക് എക്സാമിന്റെ തിരക്കിലേക്ക് നീങ്ങിയപ്പോഴും ഞാന്‍ പ്രണയത്തിന്റെ ലഹരിയിലായിരുന്നു..ഓട്ടോഗ്രാഫുകളും കണ്ണുനീരുമായി സ്കൂള്‍ അവധിക്കാലത്തിലേക്ക് കടന്നു..പഠിത്തത്തില്‍ അത്രവലിയ താല്പര്യമില്ലാതിരുന്നതിനാല്‍ അവധിക്കാലം ഫുട്ബോളിന്റെ ലോകത്തിലേക്കാണെന്നെ നടത്തിയത്

രണ്ടാം പരീക്ഷയുടെ ദിവസം ഞാന്‍ പോയത് ഉമ്മയുടെ പുള്ളിസാരി മടക്കിയുടുത്തുകൊണ്ടായിരുന്നു..പരീക്ഷതുടങ്ങുന്നതിനുമുമ്പേ സത്യവതി ചേച്ചി എന്നെ വിളിപ്പിച്ചു..ഈ വേഷത്തില്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു..എഴുതാതെ പോവില്ലെന്നു ഞാനും .. ഞാനിതുമാറ്റണമെങ്കില്‍ ടീച്ചേഴ്സ് പുള്ളിസാരി ഉടുത്തുവരാന്‍ പാടില്ലെന്നും സ്കൂളില്‍ യൂണിഫോം ഇല്ലാത്തതുകൊണ്ട് ഇത് അനുവദനീയമാണെന്നും ഞാന്‍ പറഞ്ഞു..ഒടുവില്‍ ഇനി മേലാല്‍ ഇങിനെ ഉടുത്തുവരരുതെന്ന് താക്കിതു ചെയ്തു എന്നെവിട്ടു..പിന്നീട് റിസള്‍ട്ടിനുള്ള കാത്തിരിപ്പായിരുന്നു..

അതിനിടക്കാണ് എനിക്കൊരു ബ്രിക്സ് ഉണ്ടാക്കുന്ന കമ്പനിയില്‍ ജോലികിട്ടിയത്..രാമനാട്ടുകരയില്‍ പുതുതായി തുടങ്ങിയതായിരുന്നു ഈ കമ്പനി..ലോറിയില്‍ കൊണ്ടുവരുന്നമണ്ണ് എരിഞ്ഞുണ്ടാക്കി കൊട്ടയിലാക്കി മെഷീനിലെത്തിക്കുകയായിരുന്നു ആദ്യത്തെ പണി ..പിന്നീട് ഇഷ്ടിക ഉണ്ടാക്കുന്ന മെഷീനിലേക്കുമാറി..അവിടെനിന്നും ചൂളയിലേക്ക് ...:; ചൂള സത്യത്തില്‍ ഒരു നരകം തന്നെയായിരുന്നു..ആളിക്കത്തുന്ന തീയിലേക്ക് വിറകുകഷണങ്ങള്‍ വാരിയിടുമ്പോള്‍ ഒന്നുകൂടി ആളിക്കത്തുന്ന തീയില്‍ നിന്നും ശരീരത്തിലേക്ക് ഉയരുന്ന തീ ജ്വാലകള്‍ ശരീരത്തിലെ രോമങ്ങളെ കരീക്കുക്കയും ജീവിതത്തിന്റെ പൊള്ളുന്ന കരിഞ്ഞമണം അലോസരപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി എല്ലാം സഹിക്കുകയല്ലാതെ നിവര്‍ത്തിയില്ലായിരുന്നു..വെന്തുരുകുന്ന ശരീരത്തിലൊഴുകുന്ന വിയര്‍പ്പിനും വല്ലാത്ത ചൂടായിരുന്നു..പഴുത്തുതുടങ്ങുന്ന കണ്ണുകളില്‍നിന്നും രക്തത്തിന്റെ നിറമുള്ള കണ്ണുനീര്‍ തുള്ളികള്‍ കവിളില്‍ തളംകെട്ടുമ്പോഴും ആഴ്ചയില്‍കിട്ടുന്ന കൂലിയുടെ ...വിശക്കുന്ന വയറുകളുടെ നൊമ്പരത്തില്‍ അതെല്ലാം സഹിക്കയല്ലാതെ പറ്റില്ലല്ലോ ..ചുട്ടുപഴുക്കുന്ന ഇഷ്ടികകളില്‍നിന്നും വമിക്കുന്ന ചൂട് അതിലും അസഹനീയമായിരുന്നു...ചിലരാത്രികള്‍ ശരീരത്തിന്റെ പൊള്ളിയ നീറ്റല്‍ ഉറക്കമില്ലാതാക്കുമ്പോഴും ഉമ്മയുടെ തലോടലിന്റെ സുഖം എല്ലാം മറക്കാന്‍ എന്നെ സഹായിച്ചു..വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു ചെല്ലാന്‍ അല്പം താമസിക്കുമായിരുന്നു..അതിനെചൊല്ലിയുണ്ടായ വാക്കുതകര്‍ത്തിനൊടുവില്‍ അതുവരെയുള്ള കണക്കു കൂട്ടി ഞാനാ കമ്പനിവിട്ടു...

റിസല്‍ട്ടിന്റെ ദിവസം എല്ലാവരും സ്കൂളിലേക്കുപോയെങ്കിലും ഞാന്‍ പൊയില്ലാ..കാരണം എനിക്കറിയാമായിരുന്നു ഞാന്‍ പാസാവില്ലെന്ന് ..ഒരുദിവസം വിജയന്‍ വന്നുപറഞ്ഞു ..നിന്നോട് മുരളിയേട്ടന്‍ ചെന്നുകാണാന്‍ പറഞ്ഞിട്ടുണ്ടെന്ന് ..ഞാന്‍ കൂടുതല്‍ ബഹുമാനിച്ചിരുന്ന നല്ലമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം ..സന്തോഷം തോന്നിക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു ഏട്ടന്‍ എന്നെ കാത്തിരുന്നത് ..സേവാമന്ദിരം ടീച്ചേഴ്സ് ട്രൈനിംഗ് കോളേജില്‍ [ടി,ടി,സി ] എനിക്കദ്ദേഹം ഒരു സീറ്റ് ശരിയാക്കിയിരുന്നു..അന്നെല്ലാം എട്ടാംക്ലാസിലെ മാര്‍ക്ക് മതിയായിരുന്നു ടിടിസിക്ക് സീറ്റ് കിട്ടാന്‍ ..എന്റെ പുസ്തകത്തിനുള്ള പകുതി പണം അദ്ദേഹം തരാമെന്നും പറഞ്ഞു...പക്ഷേ ബാക്കി പുസ്തകങ്ങളും വസ്ത്രങ്ങളും ഫീസും എനിക്കു താങ്ങാന്‍ പറ്റില്ലെന്നറിയാമായിരുന്നതുകൊണ്ട് ഒരുപാട് സങ്കടത്തോടെ എനിക്കത് സ്നേഹപൂര്‍വ്വം നിരസിക്കേണ്ടിവന്നു.. എങ്കിലും ആ ഒഴിവിലേക്ക് എന്റ്റെകൂടെ പഠിച്ചിരുന്ന മണിയെ ഞാന്‍ റെക്കമെന്റ് ചെയ്തു [മണി ഇന്ന് രാമനാട്ടുകര ഗവ:യു,പി,യില്‍ അദ്ധ്യാപകനാണ് ..ആ നന്ദി ഇപ്പോഴും എന്നെ കാണുമ്പോള്‍ അവനുണ്ട് ] പിന്നീട് ഞാന്‍ പോയത് ഹെഡ്മാസ്റ്ററുടെ അടുത്തേക്കാണ്..ചെയ്തുപോയതിനൊക്കെ മാപ്പ് പറയാന്‍ ..എന്റെ തലയില്‍ തടവിക്കൊണ്ടദ്ദേഹം പറഞ്ഞു.. “ സാരമില്ലാ, സ്കൂളാവുമ്പോ ഇങ്ങിനൊക്കെ ഉണ്ടാവും അതു മറന്നേക്കുക’ ഒരിക്കല്‍കൂടെ പരീക്ഷ എഴുതാനും അദ്ദേഹം പറഞ്ഞു..പക്ഷേ എനിക്കതിനാവില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു.” എങ്കില്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് വൈകുന്നേരം ഖോ-ഖോ ക്യാമ്പ് നടത്തിക്കുടെയെന്ന് ..ഞാനത് സമ്മതിച്ചു..വീണ്ടും സ്ക്കൂളും അതിന്റെ ചുറ്റുപാടുകളും എനിക്കിഷ്ടമായിരുന്നു..അന്നുമുതല്‍ ഞാനും സ്കൂളിലെ ഒരംഗമായി ..സുബൈദ അപ്പോഴും അവിടെപത്തില്‍ പഠിച്ചിരുന്നു..മൂന്നു മാസങ്ങള്‍ പോയതറിഞ്ഞില്ലാ..കുറച്ചുദിവസം സുബൈദയെകണ്ടില്ലാ..അവളുടെ വീട് തേടിപ്പോയ ഞാനറിഞ്ഞത് പൊള്ളുന്ന ഒരു സത്യമായിരുന്നു...”സുബൈദയെ ഹമീദിനു കല്ല്യാണം കഴിച്ചു കൊടുത്തു എന്ന പൊള്ളുന്ന സത്യം” ..അന്നാദ്യമായി ഈ ലോകത്തോടും പ്രണയത്തോടും എനിക്കു വെറുപ്പുതോന്നി..ഒരാഴ്ചക്കുശേഷം സരോജിനി എനിക്കൊരു കത്തുതന്നു..അടുത്ത ശനിയാഴ്ച സുബൈദ എന്നെ കാണാന്‍ വരുന്നു..തുന്നല്‍ക്ലാസിന്റെ മുന്നില്‍ കാത്തിരിക്കുക ..അതായിരുന്നു ആ കത്തില്‍ ..ഞാന്‍ കാത്തിരുന്നു...അവളുടെ കണ്‍നുകള്‍ ഈറനാനെങ്കിലും അന്നവള്‍ ഒരുപാട് സുന്ദരിയായിതോന്നി..എന്റെ കൈ പിടിച്ചുകൊണ്ടവള്‍ പറഞ്ഞു..”“ ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലാ..എങ്കിലും ഞാന്‍ വരാം ഇന്നെവിടെവേണമെങ്കിലും..എത്ര സമയം വേണമെങ്കിലും കൂടെയിരിക്കാം ...കുറച്ചു സമയമെങ്കിലും നമുക്കൊന്നിച്ചു ജീവിക്കാം “” ..അവളുടെ കണ്‍നുനീര്‍തുള്ളികള്‍ എന്റെ കൈത്തലം നനക്കുന്നുണ്ടായിരുന്നു..കൂടെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..എന്റെ മനസ്സിന്റെ വേദന നീര്‍മണികളിലൊതുക്കി ഞാന്‍ പറഞ്ഞു..”“ അരുത് നീ ഇന്നൊരു ഭാര്യയാണ് ..നമ്മള്‍ പ്രണയിച്ചിരിക്കാം ..അതൊരു എഴുതിതീര്‍ന്ന അദ്ദ്യായം ..നീ ജീവിക്കേണ്ടുന്നത് നിന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടിയാണ്..നല്ലൊരു കൂട്ടുകാരനായി എന്നും എന്താവശ്യങ്ങള്‍ക്കും ഞാന്‍ നിന്റെ കൂടെയുണ്ടാവും “” ..അവളുടെ ബാഗില്‍നിന്നും ഒരുഫോട്ടൊ എന്റെ കയ്യില്‍ തന്നിട്ടവള്‍ പറഞ്ഞു.”“ നിങ്ങള്‍ക്കുതരാന്‍ എന്റെ കയ്യില്‍ ഇതുമാത്രമേയുള്ളു”“..അന്ന് ഞാനനുഭവിച്ചത് ശരിക്കും മരണവേദനയായിരുന്നു..പിന്നീടൊന്നും പറയാതെ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഞാന്‍ തിരിഞ്ഞുനടന്നു..പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ഒരു വെക്കേഷനില്‍ ഒരു കല്ല്യാണപ്പുരയില്‍ ഒരു പയ്യന്‍ എന്റെടുത്തുവന്നു..അവന്‍ ചൊദിച്ചു “” നിങ്ങളാണോ അബ്ദുള്ളാ.”‘ ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..”“ അതെ ..നീയാരാ ..എന്തുവേണം.”‘...” നിങ്ങളെ ഒരാള്‍ വിളിക്കുന്നുണ്ടെന്നും പറഞ്ഞ് എന്റെ കൈപിടിച്ചുകൊണ്ടവന്‍ നടന്നു...ഒഴിഞ്ഞസ്ഥലത്ത് ഒരു പുഞ്ചിരിയോടെ സുബൈദ നിന്നിരുന്നു..കൂടെ ഒരു പെണ്‍കുട്ടിയും ..കുശലാന്വേഷണങ്ങള്‍ക്കുശേഷം അവള്‍ പറഞ്ഞു..”“ ഇത് രണ്ടും എന്റെ മക്കളാണ്..ഇവള്‍ നിങ്ങളുടെ അങ്ങാടിയിലുള്ള ഒരു കോളേജില്‍ ട്യൂഷനു പോവുന്നുണ്ട് ..ഒന്നു ശ്രദ്ധിക്കണം ..എന്നിട്ട് മക്കളോട് പറഞ്ഞു..”“ ഇയാള്‍ നിങ്ങള്‍ക്ക് ഉപ്പയെപ്പോലെയാണ്..ആ ബഹുമാനം എപ്പോഴും വേണം”“ കുറേ സമയം സംസാരിച്ചുപിരിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി..അവളൊരുപാട് മാറിയിരിക്കുന്നു..എങ്കിലും എന്റെ മനസ്സിലിപ്പോഴും അവളെന്റെ പഴയ സുബൈദയാണ്..മനസ്സിലൊരു ചിത്രമുണ്ടെങ്കിലും അന്നവള്‍ തന്ന അവളുടെ ചിത്രം ഇന്നും ഞാന്‍ മായാതെ സൂക്ഷിക്കുന്നു..........[ സര്‍ദാര്‍ ]

                                                                        തുടരും ....


9 comments:

  1. നല്ല എഴുത്ത്
    സർദാർഭായിയുടെ എഴുത്തുകൾ വളരെ സുഖം നൽക്കുന്ന വയന്ന്കുള്ളവയാണെന്ന് താങ്കൾ 14 തവണയിലും അതിലും കൂടുതലിലും തെളിയിച്ചിട്ടുണ്ട്........

    തുടരുക ഈ വിവരണം

    ReplyDelete
    Replies
    1. നന്ദി ഷാജു ...നിങ്ങള്‍ നല്‍കുന്ന വാക്കുകളാണ് എന്റെ എഴുത്തുകള്‍ ..

      Delete
  2. ഇപ്പോഴും സൂക്ഷിക്കുന്ന പ്രണയം മനോഹരം ആയി പറഞ്ഞു .....ജീവിതം അങ്ങനൊക്കെ തന്നെ ആണല്ലോ ഏതു...

    ReplyDelete
    Replies
    1. നന്ദി ...ജീവിതം ...നമ്മിലൂടെ കടന്നുപോയത് ..അതേ നമുക്ക് പറയാന്‍ കഴിയൂ ..

      Delete
  3. തുടര്‍ കഥ വായിച്ചിട്ട് പറയാം ..ഒരു ഫോട്ടോ തന്നു അവള്‍ കടന്നു കളഞ്ഞു അത് ഏതായാലും ശെരിആയില്ല ..

    ReplyDelete
    Replies
    1. നന്ദി ..അന്നവള്‍ക്ക്.. അല്ലെങ്കില്‍ എനിക്ക് അതിനേ കഴിയൂ..പ്രായം അതായിരുന്നല്ലോ ...

      Delete
  4. Replies
    1. നന്ദി ...പ്രണയം എന്നിലൂടെ പെയ്തിറണ്‍ഗിയത് ...

      Delete
  5. നല്ല എഴുത്ത് . ഒരു പാട് ഇഷ്ടമായി. അടുത്തതിനു കാത്തിരിക്കുന്നു..

    ReplyDelete