Saturday, November 19, 2011

എന്റെ ഇന്നലകള്‍..ഭാഗം ..പതിമൂന്ന്..ഒരു മാപ്പ് പറച്ചില്‍..

 ഒമ്പതാം ക്ലാസ് കൊല്ലപ്പരീക്ഷയും കഴിഞ്ഞ് നേരെപോയത് രാമനാട്ടുകര റൂബി ബേക്കറിയുടെ അപ്പക്കൂട്ടിലേക്കാണ്...[അപ്പക്കൂട് എന്നുപറഞ്ഞാല്‍ ബേക്കറിയിലേക്കുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്നസ്ഥലം] സത്യത്തില്‍ ഇത് ചെറിയൊരു ചൂളയാണ്..എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വലിയ അടുപ്പുകള്‍..ഇതില്‍ ഹലുവ ഉണ്ടാക്കുന്നവനെ സഹായിക്കുക എന്നതായിരുന്നു എന്റെ ജോലി..ആദ്യമൊക്കെ അടുപ്പിലെ തീയെന്നെ വല്ലാണ്ട് പേടിപ്പെടുത്തിയിരുന്നു..വിയര്‍പ്പില്‍ മുങ്ങുന്ന ശരീരത്തില്‍നിന്നും തോര്‍ത്തുകൊണ്ട് പിഴിയാന്‍ മാത്രം വെള്ളമുണ്ടാവും..പിന്നീട് അതെല്ലാം ജീവിതത്തിന്റെ ഭാഗമായിതീര്‍ന്നു..അന്നെല്ലാം ശരിക്കും ആഘോഷവുമായിരുന്നു..വൈകുന്നേരമാവുമ്പോഴേക്കും വില്‍പ്പനക്ക് പറ്റാത്ത ബിസ്ക്ക്റ്റ് കഷണങ്ങളും മറ്റും എന്റെ കടലാസ് പൊതി നിറക്കുമായിരുന്നു..എല്ലാ ആഴ്ചകളിലും കയ്യില്‍കിട്ടുന്ന കൂലി വീട്ടിലെ അത്യാവശ്യ ചിലവുകള്‍ക്കുകൂടി ഞാന്‍ ഉപയോഗിച്ചു..


      പത്താംക്ലാസിലേക്കുള്ള പ്രവേശനം കേമം തന്നെയായിരുന്നു..അന്നൊന്നും ഞങ്ങളുടെ സ്കൂളില്‍ യൂനിഫോം ഇല്ലാത്തതുകൊണ്ട് നമുക്കിഷ്ടമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്..ഇത്തവണ ക്ലാസ് തുടങ്ങുന്നതിനുമുമ്പേ ഒരുകാര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നു..പത്താംക്ലാസ് അടിച്ചുപൊളിക്കുക..അതിനൊരു പ്രണയം ആവശ്യമാണല്ലോ..വിജയനും വിശ്വനും ഒരു ഡിമാന്റ് വെച്ചു..ഹിന്ദുക്കുട്ടികളെ പ്രേമിക്കരുത്..അങ്ങിനെ പ്രേമിച്ചാല്‍ അവരെന്നെ തല്ലിക്കൊല്ലുമെന്നും പറഞ്ഞു...ഇതിനുമറ്റൊരു കാരണമുണ്ടായിരുന്നു..ഇവരുടെ കുടുംബത്തില്പെട്ട പലകുട്ടികളും അവിടെ പഠിച്ചിരുന്നു..സ്കൂള്‍ തുറന്ന ഉടനെയായിരുന്നു അത്തവണത്തെ ഖൊ-ഖൊ സംസ്ഥനമീറ്റ്...ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും സെലക്ഷനുള്ളതുകൊണ്ട് ഹെഡ്മാസ്റ്ററുടെ പെര്‍മിഷനുവേണ്ടി ഓഫീസിലേക്കു ചെന്നു...രാധേട്ടന്‍ റിട്ടേര്‍ഡായ ഒഴിവിലേക്ക് വന്നത് ചന്തുകുട്ടി മാസ്റ്ററായിരുന്നു..ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ അടുത്ത് കാണുന്നത്.പോവാനുള്ള പെര്‍മിഷന്‍ തന്നശേഷം എന്നോട്പറഞ്ഞു..”താനവിടെ നില്‍ക്ക്..ഒരുകാര്യം പറയാനുണ്ട് “..അല്പം പേടിയോടെ ഞാനവിടെത്തന്നെ നിന്നു...ആദ്യമായിട്ടുകാണുന്ന ഇദ്ദേഹത്തിനെന്താണ് എന്നോട് പറയാനുള്ളത്..എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിട്ടദ്ദേഹം പറഞ്ഞു..“നിന്നെകുറിച്ച് ഞാനറിഞ്ഞു..വല്ലാതെ ഇവിടെകിടന്ന് വിളയണ്ടാ..ഞാന്‍ രാധേട്ടനല്ല..പൊയ്ക്കോളൂ.”..ഓഫീസിന്ന് പുറത്തിറങ്ങിയപ്പോ വിജയനും വിശ്വനും കാത്തുനിന്നിരുന്നു...അവരോട് ഞാന്‍ പറഞ്ഞു “അങ്ങേരെന്നെ പേടിപ്പിച്ചു..രാധേട്ടനല്ല പോലും”..കോട്ടയം പാലായിലായിരുന്നു സ്റ്റേറ്റ് മീറ്റ്..അവിടെയുള്ള ഒരു സ്കൂളിന്റെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് താമസിക്കാന്‍ തന്നത്.സീനിയര്‍ പ്ലയേഴ്സിനുകൂടെയായിരുന്നു താമസം..കുട്ടപ്പനും ഷാജിയുമായിരുന്നു എല്ലാത്തിനും മുന്നില്‍.കളികഴിഞ്ഞാല്‍ ഇവരുടെ വരവ് കള്ളും കുടിച്ചായിരുന്നു..എല്ലാതരത്തിലും ആസ്വദിച്ച ദിവസങ്ങളായിരുന്നു അത്..

കളികഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും യൂത്ത്ഫെസ്റ്റിവലിന്റെ ഒരുക്കത്തിലേക്ക് നീങ്ങിയിരുന്നു.യൂത്ത്ഫെസ്റ്റിവലിന്റെ റിഹേഴ്സല്‍ഹാളിലേക്ക് എനിക്കു പ്രവേശനം നിശിദ്ദമായിരുന്നു..പോയവര്‍ഷങ്ങളില്‍ അല്ലറചില്ലറ വികൃസുകള്‍ ഒപ്പിച്ചതായിരുന്നു കാരണം..എങ്കിലും ഒരു ദിവസം നാടക റിഹേഴ്സലിന്റെ ഹാളില്‍ ഞാന്‍ കയറിക്കൂടി..കൂടെ വാലറ്റവും ഉണ്ടായിരുന്നു..റിഹേഴ്സല്‍ നടക്കുന്നുണ്ടായിരുന്നു..ഗീതയായിരുന്നു രംഗത്ത് ..കൂടെ രാജേഷും..ശ്രീധരന്‍ മാഷായിരുന്നു ഡയലോഗ് പറഞ്ഞുകൊടുത്തിരുന്നത്...ഞാന്‍ ചെന്നപ്പോള്‍ രാജേഷ് ഗീതയോട് പറയുന്നത് “ സഖീ നമുക്കാ പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് പോവാം” എന്നായിരുന്നു..പ്രതീക്ഷിക്കാതെ എന്റെ വായില്‍നിന്നും അതിനു മറുപടിവന്നു..“ എന്തിനാണ് സഖാ തൂറാനാണോ “അവിടെ ഉയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ കൂടെയുള്ളവര്‍ മുങ്ങിയിരുന്നു..ഞാന്‍ മുങ്ങുന്നതിനുമുമ്പേ ശ്രീധരന്‍ മാഷ് എന്നെ പൊക്കിയിരുന്നു.അന്നത്തെ റിഹേഴ്സല്‍ അതോടെ കുളമായി..എന്നേയുംകൊണ്ട് നേരെപ്പോവുന്നത് ഹെഡ്മാസ്റ്ററുടെ അടുത്തേക്കാണെന്ന് എനിക്കുമനസ്സിലായി..ഒടുവില്‍ ഒരായിരം മാപ്പ് പറഞ്ഞ് ഞാനവിടുന്ന് രക്ഷപ്പെട്ടു..പക്ഷേ ഒരു കണ്ടീഷനുണ്ടായിരുന്നു,മേലാല്‍ റിഹേഴ്സല്‍നടക്കുന്ന പരിസരത്തുപോലും കണ്ടുപോവരുതെന്ന്,,

   ടീച്ചേഴ്സ് റൂമിനു പിന്നിലുള്ള ചെറിയകിണറില്‍നിന്നായിരുന്നു ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ ഭക്ഷണം കഴിച്ചപാത്രങ്ങള്‍ കഴുകിയിരുന്നത്.[ഇന്ന് പൈപ്പ് ലൈനുകളുണ്ട്] ചിലപ്പോഴൊക്കെ എങ്ങിനെയോ പാത്രങ്ങള്‍ കിണറില്‍ വീഴുമായിരുന്നു..കിണറിലിറങ്ങിപാത്രം എടുത്ത് കൊടുക്കുകയെന്നത് ഒരു ഹരമായിരുന്നു..ഒരുദിവസം പാത്രം വീണെന്നറിഞ്ഞാണ് ഞങ്ങള്‍ ചെന്നത്, അവിടെ വെളുത്ത് സുന്ദരിയായ ഒരു ഇത്താത്തക്കുട്ടി നിന്നിരുന്നു,കിണറിലിറങ്ങി പാത്രമെടുത്ത്കൊടുത്ത് പോരുമ്പോള്‍ ഞാനവളോട് പറഞ്ഞു “ഇനി ഈ വെള്ളം കുടിക്കണ്ടാ...ഞാനതില്‍ മൂത്രമൊഴിച്ചിട്ടുണ്ട് “ ഈവാര്‍ത്ത സ്കൂളിലെ കുട്ടികളിലെത്താന്‍ അധികം താമസം വേണ്ടിവന്നില്ലാ,കോരുവേട്ടന്റെ മെമ്മോയുമായുള്ള വരവ് കണ്ടപ്പഴേ എനിക്കുതോന്നി അതെനിക്കുള്ളതാണെന്ന്,നേരെ ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക്..ഞാന്‍ തമാശപറഞ്ഞതാണെന്ന് എത്രതന്നെ സത്യം ചെയ്തുപറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ലാ.അദ്ദേഹത്തിനുപറയാനുള്ളത് ഒന്നുമാത്രമായിരുന്നു..കിണറിലുള്ള വെള്ളം മുഴുവനും മോട്ടോര്‍കൊണ്ടുവന്ന് അടിച്ചുവറ്റിക്കുക..അതും എന്റെ ചിലവില്‍,കാരണം ആ കിണറിലുള്ള വെള്ളമായിരുന്നു ടീച്ചേഴ്സും ഉപയോഗിച്ചിരുന്നത്..ഒടുവില്‍ ആദ്യമായി സ്കൂളില്‍ ഞാനൊരു ബക്കറ്റ് പിരിവു നടത്തി...


    യുവജനൊത്സവത്തിന്റെ  ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു,ടാബ്ലോ അവതരിപ്പിക്കാനുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍,ഒടുവില്‍ യേശുവിനെ കുരിശില്‍ തറച്ചിട്ടിരിക്കുന്നത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു,കുറച്ച് നീളവും മുടിയുമുള്ളതുകൊണ്ട് എന്നെതന്നെയാണെല്ലാവരും കുരിശിലേറ്റാന്‍ തീരുമാനിച്ചത്..വലിയൊരു കുരിശുണ്ടാക്കി, കുരിശില്‍ നില്‍ക്കാന്‍ സ്റ്റേജിന്റെപിന്നിലൂടെ വീതികുറഞ്ഞ ഒരു പലക ആരും കാണാത്തരീതിയില്‍ തള്ളിവെച്ചു,ആ പലകയുടെ ചെറിയൊരു ഭാഗം കുരിശില്‍നിന്നും അല്പം മുന്നോട്ട് തള്ളിവെച്ചു..അതിന്റെ അറ്റത്തായിരുന്നു എന്റെ നില്പ്..വളരെകുറഞ്ഞഭാഗം മാത്രമേ പുറത്തേക്കുള്ളു,,അതില്‍ ഒരുവിധം ഞാന്‍ നില്പുറപ്പിച്ചു..കര്‍ട്ടന്‍ പൊങ്ങി..അതേസമയംതന്നെ പിന്നില്‍നിന്നും ആരൊ പലകവലിച്ചു...യേശുവും കുരിശും ഒരു അലര്‍ച്ചയോടെ ഓഡിയനസിന്റെ മുന്നിലേക്ക് തലയും കുത്തിവീണു..പ്രതീക്ഷിക്കാത്തവീഴ്ചയായതുകൊണ്ട് ചില്ലറ പരിക്കുപറ്റി...എല്ലാവരുടേയും ആര്‍പ്പുവിളിയിലും പൊട്ടിച്ചിരിയിലും വേദനസഹിച്ചുകൊണ്ട് അഴിഞ്ഞുവീണ ഉടുതുണിയും പൊക്കിപ്പിടിച്ചുകൊണ്ട് ഞാനോടി...പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഞാനറിഞ്ഞു പലകവലിച്ചത് ശങ്കരനാരായണന്‍ ആയിരുന്നെന്ന്..നല്ലൊരു അടിനടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു ..പക്ഷേ എനിക്കെന്തോ അതിനു തോന്നിയില്ലാ...

    സേവാമന്ദിരം സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അന്നെല്ലാം യുവജനോത്സവത്തിലെ ജഡ് ജ് മാര്‍ക്കൊരു സ്വാര്‍ത്ഥ താല്പര്യം ഉണ്ടായിരുന്നു..കാരണം അതിനുമുമ്പ് നടന്ന രണ്ട് വര്‍ഷങ്ങളിലും മലയാളം പാട്ടിന് ഒന്നാം സമ്മാനം കൊടുത്തത് സ്ക്കൂളിലെ ടീച്ചറുടേ ബന്ധുവായ ഒരു പെണ്‍കുട്ടിക്കായിരുന്നു..ആ കുട്ടിക്ക് അതിനര്‍ഹതയില്ലെങ്കില്‍ പോലും..എന്റെ അടുത്ത സ്നേഹിതനായ സന്തോഷിന്റെ [ സോളാര്‍ ഇലക്ട്രോണിക്സ് ] പെങ്ങള്‍ മലയാളം പാട്ടിനുണ്ടായിരുന്നു..അവള്‍ക്കൊരു ഗിഫ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..രാമനാട്ടുകര ഫേവറൈറ്റ് സ്റ്റൊറില്‍നിന്നും ഒരു പായ്ക്കറ്റ് ചൊക്ലൈറ്റ് വാങ്ങി--കലയില്‍ മാത്രമല്ല പഠിത്തത്തിലും ശ്രദ്ധിക്കുക-- എന്നെഴുതിയ ഒരു കടലാസ് തുണ്ട് ആ പാക്കറ്റിനുകൂടെവച്ചു..ഗിഫ്റ്റ്പേപ്പറില്‍ പൊതിഞ്ഞ് അവളുടെ പേരെഴുതി ഞാന്‍ തങ്കപ്പേട്ടനെ ഏല്പിച്ചു...അദ്ദേഹമാണ് സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്...ഞങ്ങള്‍ കരുതിയപോലെ പാട്ടിന് ഒന്നാം സമ്മാനം കിട്ടിയത് ടീച്ചറുടെ ബന്ധുവിനുതന്നെയായിരുന്നു..ഞാന്‍ കൊടുത്ത ഗിഫ്റ്റ് സന്തോഷിന്റെ പെങ്ങള്‍ക്ക് കൊടുത്തുമില്ലാ..അതിന്റെ കാരണമറിയാന്‍ ഞാനും കൂട്ടുകാരും സ്റ്റേജിന്റെ മുന്നിലേക്ക്ചെന്ന് തങ്കപ്പേട്ടനോട് ചോദിച്ചു...ഹെഡ്മാസ്റ്റര്‍ കൊടുക്കേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് കൊടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു..എങ്കിലതു തിരിച്ചുതരാന്‍ പറഞ്ഞപ്പോള്‍ അത് ഹെഡ്മാസ്റ്റര്‍ പൊട്ടിച്ചെന്നും എല്ലാവരുംകൂടെ തിന്നു എന്നും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു..അതെന്നെ സംബന്ധിച്ച് ഒരു വേദനയായിരുന്നു..എന്റെ ദേഷ്യം എനിക്കടക്കാന്‍ കഴിഞ്ഞില്ലാ..സ്റ്റേജിന്റെ എതിര്‍വശത്തായ് പരിപാടികള്‍ കണ്ടുകൊണ്ട് ഹെഡ്മാസ്റ്ററും അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുഖ്യാഥിതികളും ടീച്ചേഴ്സുമെല്ലാം ഇരുന്നിരുന്നു..ഞാന്‍ നേരെ അങ്ങോട്ടുനടന്നു..അവരുടെ മുന്നില്‍ചെന്ന് ഞാന്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു,”എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു”..അദ്ദേഹം എന്നെയൊന്ന് തുറിച്ചുനോക്കിയിട്ടുപറഞ്ഞു “എന്താണെങ്കിലും പരിപാടി കഴിഞ്ഞിട്ടുപറയാം” എന്ന്..പക്ഷേ എന്റെ ദേഷ്യം എന്നെ വിട്ടുപോയിരുന്നില്ലാ..എനിക്കിപ്പോതന്നെ ചോദിക്കണമെന്നയി ഞാന്‍ ..അപ്പോഴേക്കും സ്റ്റേജിനുമുന്നിലെ കുട്ടികള്‍ എഴുനേറ്റ് നില്‍ക്കുകയും പരിപാടികള്‍ മുടങ്ങുകയും ചെയ്തിരുന്നു..ഞാന്‍ പിന്മാറില്ലെന്നറിഞ്ഞതുകൊണ്ടാവാം എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു..പക്ഷേ അതിനു ഞാന്‍ തയ്യാറല്ലായിരുന്നു..എനിക്കിവിടുന്ന് ചോദിക്കണമെന്നായി ഞാന്‍...അപ്പോഴേക്കുംസ്ക്കൂള്‍ മൊത്തത്തില്‍ ഞങ്ങളെ വളഞ്ഞുകഴിഞ്ഞിരുന്നു..’ഞാന്‍ ഗിഫ്റ്റ് കൊടുത്ത മിഠായി ഏട്ടനെടുത്തൂന്നു പറഞ്ഞു അതെനിക്ക് തിരിച്ചുകിട്ടണം”.പക്ഷേ അദ്ദേഹം വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു “പേഴ്സണല്‍ ഗിഫ്റ്റുകള്‍ കൊടുക്കേണ്ടെന്നാണ് മാനേജ് മെന്റിന്റെ തീരുമാനം ..അതുകൊണ്ടാണത് കൊടുക്കാതിരുന്നത്,,പിന്നെ തന്റേതാണല്ലോന്ന് കരുതി ഞങ്ങളതങ്ങ് തിന്നു”..എങ്കില്‍ ഈ തീരുമാനം ഗിഫ്റ്റ് വാങ്ങുന്നതിനു മുമ്പ് പറയണമായിരുന്നെന്നും ഗിഫ്റ്റ് തിരിച്ചുതരണമെന്നും അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ മാപ്പുപറയണമെന്നും  ഞാന്‍ ശഠിച്ചു..ഇതോടെ ടീച്ചേഴ്സും കുട്ടികളും രണ്ടു ചേരിയിലായി..ഹെഡ്മാസ്റ്റര്‍ ചെയ്തത് തെറ്റാണെന്ന് ഒരുവിഭാഗവും ഞാനാണ് തെറ്റുകാരനെന്ന് മറുവിഭാഗവും...എങ്കിലും വിദ്യാര്‍ത്ഥികളില്‍ ഭുരിഭാഗവും എന്റെ പക്ഷത്തുനിന്നതോടെ എല്ലാപരിപാടികളും മുടങ്ങി...ബാക്കികൊടുക്കാനുള്ള സമ്മാനങ്ങള്‍ അടുത്ത അസംബ്ലിയില്‍ കൊടുക്കുമെന്ന് വിളിച്ചുപറഞ്ഞ് പരിപാടികള്‍ പിരിച്ചുവിട്ടു..എന്നാല്‍ ഹെഡ്മാസ്റ്റര്‍ മാപ്പ് പറയുന്നതുവരെ ക്ലാസുകള്‍ നടക്കില്ലെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു...വിജയേട്ടനും മുരളിയേട്ടനും മറ്റുചില അദ്ധ്യാപകരും എന്റെ കൂടെനിന്നു...പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് സ്ക്കൂള്‍ തുറന്നത്..ക്ലാസ് തുടങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെഡ്മാസ്റ്റര്‍ അസംബ്ലി വിളിച്ചു...എല്ലാകുട്ടികളും കൂട്ടം കൂടി നിന്നു...ഒടുവില്‍ ഓഫീസില്‍നിന്നും പുറത്തേക്ക് വന്ന ഹെഡ്മാസ്റ്റര്‍ കുട്ടികളോടായി പറഞ്ഞു..”ഞാന്‍ ചെയ്തത് ഒരു മാപ്പുപറയാന്‍ മാത്രമുള്ള തെറ്റാണെന്ന് എനിക്കു തോന്നുന്നില്ലാ..നിങ്ങളെയൊക്കെ ഞാന്‍ കാണുന്നത് എന്റെ കുട്ടികളെപ്പോലെയാണ്..ഈ കാര്യത്തില്‍ ചില അദ്ധ്യാപകര്‍പോലും എനിക്കെതിരായതില്‍ അതിയായ ദു:ഖമുണ്ട്..എങ്കിലും ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു’...ഇത്രയും പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് കയറിപ്പോയി...എല്ലാ കുട്ടികളും ആഘോഷിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ എവിടെയോ വേദനിപ്പിച്ചു..അന്ന് ക്ലാസില്‍ കയറാന്‍ എനിക്കു തോന്നിയില്ലാ...ഏതോ ഒരു കുറ്റബോധം എന്നെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു....                ....... വീണ്ടും കാണാം....

19 comments:

  1. അപ്പോള്‍ ഒപ്പിച്ചിട്ടുള്ള വേലത്തരങ്ങള്‍ ചില്ലറയല്ലല്ലേ ? മക്കള്‍ കാണണ്ട ;)

    ReplyDelete
  2. ഒരു കൊച്ചു സര്‍ദാരിന്റെ വികൃതികള്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന നന്മ നിറഞ്ഞൊരു മനസ് ....!!!!!
    ഹൃദയസ്പര്‍ശിയായി എഴുതി ചേര്‍ത്തിരിക്കുന്നു ..
    ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...

    ReplyDelete
  3. നന്ദി...ഷിഹാബ് & ലാലാ....ഇവിടെ വന്നെത്തിയതിന്..

    ReplyDelete
  4. ഹൊ...അസുരവിത്ത്‌....... ഇയാളെ പഠിപ്പിച്ച (ഇയാള്‍ പഠിപ്പിച്ച) മാഷന്മാര്‍ക്ക് കൂപ്പുകൈ....

    ReplyDelete
  5. ശരിക്കും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെ.... ഇതൊക്കെ ഈ വയസ്സ് കാലത്തും ഓര്‍ത്തിരിക്കുന്നത് അത്ഭുതം തന്നെ...:)

    ReplyDelete
  6. നന്ദി...എല്ലാവര്‍ക്കും....വീണ്ടും വരിക....

    ReplyDelete
  7. ഓര്‍മകളെ ........................................ ശരിക്കും അനുഭവിപ്പിച്ചു ഈ അനുഭവക്കുറിപ്പ് .............

    ReplyDelete
  8. ormmakal idmuriyaathe ozhuki etthatte...nannaayi paranju pokunnu sardarjee thaankal...!

    ReplyDelete
  9. ഈ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി....
    വീണ്ടും കാണാം... :)

    ReplyDelete
  10. ഇന്നാണ് ഫുള്‍ വായിക്കാന്‍ കഴിഞ്ഞത്!
    നിങ്ങള്‍ ഒരു സമ്പവതന്നെയാണേ............സമ്മതിച്ചു ഭായി
    ഒരുപാട് നല്ല ഓര്‍മകള്‍ തരുന്ന ഒരു വസന്തകാലമാണ് നമ്മുടെ സ്ക്കൂള്‍ ജീവിതം, അത് താങ്കള്‍ നല്ല രീതിയില്‍ വിവരിച്ചു
    ആശംസകള്‍
    തുടരുക

    ReplyDelete
  11. അതില്‍ പലക വലിച്ചത് ഇഷ്ടായി, ആ തലയും കുത്തിവീണത് കണാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു നിരാശ

    ReplyDelete
  12. തെറ്റ് ചെയ്ത ആള് തന്നെ ആ തെറ്റിനെ സമ്മതിക്കുമ്പോള്‍ ആ തെറ്റിനെ വെളിച്ചത് കൊണ്ടുവരാന്‍ മുന്നിട്ടിരങ്ങിയവക്ക് ഒരു സഹതാപം പ്രതിയോട് ഉണ്ടാവും അത് തന്നെ നേര്‍ വഴിക്ക് നടത്തേണ്ട അദ്ധ്യ പകന്‍ തന്നെ ആവുമ്പോള്‍ അതിനു ആക്കം കൂടും ബാക്കി തുടരട്ടെ

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഇന്നാണ് ഭായ് നിങ്ങളുടെ ബ്ലോഗ്‌ കണ്ടത് ...... ഒറ്റയിരിപ്പിനു 13 ഭാഗങ്ങളും വായിച്ചു....... ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു............

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. വായനാ സുഖം നല്‍കി, രസകരമായി പറഞ്ഞു. സ്കൂളിലെ പക്വതയെത്താത്ത കുട്ടിത്തരങ്ങളും, കുസൃതികളും ആ കാലത്തേക്ക്‌ കുറച്ച്‌ നേരത്തേക്ക്‌ കൂട്ടിക്കൊണ്‌ട്‌ പോയി. അതി ഭാവുകത്വമൊന്നുമില്ലാതെ തന്‍മയത്തത്തോടെ അവതരിപ്പിച്ചു. നാടക റിഹേഴ്സലും, കിണറിലെ മൂത്രമൊഴിക്കലുമെല്ലാം ജോറായി.. എടുത്തു പറയേണ്‌ട കുറവ്‌, ... അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നതായി എനിക്ക്‌ തോന്നി. അത്‌ ചിലപ്പോള്‍ എന്‌റെ വെറും തോന്നലാകാം. ആശംസകള്‍ ഇനിയും എഴുതുക.

    ReplyDelete
    Replies
    1. നന്ദി ബായ് ...ശ്രദ്ധിക്കാം ...

      Delete