Thursday, July 5, 2012

പ്രണയ സത്യം .

അവിടെമാകെ മരണത്തിന്റെ മണമായിരുന്നു ..പ്രാണന്‍ വെടിഞ്ഞിട്ടും പ്രണയിനിയെ വിട്ടുപിരിയാനാവാതെ ഒരു പക്ഷേ ആത്മാവ് അവിടെത്തന്നെ അലയുന്നതുകൊണ്ടാവാം..യഥാര്‍ത്ത പ്രണയം ആത്മാവുകള്‍ തമ്മിലാണെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മവന്നു ..പ്രണയിനിയെ ഒറ്റക്കുവിട്ട് ,,,,ഓ മാങ്ങാത്തൊലി..ഇന്നിലോകത്ത് എന്ത് പ്രണയം ...എലാം കാമിക്കലല്ലേ ..
     തുറന്നിട്ട ജനവാതിലിനരികില്‍ ..തുരുമ്പിച്ച് തീരാറായ ജനല്‍ കമ്പികളില്‍ തൊടാതെ നീണ്ട് പരന്നുകിടന്ന് ആര്‍ത്തടിക്കുന്ന തിരമാലകളെ നോക്കിനിന്നു ..വെറുതെ,,,ഭ്രാന്തമായലറുന്ന തിരമാലകള്‍,,, ഒരു പക്ഷേ ഈ തിരമാലകളെ തീരം പ്രണയിച്ചു വഞ്ചിച്ചതായിരിക്കുമോ ...തീരത്തെ വിഴുങ്ങാനുള്ള തിരയുടെ കോപപ്പെടല്‍ ഒരു പക്ഷേ അതായിരിക്കും ..

   മുറിയലപ്പോഴും അമ്മയുടെ തേങ്ങല്‍ നിലച്ചിരുന്നില്ലാ..വെറുതെ പാഴായ്പ്പോയ ഒരു ജന്മം ..പ്രണയ വഞ്ചനയുടെ മൂകസാക്ഷി ..അല്ലേലും ആണുങ്ങളെ പൊതുവേ വിശ്വസിക്കാന്‍ കൊള്ളില്ലാ..പ്രണയിക്കുന്നവരെ ഭാര്യയാക്കാന്‍ അവര്‍ക്കെന്തോ...അതിനവര്‍ പലകാരണങ്ങളുമുണ്ടാക്കും ..എന്റെ പ്രണയിനിയിപ്പോള്‍ എവിടെയാണാവോ...

  “ദേ ഈ കുഞ്ഞിനൊന്ന് പിടിച്ചേ..വല്ലാണ്ട് കരയുന്നു “..മരിച്ചത് തന്റെ അച്ചനെന്നുപറയുന്ന ആളല്ലേ ..ചിരിക്കാന്‍ തനിക്കു പറ്റില്ലല്ലോ...എങ്കിലും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..”പാവം കൊച്ചിനുമറിയാം ഇതൊരു മരണവീടാണെന്ന് “...ഒന്ന് തുറിച്ചുനോക്കി ദേഷ്യം കണ്ണിലൊതുക്കി അവള്‍ തിരിച്ചു നടന്നു..

അമ്മയുടെ പ്രണയ സമ്മാനമാണു ഞാന്‍ ..ആരുമറിയാതെ മൂടിവെച്ചുണ്ടാക്കിയ നിധി..അവിവാഹിതയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന സുഖം ..മത ഗോത്ര വര്‍ഗ്ഗങ്ങളുടെ ഭ്രാന്തന്‍ കണ്ണുകള്‍ക്ക് എന്തറിയാം മനസ്സുകളുടെ ഇഷ്ടം ..താലിച്ചരടുകള്‍ക്ക് മനസ്സുകളെ ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കാത്ത ഈ സമൂഹത്തിനോട് ഇന്നെനിക്കും പുഛം തോന്നുന്നു ..അങ്ങിനെ അല്ലായിരുന്നെങ്കില്‍ താലികെട്ടിയവള്‍ ജീവിതാവസാനനാളില്‍ അച്ചനെ തെരുവിലിറക്കില്ലായിരുന്നല്ലോ...ഒടുവില്‍ പ്രണയം വറ്റാത്ത മനസ്സുമായ് കയറിവന്ന മനുഷ്യനെ മഞ്ഞനൂലണിയാതെ അമ്മ സ്വീകരിച്ചിരുത്തി..ഒന്നിച്ചുറങ്ങാതെ കടന്നുപോയ വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇന്നിവിടെ ദൈവവും കയ്യൊഴിഞ്ഞു...

 ഇളം കാറ്റിനു വല്ലാത്തൊരു കുളിര്‍ ..കാറ്റില്‍ ഇതുവരെ അനുഭവിക്കാത്ത മധുരമുള്ള മണം...
 തൊട്ടടുത്ത മുറിയില്‍നിന്നും പ്രിയതമയുടെ നിലവിളി എന്നെ പേടിപ്പെടുത്തി..കുഞ്ഞിനെ താഴെവച്ച് ഓടിച്ചെന്നു..

 “ചേട്ടാ.....അമ്മ”,,,

   ഒരു സത്യമായ പ്രണയം അവിടെ അവസാനിച്ചിരുന്നു..ശരിയാണ്..മോഹങ്ങളില്ലാത്ത പ്രണയങ്ങളെല്ലാം സത്യസന്ധമായതായിരിക്കും ...ഒരു പക്ഷേ ഞാനനുഭവിച്ച മധുരമായ മണം ഈ രണ്ടാത്മാക്കളുടെ കൂടിച്ചേരലായിരിക്കാം ......[ സര്‍ദാര്‍ ]

Saturday, November 19, 2011

എന്റെ ഇന്നലകള്‍..ഭാഗം ..പതിമൂന്ന്..ഒരു മാപ്പ് പറച്ചില്‍..

 ഒമ്പതാം ക്ലാസ് കൊല്ലപ്പരീക്ഷയും കഴിഞ്ഞ് നേരെപോയത് രാമനാട്ടുകര റൂബി ബേക്കറിയുടെ അപ്പക്കൂട്ടിലേക്കാണ്...[അപ്പക്കൂട് എന്നുപറഞ്ഞാല്‍ ബേക്കറിയിലേക്കുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്നസ്ഥലം] സത്യത്തില്‍ ഇത് ചെറിയൊരു ചൂളയാണ്..എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വലിയ അടുപ്പുകള്‍..ഇതില്‍ ഹലുവ ഉണ്ടാക്കുന്നവനെ സഹായിക്കുക എന്നതായിരുന്നു എന്റെ ജോലി..ആദ്യമൊക്കെ അടുപ്പിലെ തീയെന്നെ വല്ലാണ്ട് പേടിപ്പെടുത്തിയിരുന്നു..വിയര്‍പ്പില്‍ മുങ്ങുന്ന ശരീരത്തില്‍നിന്നും തോര്‍ത്തുകൊണ്ട് പിഴിയാന്‍ മാത്രം വെള്ളമുണ്ടാവും..പിന്നീട് അതെല്ലാം ജീവിതത്തിന്റെ ഭാഗമായിതീര്‍ന്നു..അന്നെല്ലാം ശരിക്കും ആഘോഷവുമായിരുന്നു..വൈകുന്നേരമാവുമ്പോഴേക്കും വില്‍പ്പനക്ക് പറ്റാത്ത ബിസ്ക്ക്റ്റ് കഷണങ്ങളും മറ്റും എന്റെ കടലാസ് പൊതി നിറക്കുമായിരുന്നു..എല്ലാ ആഴ്ചകളിലും കയ്യില്‍കിട്ടുന്ന കൂലി വീട്ടിലെ അത്യാവശ്യ ചിലവുകള്‍ക്കുകൂടി ഞാന്‍ ഉപയോഗിച്ചു..


      പത്താംക്ലാസിലേക്കുള്ള പ്രവേശനം കേമം തന്നെയായിരുന്നു..അന്നൊന്നും ഞങ്ങളുടെ സ്കൂളില്‍ യൂനിഫോം ഇല്ലാത്തതുകൊണ്ട് നമുക്കിഷ്ടമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്..ഇത്തവണ ക്ലാസ് തുടങ്ങുന്നതിനുമുമ്പേ ഒരുകാര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നു..പത്താംക്ലാസ് അടിച്ചുപൊളിക്കുക..അതിനൊരു പ്രണയം ആവശ്യമാണല്ലോ..വിജയനും വിശ്വനും ഒരു ഡിമാന്റ് വെച്ചു..ഹിന്ദുക്കുട്ടികളെ പ്രേമിക്കരുത്..അങ്ങിനെ പ്രേമിച്ചാല്‍ അവരെന്നെ തല്ലിക്കൊല്ലുമെന്നും പറഞ്ഞു...ഇതിനുമറ്റൊരു കാരണമുണ്ടായിരുന്നു..ഇവരുടെ കുടുംബത്തില്പെട്ട പലകുട്ടികളും അവിടെ പഠിച്ചിരുന്നു..സ്കൂള്‍ തുറന്ന ഉടനെയായിരുന്നു അത്തവണത്തെ ഖൊ-ഖൊ സംസ്ഥനമീറ്റ്...ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും സെലക്ഷനുള്ളതുകൊണ്ട് ഹെഡ്മാസ്റ്ററുടെ പെര്‍മിഷനുവേണ്ടി ഓഫീസിലേക്കു ചെന്നു...രാധേട്ടന്‍ റിട്ടേര്‍ഡായ ഒഴിവിലേക്ക് വന്നത് ചന്തുകുട്ടി മാസ്റ്ററായിരുന്നു..ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ അടുത്ത് കാണുന്നത്.പോവാനുള്ള പെര്‍മിഷന്‍ തന്നശേഷം എന്നോട്പറഞ്ഞു..”താനവിടെ നില്‍ക്ക്..ഒരുകാര്യം പറയാനുണ്ട് “..അല്പം പേടിയോടെ ഞാനവിടെത്തന്നെ നിന്നു...ആദ്യമായിട്ടുകാണുന്ന ഇദ്ദേഹത്തിനെന്താണ് എന്നോട് പറയാനുള്ളത്..എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിട്ടദ്ദേഹം പറഞ്ഞു..“നിന്നെകുറിച്ച് ഞാനറിഞ്ഞു..വല്ലാതെ ഇവിടെകിടന്ന് വിളയണ്ടാ..ഞാന്‍ രാധേട്ടനല്ല..പൊയ്ക്കോളൂ.”..ഓഫീസിന്ന് പുറത്തിറങ്ങിയപ്പോ വിജയനും വിശ്വനും കാത്തുനിന്നിരുന്നു...അവരോട് ഞാന്‍ പറഞ്ഞു “അങ്ങേരെന്നെ പേടിപ്പിച്ചു..രാധേട്ടനല്ല പോലും”..കോട്ടയം പാലായിലായിരുന്നു സ്റ്റേറ്റ് മീറ്റ്..അവിടെയുള്ള ഒരു സ്കൂളിന്റെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് താമസിക്കാന്‍ തന്നത്.സീനിയര്‍ പ്ലയേഴ്സിനുകൂടെയായിരുന്നു താമസം..കുട്ടപ്പനും ഷാജിയുമായിരുന്നു എല്ലാത്തിനും മുന്നില്‍.കളികഴിഞ്ഞാല്‍ ഇവരുടെ വരവ് കള്ളും കുടിച്ചായിരുന്നു..എല്ലാതരത്തിലും ആസ്വദിച്ച ദിവസങ്ങളായിരുന്നു അത്..

കളികഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും യൂത്ത്ഫെസ്റ്റിവലിന്റെ ഒരുക്കത്തിലേക്ക് നീങ്ങിയിരുന്നു.യൂത്ത്ഫെസ്റ്റിവലിന്റെ റിഹേഴ്സല്‍ഹാളിലേക്ക് എനിക്കു പ്രവേശനം നിശിദ്ദമായിരുന്നു..പോയവര്‍ഷങ്ങളില്‍ അല്ലറചില്ലറ വികൃസുകള്‍ ഒപ്പിച്ചതായിരുന്നു കാരണം..എങ്കിലും ഒരു ദിവസം നാടക റിഹേഴ്സലിന്റെ ഹാളില്‍ ഞാന്‍ കയറിക്കൂടി..കൂടെ വാലറ്റവും ഉണ്ടായിരുന്നു..റിഹേഴ്സല്‍ നടക്കുന്നുണ്ടായിരുന്നു..ഗീതയായിരുന്നു രംഗത്ത് ..കൂടെ രാജേഷും..ശ്രീധരന്‍ മാഷായിരുന്നു ഡയലോഗ് പറഞ്ഞുകൊടുത്തിരുന്നത്...ഞാന്‍ ചെന്നപ്പോള്‍ രാജേഷ് ഗീതയോട് പറയുന്നത് “ സഖീ നമുക്കാ പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് പോവാം” എന്നായിരുന്നു..പ്രതീക്ഷിക്കാതെ എന്റെ വായില്‍നിന്നും അതിനു മറുപടിവന്നു..“ എന്തിനാണ് സഖാ തൂറാനാണോ “അവിടെ ഉയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ കൂടെയുള്ളവര്‍ മുങ്ങിയിരുന്നു..ഞാന്‍ മുങ്ങുന്നതിനുമുമ്പേ ശ്രീധരന്‍ മാഷ് എന്നെ പൊക്കിയിരുന്നു.അന്നത്തെ റിഹേഴ്സല്‍ അതോടെ കുളമായി..എന്നേയുംകൊണ്ട് നേരെപ്പോവുന്നത് ഹെഡ്മാസ്റ്ററുടെ അടുത്തേക്കാണെന്ന് എനിക്കുമനസ്സിലായി..ഒടുവില്‍ ഒരായിരം മാപ്പ് പറഞ്ഞ് ഞാനവിടുന്ന് രക്ഷപ്പെട്ടു..പക്ഷേ ഒരു കണ്ടീഷനുണ്ടായിരുന്നു,മേലാല്‍ റിഹേഴ്സല്‍നടക്കുന്ന പരിസരത്തുപോലും കണ്ടുപോവരുതെന്ന്,,

   ടീച്ചേഴ്സ് റൂമിനു പിന്നിലുള്ള ചെറിയകിണറില്‍നിന്നായിരുന്നു ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ ഭക്ഷണം കഴിച്ചപാത്രങ്ങള്‍ കഴുകിയിരുന്നത്.[ഇന്ന് പൈപ്പ് ലൈനുകളുണ്ട്] ചിലപ്പോഴൊക്കെ എങ്ങിനെയോ പാത്രങ്ങള്‍ കിണറില്‍ വീഴുമായിരുന്നു..കിണറിലിറങ്ങിപാത്രം എടുത്ത് കൊടുക്കുകയെന്നത് ഒരു ഹരമായിരുന്നു..ഒരുദിവസം പാത്രം വീണെന്നറിഞ്ഞാണ് ഞങ്ങള്‍ ചെന്നത്, അവിടെ വെളുത്ത് സുന്ദരിയായ ഒരു ഇത്താത്തക്കുട്ടി നിന്നിരുന്നു,കിണറിലിറങ്ങി പാത്രമെടുത്ത്കൊടുത്ത് പോരുമ്പോള്‍ ഞാനവളോട് പറഞ്ഞു “ഇനി ഈ വെള്ളം കുടിക്കണ്ടാ...ഞാനതില്‍ മൂത്രമൊഴിച്ചിട്ടുണ്ട് “ ഈവാര്‍ത്ത സ്കൂളിലെ കുട്ടികളിലെത്താന്‍ അധികം താമസം വേണ്ടിവന്നില്ലാ,കോരുവേട്ടന്റെ മെമ്മോയുമായുള്ള വരവ് കണ്ടപ്പഴേ എനിക്കുതോന്നി അതെനിക്കുള്ളതാണെന്ന്,നേരെ ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക്..ഞാന്‍ തമാശപറഞ്ഞതാണെന്ന് എത്രതന്നെ സത്യം ചെയ്തുപറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ലാ.അദ്ദേഹത്തിനുപറയാനുള്ളത് ഒന്നുമാത്രമായിരുന്നു..കിണറിലുള്ള വെള്ളം മുഴുവനും മോട്ടോര്‍കൊണ്ടുവന്ന് അടിച്ചുവറ്റിക്കുക..അതും എന്റെ ചിലവില്‍,കാരണം ആ കിണറിലുള്ള വെള്ളമായിരുന്നു ടീച്ചേഴ്സും ഉപയോഗിച്ചിരുന്നത്..ഒടുവില്‍ ആദ്യമായി സ്കൂളില്‍ ഞാനൊരു ബക്കറ്റ് പിരിവു നടത്തി...


    യുവജനൊത്സവത്തിന്റെ  ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു,ടാബ്ലോ അവതരിപ്പിക്കാനുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍,ഒടുവില്‍ യേശുവിനെ കുരിശില്‍ തറച്ചിട്ടിരിക്കുന്നത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു,കുറച്ച് നീളവും മുടിയുമുള്ളതുകൊണ്ട് എന്നെതന്നെയാണെല്ലാവരും കുരിശിലേറ്റാന്‍ തീരുമാനിച്ചത്..വലിയൊരു കുരിശുണ്ടാക്കി, കുരിശില്‍ നില്‍ക്കാന്‍ സ്റ്റേജിന്റെപിന്നിലൂടെ വീതികുറഞ്ഞ ഒരു പലക ആരും കാണാത്തരീതിയില്‍ തള്ളിവെച്ചു,ആ പലകയുടെ ചെറിയൊരു ഭാഗം കുരിശില്‍നിന്നും അല്പം മുന്നോട്ട് തള്ളിവെച്ചു..അതിന്റെ അറ്റത്തായിരുന്നു എന്റെ നില്പ്..വളരെകുറഞ്ഞഭാഗം മാത്രമേ പുറത്തേക്കുള്ളു,,അതില്‍ ഒരുവിധം ഞാന്‍ നില്പുറപ്പിച്ചു..കര്‍ട്ടന്‍ പൊങ്ങി..അതേസമയംതന്നെ പിന്നില്‍നിന്നും ആരൊ പലകവലിച്ചു...യേശുവും കുരിശും ഒരു അലര്‍ച്ചയോടെ ഓഡിയനസിന്റെ മുന്നിലേക്ക് തലയും കുത്തിവീണു..പ്രതീക്ഷിക്കാത്തവീഴ്ചയായതുകൊണ്ട് ചില്ലറ പരിക്കുപറ്റി...എല്ലാവരുടേയും ആര്‍പ്പുവിളിയിലും പൊട്ടിച്ചിരിയിലും വേദനസഹിച്ചുകൊണ്ട് അഴിഞ്ഞുവീണ ഉടുതുണിയും പൊക്കിപ്പിടിച്ചുകൊണ്ട് ഞാനോടി...പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഞാനറിഞ്ഞു പലകവലിച്ചത് ശങ്കരനാരായണന്‍ ആയിരുന്നെന്ന്..നല്ലൊരു അടിനടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു ..പക്ഷേ എനിക്കെന്തോ അതിനു തോന്നിയില്ലാ...

    സേവാമന്ദിരം സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അന്നെല്ലാം യുവജനോത്സവത്തിലെ ജഡ് ജ് മാര്‍ക്കൊരു സ്വാര്‍ത്ഥ താല്പര്യം ഉണ്ടായിരുന്നു..കാരണം അതിനുമുമ്പ് നടന്ന രണ്ട് വര്‍ഷങ്ങളിലും മലയാളം പാട്ടിന് ഒന്നാം സമ്മാനം കൊടുത്തത് സ്ക്കൂളിലെ ടീച്ചറുടേ ബന്ധുവായ ഒരു പെണ്‍കുട്ടിക്കായിരുന്നു..ആ കുട്ടിക്ക് അതിനര്‍ഹതയില്ലെങ്കില്‍ പോലും..എന്റെ അടുത്ത സ്നേഹിതനായ സന്തോഷിന്റെ [ സോളാര്‍ ഇലക്ട്രോണിക്സ് ] പെങ്ങള്‍ മലയാളം പാട്ടിനുണ്ടായിരുന്നു..അവള്‍ക്കൊരു ഗിഫ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..രാമനാട്ടുകര ഫേവറൈറ്റ് സ്റ്റൊറില്‍നിന്നും ഒരു പായ്ക്കറ്റ് ചൊക്ലൈറ്റ് വാങ്ങി--കലയില്‍ മാത്രമല്ല പഠിത്തത്തിലും ശ്രദ്ധിക്കുക-- എന്നെഴുതിയ ഒരു കടലാസ് തുണ്ട് ആ പാക്കറ്റിനുകൂടെവച്ചു..ഗിഫ്റ്റ്പേപ്പറില്‍ പൊതിഞ്ഞ് അവളുടെ പേരെഴുതി ഞാന്‍ തങ്കപ്പേട്ടനെ ഏല്പിച്ചു...അദ്ദേഹമാണ് സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്...ഞങ്ങള്‍ കരുതിയപോലെ പാട്ടിന് ഒന്നാം സമ്മാനം കിട്ടിയത് ടീച്ചറുടെ ബന്ധുവിനുതന്നെയായിരുന്നു..ഞാന്‍ കൊടുത്ത ഗിഫ്റ്റ് സന്തോഷിന്റെ പെങ്ങള്‍ക്ക് കൊടുത്തുമില്ലാ..അതിന്റെ കാരണമറിയാന്‍ ഞാനും കൂട്ടുകാരും സ്റ്റേജിന്റെ മുന്നിലേക്ക്ചെന്ന് തങ്കപ്പേട്ടനോട് ചോദിച്ചു...ഹെഡ്മാസ്റ്റര്‍ കൊടുക്കേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് കൊടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു..എങ്കിലതു തിരിച്ചുതരാന്‍ പറഞ്ഞപ്പോള്‍ അത് ഹെഡ്മാസ്റ്റര്‍ പൊട്ടിച്ചെന്നും എല്ലാവരുംകൂടെ തിന്നു എന്നും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു..അതെന്നെ സംബന്ധിച്ച് ഒരു വേദനയായിരുന്നു..എന്റെ ദേഷ്യം എനിക്കടക്കാന്‍ കഴിഞ്ഞില്ലാ..സ്റ്റേജിന്റെ എതിര്‍വശത്തായ് പരിപാടികള്‍ കണ്ടുകൊണ്ട് ഹെഡ്മാസ്റ്ററും അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുഖ്യാഥിതികളും ടീച്ചേഴ്സുമെല്ലാം ഇരുന്നിരുന്നു..ഞാന്‍ നേരെ അങ്ങോട്ടുനടന്നു..അവരുടെ മുന്നില്‍ചെന്ന് ഞാന്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു,”എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു”..അദ്ദേഹം എന്നെയൊന്ന് തുറിച്ചുനോക്കിയിട്ടുപറഞ്ഞു “എന്താണെങ്കിലും പരിപാടി കഴിഞ്ഞിട്ടുപറയാം” എന്ന്..പക്ഷേ എന്റെ ദേഷ്യം എന്നെ വിട്ടുപോയിരുന്നില്ലാ..എനിക്കിപ്പോതന്നെ ചോദിക്കണമെന്നയി ഞാന്‍ ..അപ്പോഴേക്കും സ്റ്റേജിനുമുന്നിലെ കുട്ടികള്‍ എഴുനേറ്റ് നില്‍ക്കുകയും പരിപാടികള്‍ മുടങ്ങുകയും ചെയ്തിരുന്നു..ഞാന്‍ പിന്മാറില്ലെന്നറിഞ്ഞതുകൊണ്ടാവാം എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു..പക്ഷേ അതിനു ഞാന്‍ തയ്യാറല്ലായിരുന്നു..എനിക്കിവിടുന്ന് ചോദിക്കണമെന്നായി ഞാന്‍...അപ്പോഴേക്കുംസ്ക്കൂള്‍ മൊത്തത്തില്‍ ഞങ്ങളെ വളഞ്ഞുകഴിഞ്ഞിരുന്നു..’ഞാന്‍ ഗിഫ്റ്റ് കൊടുത്ത മിഠായി ഏട്ടനെടുത്തൂന്നു പറഞ്ഞു അതെനിക്ക് തിരിച്ചുകിട്ടണം”.പക്ഷേ അദ്ദേഹം വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു “പേഴ്സണല്‍ ഗിഫ്റ്റുകള്‍ കൊടുക്കേണ്ടെന്നാണ് മാനേജ് മെന്റിന്റെ തീരുമാനം ..അതുകൊണ്ടാണത് കൊടുക്കാതിരുന്നത്,,പിന്നെ തന്റേതാണല്ലോന്ന് കരുതി ഞങ്ങളതങ്ങ് തിന്നു”..എങ്കില്‍ ഈ തീരുമാനം ഗിഫ്റ്റ് വാങ്ങുന്നതിനു മുമ്പ് പറയണമായിരുന്നെന്നും ഗിഫ്റ്റ് തിരിച്ചുതരണമെന്നും അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ മാപ്പുപറയണമെന്നും  ഞാന്‍ ശഠിച്ചു..ഇതോടെ ടീച്ചേഴ്സും കുട്ടികളും രണ്ടു ചേരിയിലായി..ഹെഡ്മാസ്റ്റര്‍ ചെയ്തത് തെറ്റാണെന്ന് ഒരുവിഭാഗവും ഞാനാണ് തെറ്റുകാരനെന്ന് മറുവിഭാഗവും...എങ്കിലും വിദ്യാര്‍ത്ഥികളില്‍ ഭുരിഭാഗവും എന്റെ പക്ഷത്തുനിന്നതോടെ എല്ലാപരിപാടികളും മുടങ്ങി...ബാക്കികൊടുക്കാനുള്ള സമ്മാനങ്ങള്‍ അടുത്ത അസംബ്ലിയില്‍ കൊടുക്കുമെന്ന് വിളിച്ചുപറഞ്ഞ് പരിപാടികള്‍ പിരിച്ചുവിട്ടു..എന്നാല്‍ ഹെഡ്മാസ്റ്റര്‍ മാപ്പ് പറയുന്നതുവരെ ക്ലാസുകള്‍ നടക്കില്ലെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു...വിജയേട്ടനും മുരളിയേട്ടനും മറ്റുചില അദ്ധ്യാപകരും എന്റെ കൂടെനിന്നു...പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് സ്ക്കൂള്‍ തുറന്നത്..ക്ലാസ് തുടങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെഡ്മാസ്റ്റര്‍ അസംബ്ലി വിളിച്ചു...എല്ലാകുട്ടികളും കൂട്ടം കൂടി നിന്നു...ഒടുവില്‍ ഓഫീസില്‍നിന്നും പുറത്തേക്ക് വന്ന ഹെഡ്മാസ്റ്റര്‍ കുട്ടികളോടായി പറഞ്ഞു..”ഞാന്‍ ചെയ്തത് ഒരു മാപ്പുപറയാന്‍ മാത്രമുള്ള തെറ്റാണെന്ന് എനിക്കു തോന്നുന്നില്ലാ..നിങ്ങളെയൊക്കെ ഞാന്‍ കാണുന്നത് എന്റെ കുട്ടികളെപ്പോലെയാണ്..ഈ കാര്യത്തില്‍ ചില അദ്ധ്യാപകര്‍പോലും എനിക്കെതിരായതില്‍ അതിയായ ദു:ഖമുണ്ട്..എങ്കിലും ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു’...ഇത്രയും പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് കയറിപ്പോയി...എല്ലാ കുട്ടികളും ആഘോഷിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ എവിടെയോ വേദനിപ്പിച്ചു..അന്ന് ക്ലാസില്‍ കയറാന്‍ എനിക്കു തോന്നിയില്ലാ...ഏതോ ഒരു കുറ്റബോധം എന്നെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു....                ....... വീണ്ടും കാണാം....

Thursday, September 8, 2011

..പൂവിളി..


ബാല്യകാല സ്മൃതിയുടെ പൂവിളികളു....
യരുന്നൊരെന്‍ ഓര്‍മ്മതന്‍ ചെപ്പില്‍..

കാക്ക പ്പൂവുകളറുത്തൊരെന്‍ ...
ബാല്യം തികട്ടുന്നൊരെന്നോര്‍മ്മയില്‍...
 

പോയ കാല സ്മൃതിതന്‍ നൊമ്പരം...
പേറുന്നു ഇന്നു ഞാന്‍....

പൂവിളികളുയരുന്നു അലയൊലിയായ്...
നിറയുന്നു പൂ കൊട്ടകളെങ്ങും...

കളം വരച്ചെഴുതുമീ ചിത്രങ്ങളെങ്ങും...
നിഴലിച്ചു നില്‍ക്കുമെന്‍ മുറ്റം...

കസവിന്റെ പട്ടില്‍ തിളങ്ങുമീ...
വാവ തന്‍ ചുണ്ടിലെ ചിരിയും..

അമ്മതന്‍ കയ്യിലെ പായസ ച്ചോറിന്റെ ...
രുചിയും ഇന്നും മറന്നില്ല ഞാന്‍...

തലമുറകള്‍ മാറി മറയുന്നു വെങ്കിലും...
മായില്ല.....മാവേലി തന്‍ ഊഴം....

വിളമ്പിവെച്ചൊരാ സദ്യതന്‍ നടുവിലായ്...
ഇന്നും മായാതിരിക്കുന്നൊരെന്‍ സ്വപ്നം....

Sunday, August 21, 2011

മണവാട്ടി

ജപമാലകള്‍ വീണുടഞ്ഞു...
ഈ... കാല്‍ വരിക്കുന്നിലെന്‍...
പ്രണയ തമ്പുരുപോലെ......

 പൊട്ടിത്തകര്‍ന്നൊരെന്‍ 
മോഹചഷകമീ...
നീര്‍മണിത്തുള്ളികളായ്....
 കണ്‍ തടങ്ങളില്‍ ഉറ്റിവീഴവേ...


അരമനതന്‍ തഴുതിട്ട വാതിലിന്‍...
പിന്‍ വിരി ആടിയുലയുന്നു.....
ആര്‍ത്തനാദം ഒളിച്ചതെവിടെയോ....

കരഞ്ഞു... പിന്നെയെന്‍...
ഗദ് ഗദം മനസ്സിന്റെ കോണില്‍...
 അലയൊലിയായ് മരിച്ചു വീണു...


പാപത്തിന്‍ കുരിശു പേറുമീ...
വരച്ചുവെച്ചൊരാ ഛായാ ചിത്രം...
പിടഞ്ഞുവോ... വീണ്ടുമൊരു...

യൂദാസിന്‍ കനല്‍ മിഴികളില്‍...
പ്രാണന്‍ പിടഞ്ഞുതീര്‍ന്നൊരാ  മണവാട്ടി...
 ചിരിക്കുന്നുവോ... അതോ കരയുന്നുവോ... 

Tuesday, July 26, 2011

....അവള്‍.....

പ്രിയതേ നിനക്കെന്റെ നൊമ്പരപ്പൂക്കളാല്‍ ചുടുചുംബനം നല്‍കട്ടേ....അറിയാ നിമിഷത്തിന്റെ ഏതോ ഒരു സന്ധ്യയില്‍ കവിതപോലെ എന്നിലേക്കു വന്നവളാണല്ലോ നീ....സന്തോഷത്തിന്റെ നറുമലര്‍ നല്‍കി ഇത്രവേഗം നീ കടന്നുപോയതെന്തേ...ഹൃദയാന്തകാരത്തിന്റെ മൂകതയില്‍ എന്നെ നീ തനിച്ചാക്കിയതെന്തേ....വിങ്ങിപ്പൊട്ടുന്ന എന്റെ മനസ്സിന്റെ ജല്പനം നീ കേള്‍ക്കുന്നുവോ പ്രിയേ......വയ്യ.....കണ്ണുനീര്‍ മുത്തുക്കളില്‍ ഞാന്‍ താഴ്ന്നുപോവുന്നു....എന്റെ മോഹ ചഷകമെവിടെയോ പൊട്ടിത്തകരുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.....പേടിയാവുന്നു...ഏതുകയത്തിലാണ് ഞാന്‍ മുങ്ങിത്താഴുന്നത്.......എന്റെ സ്നേഹത്തിന്റെ പാനപാത്രമെവിടെ....എനിക്കു ദാഹിക്കുന്നു....എല്ലാം നീയെനിക്കു നഷ്ടപ്പെടുത്തിയിരിക്കുന്നു....വയ്യാ...എന്റെ ഉള്‍ക്കാമ്പുകള്‍ ചുട്ടുപൊള്ളുന്നു....എവിടെയെന്റെ പൊയ്പോയ കാലത്തിന്റെ മധുര സ്വപ്നങ്ങള്‍....അവയും മരിച്ചിരിക്കുന്നുവോ.....എന്റെ കണ്ണുകളില്‍ ഇരുട്ടുകയറുന്നു....ഒന്നുമെനിക്കു കാണാന്‍ വയ്യാ....ഈ ലോകം മുഴുവന്‍ കറുപ്പിന്റേതായിരിക്കുന്നു.....ആരാണ് ആര്‍ത്തു ചിരിക്കുന്നത്...എന്റെ നഷ്ടപ്പെടുന്ന യൌവ്വനമോ...ഓ....എനിക്കു കാണണ്ടാ....എന്റെ രക്തം മുഴുവന്‍ വാര്‍ന്നുപോവുന്നുവോ....ഹൃദയത്തിന്റെ മുറിവില്‍ നീ എന്നാണിനിയൊന്ന് തലോടുക....ഇല്ല ...അതിനി ഒരിക്കലുമുണ്ടാവില്ലാ....എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ലല്ലോ....മനസ്സേ നീ ഇനിയും ശാന്തമാവത്തതെന്തേ......

Monday, July 4, 2011

എന്റെ ഇന്നലകള്‍....ഭാഗം ..പന്ത്രണ്ട്......വികൃതിത്തരങ്ങള്‍...

ക്രിസ്തുമസ്സ് വെക്കേഷന്‍ സ്കൂളില്‍നിന്നും എസ്കര്‍ഷന്‍ പോവാന്‍ തീരുമാനിച്ചു..ഞാനും വിജയനും വിശ്വനും പേരുകൊടുത്തു...എല്ലാവരും തലേദിവസം രാത്രി സ്ക്കൂളില്‍ തങ്ങാനും പുലര്‍ച്ചെ സ്കൂളില്‍നിന്നും തിരിക്കാനും തീരുമാനിച്ചു...വൈകുന്നേരം അഞ്ച് മണി ആയപ്പോഴേക്കും എല്ലാവരും എത്തിച്ചേര്‍ന്നിരുന്നു...ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഗ്രൌണ്ടിന്നപ്പുറവും ഇപ്പുറവുമുള്ള ക്ലാസുകളായിരുന്നു രാത്രി ഉറങ്ങാന്‍ വേണ്ടി തിരഞ്ഞെടുത്തത്..രാത്രിയില്‍ എന്തെങ്കിലും വേല ഒപ്പിക്കണമല്ലോ എന്ന് കരുതി നടക്കുമ്പോഴാണ് ജമീല മുന്നില്‍ വന്നു ചാടുന്നത്...അവളോട് ഞാന്‍ പറഞ്ഞു “എല്ലാവരും ഉറങ്ങിക്കഴിഞ്ഞാ നീ ക്ലാസിന്റെ ബാക്കിലെ ജനവാതില്‍ തുറന്നിടണം, ഞാന്‍ വരും..നമുക്ക് സംസാരിച്ചിരിക്കാം “, ആദ്യം പേടിയാണെന്ന് പറഞ്ഞെങ്കിലും പിന്നെ അവളതിനു സമ്മതിച്ചു..വിജയനോടും വിശ്വനൊടും ഞാന്‍ പറഞ്ഞു “ അവളവിടെ ജനവാതിലും തുറന്നിരിക്കട്ടേ..നമുക്ക് സുഖമായി ഉറങ്ങാം “...പക്ഷേ അതിനവര്‍ സമ്മതിച്ചില്ലാ..അങ്ങിനെ ചെയ്യാന്‍ പാടില്ലാ..എന്തുവന്നാലും പോവണമെന്നവര്‍ പറഞ്ഞു...അവരും കൂടെ വരാമെന്നേറ്റു...രാത്രി ഏകദേശം പന്ത്രണ്ട് മണിയെങ്കിലും കഴിഞ്ഞുകാണും, കൂടെ കിടക്കുന്നവരൊക്കെ ഉറങ്ങീയെന്ന് ഉറപ്പുവരുത്തി ഞങ്ങളെഴുന്നേറ്റ് പതുക്കെ പുറത്തുകടന്നു...ജമീല കിടക്കുന്നിടത്തെത്താന്‍ രണ്ടുവഴികളേയുള്ളു...ഒന്ന് ഗ്രൌണ്ട് ക്രോസ് ചെയ്തുപോണം..അതത്ര സുഖമുള്ള കാര്യമല്ലാ..കാരണം ഞങ്ങളെപ്പോലെ വല്ലവരും ഉണര്‍ന്നിരിക്കുന്നെങ്കില്‍ അവര്‍ ഞങ്ങളെകാണുമന്നും പിടിക്കപ്പെടുമെന്നും ഉറപ്പ്...പിന്നെയുള്ളത് ടീച്ചേഴ്സ് റൂമിനു പിന്നിലൂടെ കിണറും ചുറ്റിവരണം..ആ വഴി ഞങ്ങള്‍ തിരഞ്ഞെടുത്തു..ടീച്ചേഴ്സ് റൂമിന് ഞങ്ങളെക്കാളും ഉയരമുള്ള ഭിത്തിയാണ്..അരച്ചുമരില്‍നിന്നും മുകളിലോട്ട് ഗ്രിത്സ് വച്ചുപിടിപ്പിച്ചിട്ടുണ്ട്...ഞങ്ങള്‍ വളരെ പതുക്കെ ശബ്ദമുണ്ടാക്കാതെ ടീച്ചേഴ്സ് റൂമിനടുത്തെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു നേരിയ ശബ്ദം ഞങ്ങളെ പിടിച്ചുനിര്‍ത്തി..വിശ്വന്‍ എന്റെ കയ്യില്‍ പിടിച്ചുവലിച്ചെങ്കിലും ഞാന്‍ അനങ്ങിയില്ലാ...ആ ശബ്ദം എന്താണെന്നറിയാതെ അവിടെനിന്നും പോവാന്‍ എനിക്കു തോന്നിയില്ലാ...വിജയനോട് ഞാന്‍ ശബ്ദമില്ലാത്ത ഭാഷയില്‍ അല്പം കുനിഞ്ഞുനിന്ന് എന്നെ ഉയര്‍ത്താന്‍ പറഞ്ഞു..അല്പം ഉയരാതെ അതിനുള്ളിലേക്ക് കാണില്ലായിരുന്നു...ഗ്രിത്സില്‍ പിടിച്ച് പതുക്കെ ഉയര്‍ന്ന ഞാന്‍ ഒരു നിമിഷം മിഴിച്ചു നിന്നുപോയി..
;നിലാവില്ലാത്ത ആ രാത്രിയില്‍ ഒളിഞ്ഞുനോക്കുന്ന അമ്പിളിമാമന്റെ മേഘം മറക്കാത്ത ഏതോ ഒരു കണിക എന്റെ കണ്ണിലൂടെ നഗ്നമായിക്കിടക്കുന്ന രണ്ടുശരീരങ്ങളിലേക്കരിച്ചെത്തിയപ്പോള്‍ എന്റെ വിരലുകള്‍ ഗ്രിത്സില്‍നിന്നും പിടിവിട്ടുപോയി....അതോടെ വിജയന്റെ ശരീരത്തിന് എന്നെ താങ്ങാനുള്ള കണ്ട്രോള്‍ നഷ്ടപ്പെട്ടു,ഗ്രിത്സിലൂടെ എന്റെ വിരലുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഞാനും വിജയനും താഴേക്കുവീണു..ആ വീഴ്ചയില്‍ ഞാന്‍ കണ്ടിരുന്നു..വസ്ത്രങ്ങളില്ലാത്ത രണ്ടു ശരീരങ്ങള്‍ ഭീതിയൊടെ ചാടിയെഴുനേല്‍ക്കുന്ന രംഗം...തോമസൂട്ടീ വിട്ടോടാ എന്നുപറയുന്നതിനുപകരം വിജയാ ഓടിക്കോ എന്നും പറഞ്ഞ് ഞാന്‍ തിരിഞ്ഞൊടി...കൂടെ വിശ്വനും വിജയനും...ഓടിക്കയറിയ ക്ലാസ് റൂമില്‍ കിടന്നുറങ്ങുന്ന ആരുടൊക്കെ ശരീരത്തിലൂടെയാണ് ഞങ്ങള്‍ ചവിട്ടിക്കയറിയതെന്നറിയില്ല,,,ആരുടൊക്കെയോ ശബ്ദങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നു...ക്ലാസിന്റെ ഒരു മൂലയില്‍ വിരിച്ചിട്ട ബെഡ് ഷീറ്റിലേക്ക് ഞങ്ങള്‍ മൂന്നുപേരും വീണു...പേടിയാണൊ അതോ ഒരിക്കലും കണ്ടിട്ടില്ലാത്തത് കണ്ടതിലുള്ള അത്ഭുതമാണോ ..ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു...

പുലര്‍ച്ചെ അഞ്ചുമണിക്ക് ബെല്ലടികേട്ടാണ് ഞങ്ങളുണര്‍ന്നത്..രാത്രിയിലെ വീഴ്ചകൊണ്ടാവാം ശരീരം മുഴുവന്‍ വേദനിക്കുന്നുണ്ടായിരുന്നു..പലരുടേയും സംസാരവിഷയം രാത്രിയില്‍ വന്ന കള്ളനെകുറിച്ചായിരുന്നു...എല്ലാവരും സ്വന്തം ബാഗുകള്‍ തുറന്നുനോക്കുന്നുണ്ടായിരുന്നു...ഞങ്ങള്‍ മൂന്നുപേരും ഒന്നും അറിയാത്തവരെപ്പോലെ തോര്‍ത്തുമെടുത്ത് സ്കൂളിന്റെ തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നു..നല്ല ഇരുട്ടുണ്ടായിരുന്നെങ്കിലും ആ കുളവും പടവുകളും ഞങ്ങള്‍ക്ക് പരിചിതമായിരുന്നതുകൊണ്ട് പേടിതോന്നിയില്ലാ...രാത്രിയില്‍ ഞാനെന്താണ് കണ്ടതെന്ന് വിജയനും വിശ്വനും ചോദിച്ചുകൊണ്ടേയിരുന്നു..എങ്ങിനെ പറയും..ഞാന്‍ കണ്ടത് ഒരു കേളീരംഗമായിരുന്നെന്ന്..അവിടെ രണ്ടുപേര്‍ ഉറങ്ങുന്നതുകണ്ടുവെന്ന് ഞാനവരോട് പറഞ്ഞു..പൂര്‍ണ്ണമായും അവരത് വിശ്വസിച്ചിരുന്നില്ലാ...
എല്ലാവരും യാത്രക്കുള്ള ഒരുക്കത്തോടെ ഗ്രൌണ്ടിലേക്കുവന്നപ്പോള്‍ എന്നെ പേടിപ്പെടുത്തുന്ന നോട്ടവുമായി ജമീല മുന്നില്‍തന്നെയുണ്ടായിരുന്നു..വിജയന്റേയും വിശ്വന്റേയും അവളെനോക്കിയുള്ളചിരി അവളെ കൂടുതല്‍ ദേഷ്യപ്പെടുത്തുന്നതായി എനിക്കുതോന്നി...പാവം ഉറങ്ങാതെ എന്നെയും കാത്തിരുന്നിട്ടുണ്ടാവും..യാത്രയിലുടനീളം ഞാനവളെ ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..എങ്കിലും ഒരു ദുര്‍ഭൂതംകണക്കേ അവളെന്നെ പിന്തുടരുന്നുണ്ടായിരുന്നു...ഇതിലുംവലിയ പ്രശ്നമായിരുന്നു കൂടെയുള്ള ടീച്ചറും മാഷും...അവര്‍ക്കെന്നൊടെന്തല്ലാമോ പറയാനും ചോദിക്കാനുമുണ്ടെന്ന് എനിക്കുതോന്നി..ഇന്നലെ രാത്രിയില്‍നടന്ന സംഭവം അവരെവല്ലാണ്ട് അലട്ടുന്നുണ്ടായിരുന്നു...എന്റെ ശബ്ദം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും..എങ്കിലും ഒന്നുമറിയാത്തവനെപ്പോലെ ഞാനവരുടെ മുന്നിലൂടെ നടന്നു....

ക്രിസ്തുമസ്സ് വെക്കേഷന്‍ കഴിഞ്ഞ് ക്ലാസ് തുടങ്ങി രണ്ടാമത്തെദിവസം..ഓഫീസിനുമുന്നിലെ ബദാം മരത്തിന്റെ ചുവട്ടിലേക്കുമാറ്റിനിറുത്തി ടീച്ചര്‍ എന്നോടുചോദിച്ചു..നീ എന്തിനായിരുന്നു അന്ന് രാത്രി അവിടെവന്നത്..നിന്റെകൂടെ ആരെല്ലാമുണ്ടായിരുന്നു..ഒന്നുമറിയാത്തവനെപ്പോലെ ഞാന്‍ ടീച്ചറെനോക്കി..എങ്കിലും ടീച്ചര്‍ പറഞ്ഞു..നീ കളവുപറയാന്‍ ശ്രമിക്കണ്ടാ..നിന്റെ ശബ്ദം ഞാന്‍ കേട്ടതാണ്..നിനക്കറിയാലോ ഞാനും മാഷും അങ്ങിനെയാണെന്ന്..നീ ഇതാരോടെങ്കിലും പറഞ്ഞോ..നിന്റെ കൂടെയുള്ളവര്‍ അറിയുമോ..അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍..എല്ലാത്തിനും ഇല്ലായെന്ന തലയാട്ടല്‍മാത്രം ഞാന്‍ നടത്തി...ആരോടും ഒന്നും പറയരുതെന്നും പറഞ്ഞ് എന്റെ തലയില്‍ തലോടികൊണ്ട് ടീച്ചര്‍ ഓഫീസിലേക്കുകയറിപ്പോയി....” ആ തലോടലില്‍ ഒരു സ്നേഹത്തിന്റെ കുളിര്‍ എന്റെ ശരീരത്തിലൂടെ ഒഴുകിയിറങ്ങി...അതില്‍ ഒരു വാത്സല്ല്യമുണ്ടായിരുന്നു “...ദിവസങ്ങള്‍ക്കുശേഷം പ്യൂണ്‍ കോരുവേട്ടന്‍ എന്നോടുവന്നുപറഞ്ഞു “ നീ ഊണുകഴിക്കാന്‍ പോവുമ്പോ ചേച്ചിയെ [ഞങ്ങളുടെ സ്കൂളില്‍ ഏട്ടന്‍ ചേച്ചിയെന്നാണ് ടീച്ചേഴ്സിനെ വിളിക്കാറ് ] കാണാന്‍ പറഞ്ഞിട്ടുണ്ട് “...എന്തോ മനസ്സിലൊരു പേടി കടന്നുകൂടിയിരുന്നു..എന്തിനാവും.. അന്നത്തെവല്ല പ്രശ്നവുമാവുമോ..അല്പം പേടിയൊടെയാഞാന്‍ ടീച്ചേഴ്സ് റൂമിലേക്ക് കയറിയത്..ഇരിക്കന്‍ പറഞ്ഞശേഷം ഒരു അടപ്പുള്ളപാത്രം എന്റെ മുന്നിലേക്ക് നീക്കിവച്ചിട്ട്പറഞ്ഞു..”ഇതു നിനക്കുള്ള ഊണാണ്, ഇവിടിരുന്ന് കഴിച്ചോളൂ “..വേണ്ടെന്ന്പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചിരുത്തി എന്നെകൊണ്ടത് കഴിപ്പിച്ചു..കൂടെ ചേച്ചിയും കഴിക്കുന്നുണ്ടായിരുന്നു..” എന്റെ കണ്ണുകളില്‍ പൊടിഞ്ഞിറങ്ങിയ നീര്‍കണങ്ങളെ നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞില്ലാ’ അതുകണ്ടിട്ടും കണ്ടില്ലെന്നുനടിച്ചുകൊണ്ട് എന്നോടുചോദിച്ചു..” നീ എന്തിനാ എന്നും ഉച്ചക്ക് വീട്ടിലേക്കുപോവുന്നത്..നിന്റെവീട്ടില്‍ ഒന്നുമുണ്ടാവില്ലെന്ന് എനിക്കറിയാം “..സത്യങ്ങളെല്ലാം ചേച്ചി മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കുതോന്നി..കളവുപറയാന്‍ എനിക്കുകഴിഞ്ഞില്ലാ...ഞാന്‍ പറഞ്ഞു..” ശരിയാണ് ചേച്ചി..എന്റെവീട്ടില്‍ ഉച്ചക്കൊന്നും ഉണ്ടാവാറില്ലാ..എല്ലാകുട്ടികളും പോവുമ്പോ ഞാന്‍ മാത്രം ഇവിടിരുന്നാല്‍ അതിന്റെകാരണം പലര്‍ക്കും അറിയേണ്ടിവരും..അതുകൊണ്ട് എല്ലാവരുടേയുംകൂടെ ഞാനും പൊവുന്നു..വീട്ടില്‍ചെന്ന് കുറച്ച് വെള്ളവുംകുടിച്ച് എല്ലാവരെപ്പോലെ ഞാനും തിരിച്ചുവരുന്നു..ചേച്ചിയെല്ലാം അന്വേഷിച്ചറിഞ്ഞല്ലേ “..പിന്നീട് ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ ആരും ഒന്നും പറഞ്ഞില്ലാ..കൈകഴുകി പോരാന്‍നേരം ചേച്ചി എന്നോടുപറഞ്ഞു..”നാളെമുതല്‍ ഉച്ചക്ക് നീ ഇവിടുത്തെ ഹോട്ടലീന്ന് കഴിച്ചാല്‍മതി,,ഞാനവിടെ പണം കൊടുത്തോളാം “...ചേച്ചിയുടെ മുഖത്തേക്കുനോക്കി ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..” വേണ്ട ചേച്ചി,,എനിക്കത് ചേച്ചിയേക്കാള്‍ വലിയൊരു ബാദ്ധ്യതയായിത്തീരും,,കാരണം ഇനി എനിക്കിവിടെ ഒരുവര്‍ഷമേയുള്ളൂ,,ഈയൊരുവര്‍ഷം ചേച്ചി എനിക്കു ഭക്ഷണംതരും,,അതുകഴിഞ്ഞാല്‍ ഉച്ചസമയത്ത് എനിക്കു വിശക്കുമ്പൊള്‍ ഞാന്‍ തെരുവിലിറങ്ങി കൈ നീട്ടണ്ടേ,,വിശപ്പ് എന്നെ സംബന്ധിച്ച് ഒരു ശീലമായ കാര്യമാണ്,,അതങ്ങിനെത്തന്നെ നിന്നോട്ടേ “...കുറച്ചുസമയം എന്റെ ചുമലില്‍ പിടിച്ചുനിന്നിട്ട് എന്നോടുപറഞ്ഞു,” ഞാന്‍ നിര്‍ബന്ധിക്കില്ലാ,,നിന്നെഞാന്‍ മനസ്സിലാക്കിയിരിക്കുന്നു,,എങ്കിലും ഒരുകാര്യം സ്കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ നീ എന്റെ വീട്ടില്‍ വരണം,,അത് നിന്റെ വീടുകൂടിയാണെന്ന് കരുതുക “

പിന്നീട് പലപ്പൊഴും ഞാനാവീട്ടില്‍ പൊവുമായിരുന്നു..നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നസ്ഥലത്ത് വലിയൊരുവീട്..ചേച്ചിയും ചേച്ചിക്കൊരു ചേച്ചിയും [അവരും ടീച്ചറാണ് ] അമ്മയും മാത്രം..”സ്നേഹവാത്സല്ല്യങ്ങളുടെ നിറകുടമായിരുന്നു ഇവര്‍ മൂന്നുപേരും...ചേച്ചിയുടെകൂടെ ആതൊടിയിലൂടെ വെറുതേനടക്കുമ്പോള്‍ എനിക്കു തോന്നുമായിരുന്നു...”“ സത്യത്തില്‍ ഞാനും ഒന്നുമില്ലാത്ത ഒരു ഭാഗ്യവാന്‍ തന്നെയല്ലേയെന്ന് “”

<<<< ഇതുവഴി ഇനിയും വരാം >>>>>

Saturday, June 18, 2011

അവന്‍


[പതിമൂന്നു വയസ്സുകാരന്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...ഈ പ്രായത്തില്‍ അതിനു കഴിയുമോ...അല്‍ഭുതവും പേടിയും തോന്നുന്നു....സാക്ഷരകേരളം എങ്ങോട്ട് ]



ഇളം പൈതലറിഞ്ഞില്ലാ....

കൊടും പാപക്കറയുടെ അന്ത്യം...

തന്‍ മൃത്യുവിന്റെ രോദനം...

കേട്ടില്ലാ ആ കുരുന്നപ്പഴും.....



കാമവെറിയനല്ലിവന്‍....പിന്നെയും...

ചെയ്തികള്‍ നൊമ്പരമൂട്ടുന്നു എന്നില്‍...

ആരാണ് തെറ്റുകാര്‍.....ഈ

കൊടും പാപം ചെയ്തവനോ...അതോ

സമൂഹമോ...അവന്റെ പിതാക്കളോ...



വിഷം ചീറ്റുന്ന ചാനലുകളും....

ബ്ലൂ ടൂത്തിലെ നഗ്നതയും കണ്ടിരിക്കാം....

കുടിലിലൊരുവേള ഉറക്കച്ചടവിലവന്‍...

കണ്ടിരിക്കാം ഏതോ ഒരുവന്റെ കേളിയും...



ആരാണു തെറ്റുകാര്‍....

നാമെന്ന സമൂഹമോ....അതോ

ജന്മം കൊടുത്ത ബന്ധങ്ങളോ....അറിയില്ലയീ

പാപം ഏതു പാപനാശിനിയില്‍ ഒഴുക്കുമെന്ന്.....



മരിക്കുന്നു മനസ്സുകള്‍....തേങ്ങുന്നു

മകളേ നിനക്കുവേണ്ടി...

ഒഴുക്കാം രണ്ടിറ്റുകണ്ണുനീര്‍...

പിടഞ്ഞുതീര്‍ന്ന നിന്റെ പിഞ്ചു ജീവനുവേണ്ടി.....

സര്‍ദാര്‍