Monday, March 28, 2011

മുംതാസ്




എന്റെ ഇന്നലകള്‍ ഭാഗം ആറ്

അഞ്ചാം ക്ലാസില്‍ നിന്നും ആറാം ക്ലാസിലേക്ക് കടക്കുമ്പോള്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു...മുംതാസും എന്റെ ക്ലാസിലാവണേയെന്ന്....അങ്ങിനെതന്നെ സംഭവിച്ചു...വാക്കുകള്‍ക്കതീതമായ എന്തോ ഒരു അനുഭൂതി മനസ്സിനെ മദിച്ചുകൊണ്ടിരുന്നു...           അന്നെല്ലാം സ്കൂളില്‍ പോവാന്‍ വലിയ താല്പര്യമായിരുന്നു...ആദ്യമെല്ലാം ഒന്നെഴുനേറ്റ് കിട്ടാന്‍ ഉമ്മ വിളിയോട് വിളിയായിരുന്നു...ഒടുവില്‍ രണ്ടെണ്ണം കിട്ടിയാലേ ഞാന്‍ പൊങ്ങാറുള്ളു....മുംതാസിന്റെ നോട്ടവും ചിരിയുമെല്ലാമായതോടെ എപ്പോ എഴുനേറ്റെന്ന് ചോദിച്ചാമതി....വീട്ടിലും അതൊരു സംസാരമായിരുന്നു...ഉമ്മ പറയും...” ഈ ചെക്കനെന്തുപറ്റി...വിളിയും തെളിയുമില്ലാതെ എഴുനേല്‍ക്കാത്തോനിപ്പം വെയിലുദിക്കിണേന്ന് മുമ്പേ എണീക്കിണ്ടല്ലോ “....ഉമ്മയോട് എങ്ങിനെ പറയും ,,ഞാനും പ്രണയിക്കുന്നെന്ന്.....                                                                                                                                                                                                                             
ഏകദേശം അഞ്ചോ ആറോ മാസങ്ങള്‍ കഴിഞ്ഞുകാണും ...ഒരു ദിവസം വൈകുന്നേരം ഞാന്‍ കണ്ട മുംതാസിന്റെ കണ്ണുകളില്‍ ദു:ഖത്തിന്റെ രണ്ടിറ്റുകണ്ണുനീര്‍തുള്ളികള്‍ ഒളിഞ്ഞുകിടന്നിരുന്നു...എങ്കിലും അന്നും അവള്‍ എനിക്കുള്ള
മിഠായികള്‍ കൊണ്ടുവന്നിരുന്നു...എന്നുമുള്ളതിലധികം....പക്ഷേ അന്നെനിക്കറിയില്ലായിരുന്നു  എനിക്കവള്‍ തരുന്ന അവസാനത്തെ സ്നേഹത്തിന്റെ മധുരമായിരിക്കും ആ മിഠായികളെന്ന്....

Monday, March 21, 2011

ലോസഞ്ചര്‍ മുട്ടായി

എന്റെ ഇന്നലകള്‍ ഭാഗം അഞ്ച്

സൌന്ദര്യാസ്വാദനത്തിന്റേയോ പ്രണയത്തിന്റേയോ പ്രായമല്ലായിരുന്നു...എങ്കിലും അവളെ എനിക്കിഷ്ടമായിരുന്നു.... അവളുടെ ശബ്ദമില്ലാത്ത ചിരിയില്‍ ഏതോ ഒരു മാന്ത്രികവലയം ഒളിഞ്ഞിരുന്നു... ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ അന്വോന്യം സംസാരിച്ചുതുടങ്ങി.... ഞങ്ങള്‍ പഠിച്ചിരുന്നത് രാമനാട്ടുകര ഗവ: യു.പി.സ്കൂളിലായിരുന്നു...നേരെ മുന്നിലുള്ള ഗണ:പത് സ്ക്കൂളിന്റെ മുറ്റമായിരുന്നു വൈകുന്നേരങ്ങളിലെ എന്റേയും കൂട്ടുകാരുടേയും കളിസ്ഥലം.... മതിലുകളില്ലാത്ത രണ്ട് സ്ക്കൂളിന്റേയും നടുവിലൂടെയായിരുന്നു ഫാറൂക് കോളേജിലേക്കുള്ള റോഡ് പോയിരുന്നത്..എന്നും വൈകുന്നേരങ്ങളില്‍ അവളുടെ മാര്‍ക്കറ്റിലേക്കുള്ള പോക്കും വരവും അതുവഴിയായിരുന്നു...ഒരുദിവസം കൂട്ടുകാരുടെ നിര്‍ബന്ധം കാരണം ഞാനവളോട് ചോദിച്ചു “ നീവരുമ്പോ എനിക്ക് മുട്ടായി കൊണ്ടോരോ“....ചിരിച്ചുകൊണ്ടവളെന്നോട് ചോദിച്ചു..” ഈ കുട്ടിക്കെന്ത് മുട്ടായ്യ്യാ വേണ്ട്യേ


“...ഞാനൊന്നും പറഞ്ഞില്ലാ... 

Friday, March 11, 2011

കാഞ്ചന.....


എന്റെ ഇന്നലകള്‍....ഭാഗം...നാല്


ആറുവയസ്സ് കഴിഞ്ഞപ്പോ മുതല്‍ എന്റെ അസുഖം മാറിത്തുടങ്ങിയിരുന്നു....ആദ്യം ഞാന്‍ പോയിത്തുടങ്ങിയത് മദ്രസ്സയിലായിരുന്നു....പുറത്തേക്കുള്ള എന്റെ ആദ്യത്തേത് എന്ന് പറയാവുന്ന ദിവസങ്ങള്‍....ശാരീരികമായും മാനസ്സികമായും വല്ലാത്തൊരു സുഖം തോന്നി....എങ്കിലും എല്ലാവരില്‍ നിന്നും ഞാനകലാനാണ് ശ്രമിച്ചിരുന്നത്....ആരുമായും ചങ്ങാത്തമില്ലാതെ ഒരു ഒറ്റപ്പെടല്‍....അതായിരുന്നു എനിക്കിഷ്ടം.....

Saturday, March 5, 2011

കണ്ണുനീര്‍ തുള്ളികള്‍....

എന്റെ ഇന്നലകള്‍....ഭാഗം...മുന്ന്..
പിന്നീടുള്ള കുറേ ദിവസങ്ങള്‍ എല്ലാം മൂകമായിരുന്നു...സുഹറയുടേ മരണത്തിനുത്തരവാദി ഉമ്മയാണെന്ന പോലെയായിരുന്നു ഉമ്മയുടെ ഇരുത്തം....ഉമ്മയുടെ അടുത്തേക്ക് ഞാന്‍ 
പോയതേയില്ലാ....പേടിയായിരുന്നുവോ...അതോ വെറുപ്പായിരുന്നുവോ....എനിക്കറിയില്ലാ....
 ഒരുദിവസം ഉമ്മ എന്നെപിടിച്ച് മടിയിലിരുത്തി കെട്ടിപ്പിടിച്ചൊരുപാട് കരഞ്ഞു...ആ കണ്ണുനീര്‍തുള്ളികള്‍ വീണുപൊള്ളിയ  എന്റെ കവിള്‍ത്തടങ്ങളിലൂടെ എന്റെ കണ്ണുനീരും ഒഴുകുന്നുണ്ടായിരുന്നു... മാതൃത്വത്തിന്റെ സ്നേഹം മനസ്സിലേല്പിച്ച മുറിപ്പാടുകളായി  അതിന്നും എന്നിലെവിടൊക്കെയോ   നൊമ്പരമുണര്‍ത്തുന്നു....

Saturday, February 26, 2011

എന്റെ ഇന്നലകള്‍....ഭാഗം...രണ്ട്.....

 സുഹറ.....
               അവളെന്ന് ജനിച്ചു എന്നെനിക്കറിയില്ലാ...അതൊന്നും അറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നു...ഞാനവളെ കാണുന്നത് എപ്പോഴും എന്റെ ഉമ്മയുടെ ഒക്കത്തായിരുന്നു..ഉമ്മയുടെ താരാട്ടുവരികളും തൊട്ടിലക്കെട്ടുകളും അവള്‍ക്ക് സ്വന്തമായതോടെ ഞാനൊരുമുറിയുടെ മൂലയിലെ കീറപ്പായയിലേക്കൊതുങ്ങി..ഉമ്മയുടെ കാച്ചിത്തുമ്പില്‍ തൂങ്ങാന്‍പോലും എനിക്കന്ന് അവകാശമില്ലാതായി...എന്തുകൊണ്ടോ ഉമ്മക്കെന്നും എന്നോട് ദേഷ്യപ്പെടാനേ സമയമുണ്ടായിരുന്നുള്ളു..അതിന്റെ കാരണമറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നല്ലോ..എന്റെ വലത്തേകാലിനു മുട്ടിനുകീഴെ അന്നൊരുതരം ചൊറിപിടിച്ചിരുന്നു....അതിന്റെ വേദനയും നീറ്റലും എന്നെ വല്ലാണ്ട് വിമ്മിട്ടപ്പെടുത്തി...ശരിക്കൊന്നിരിക്കാന്‍പോലും കഴിയാത്ത അവസ്ഥ...
എങ്ങിനെ എവിടെ ഇരിക്കയാണെങ്കിലും വലത്തേകാല്‍ നീട്ടിവെച്ചേ ഇരിക്കാന്‍ കഴിയുകയുള്ളൂ..മുട്ടിനുകീഴെ എപ്പോഴും ചുറ്റിയിട്ട തുണിയുടെ വിങ്ങലില്‍ എന്റെ കൈവിരലുകളുടെ താളത്തില്‍ ഞാന്‍ സുഖം കണ്ടെത്തി...ധര്‍മ്മാശുപത്രിയുടെ വരാന്തകളും ഇളം ചുവര്‍പ്പുള്ള ചവര്‍പ്പുവെള്ളവും എനിക്കു സുപരിചിതമായി...ശരിക്കൊന്നുറങ്ങാന്‍പൊലും കഴിയാത്ത രാത്രികള്‍...തെങ്ങോലപ്പായയില്‍ കാലുരയുമ്പോഴുള്ള വേദന എന്റെ പാതിയുറക്കത്തെ പൊട്ടിക്കരച്ചില്ടോടെ ഉണര്‍ത്തി...പിന്നിട് എത്ര വൈദ്യന്മാരെ കണ്ടെന്ന് എനിക്കുപോലും അറിയില്ലാ...കശായത്തിന്റെ കൈപ്പുനീര്‍ ജീവിതകാലം മുഴുവന്‍ എന്റെ ഉമിനീരില്‍ അലിഞ്ഞുചേര്‍ന്നു...ഒടുവില്‍ എന്നെയുംകൊണ്ട് ഉപ്പ പോയത് താടിയും തലപ്പാവുമുള്ള ഒരാളുടെ അടുത്തായിരുന്നു...അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...സാരമില്ലാ “ഇവനെന്നേക്ക് ഏഴ് വയസ്സ് തികയുന്നുവോ അന്നേ ഇത് സുഖമാവുകയുള്ളൂ...( അതങ്ങിനെ സംഭവിച്ചു...ആ വ്യക്തി ഇന്നും എന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നുണ്ട്..പിന്നിടൊരിക്കലും ഞാന്‍ കണ്ടിട്ടില്ലെങ്കിലും....ഞാന്‍ നമിക്കുന്നു....ആ മഹാവ്യക്തിയെ ).....രാത്രികാലങ്ങളില്‍ സുഹറയുടെ കരച്ചില്‍ കൂടിക്കുടിവന്നു...ഉറക്കമില്ലായ്മ എന്റെ ഉമ്മയെ ശരിക്കും ബാധിച്ചിരുന്നു...പിന്നീടേതൊ ഒരു പാതിരാവില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു...കൂട്ടക്കരച്ചിലിന്റെ ഭയാനകരമായ ശബ്ദം എന്നേയും കരയിപ്പിച്ചു...പക്ഷേ എനിക്കറിയില്ലായിരുന്നൂ എന്തിനാണിവരെല്ലാം കരയുന്നതെന്ന്....പിറ്റേദിവസം നടുമുറിയില്‍ സുഹറയെ കുളിപ്പിച്ചു കിടത്തിയിരുന്നു...പലരും വന്നുപോയികൊണ്ടിരുന്നു....പിന്നിടെപ്പോഴോ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.....എന്റെ മുന്നിലൂടെ ഒരു കട്ടിലില്‍ കിടത്തി സുഹറേയും കൊണ്ട് നാലുപേര്‍ മുന്നിലും ബാക്കിയുള്ളവര്‍ പിറകിലുമായി എന്തോ ചൊല്ലിക്കൊണ്ട് കടന്നുപോയി...അപ്പോഴും ഞാനെന്റെ വലത്തേകാലും ഇഴച്ചുവലിച്ചുകൊണ്ട് അവിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു.......”   
                                       ...  അവസാനിക്കുന്നില്ലാ...                                                                                  

Sunday, February 20, 2011

എന്റെ ഇന്നലകള്‍....ഭാഗം...ഒന്ന്...

...ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവെക്കുന്നു...” എന്റെ ഇന്നലകള്‍ “ നോവിന്റെ അലകളില്‍ ഒര്‍മ്മകള്‍ മുങ്ങിപ്പൊങ്ങുന്നു..കഴിഞ്ഞുപൊയകാലങ്ങളുടെ തീവ്രാനുഭവങ്ങള്‍ മനസ്സിലിട്ടുപൂട്ടി കണ്ണുനീരൊഴുക്കുന്ന നിദ്രാവിഹീനമായ രാത്രികളിലെ ഞെട്ടിപ്പിക്കുന്ന സ്വപ്നങ്ങളെ താഴിട്ടുപൂട്ടി, ഞാനെന്റെ സത്യാസത്യങ്ങളുടെ നേര്‍ക്കാഴ്ച നിങ്ങളുടെ മുന്നിലേക്ക് തുറന്നുവെക്കുന്നു...ഒരുപക്ഷേ ഇന്നലകളുടെ പൂര്‍ണ്ണത നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള വാക്കുകള്‍ എനിക്കജ്ഞാതമായിരിക്കാം.എങ്കിലും ഞാനെഴുതുന്നതെല്ലാം എന്റെ ജീവിതത്തിലൂടെ കടന്നുപൊയതായിരിക്കും...നിങ്ങള്‍ എന്റെ സഹോദരങ്ങള്‍....നിങ്ങളുടെമുന്നിലേക്ക് സങ്കോചമില്ലാതെ ഞാന്‍ കടന്നുവരുന്നു.......                                                                                                                      ....ജനനം.......                                                                                                                          എന്റെ വീട്...രണ്ടുമുറികളും ഒരു കോലായുമുള്ള ഓലമേഞ്ഞ ചെറിയൊരു കൂരയായിരുന്നു...മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളിലേക്ക് തലകുനിക്കാതെ കയറാന്‍ കഴിയില്ലാ....വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൂരക്കുള്ളിലെ എന്റെ ജനനം വലിയൊരു സംഭവമൊന്നുമല്ലായിരുന്നു...ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലേക്ക് എന്റെ ഉപ്പയുടേയും ഉമ്മയുടേയും ഒമ്പതാമത്തെ സന്തതിയായി നിങ്ങളെപ്പോലെ മുഷ്ടിയും ചുരുട്ടി സിന്ദാബാദിന്റെ കരച്ചിലോടെ ഞാനും പിറന്നുവീണു...എന്നെകാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ ഞാനൊരു മഹാസംഭവമായിത്തീരുമെന്ന് അറിയാവുന്നതുകൊണ്ടോ എനിക്കുമുന്നേ പിറന്ന മൂന്നുപേര്‍ ഭുമിയില്‍ വന്നപ്പോള്‍തന്നെ തിരിച്ചുപോയിരുന്നു...ജീവിച്ചിരിക്കുന്നവരില്‍ ആറാമനായി ഞാന്‍ കണ്ണുതുറന്നു....ലോകത്തിന്റെ വെളിച്ചംകണ്ട് പൊട്ടിക്കരഞ്ഞ എന്റെ ചുണ്ടിലേക്ക് “ അമ്മിഞ്ഞക്കണ്ണ് കുത്തിത്തിരുകി “ എന്റെ ഉമ്മ എന്നോട് പറഞ്ഞിരിക്കാം “വാവേ നിനക്കിപ്പോ കിട്ടുന്നതേകിട്ടൂ...വയറ് നിറച്ച് കുടിച്ചോ ഇല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടിവരുമെന്ന് “ അവിടെനിന്നും ഞാനെന്റെ പ്രയാണമാരംഭിച്ചു...മരണമെന്ന യാഥാര്‍ത്യത്തിലേക്കുള്ള എന്റെ ജീവിതത്തിന്റെ തുടക്കം....         അവസാനുക്കുന്നില്ലാ....                                                                                                                                                                               

Saturday, February 12, 2011

ജിഹാദിന്റെ സന്തതികള്‍....

ഞാനും ജിഹാദിന്റെ സന്തതിയാണ്...നിനക്കെന്നെ കൊല്ലാം....നിന്റെ തോക്കിന്‍ കുഴലിലാണിന്നെന്റെ ജീവന്‍...എങ്കിലും കേള്‍ക്കുക...ഞാനെങ്ങിനെ ജിഹാദിന്റെ സന്തതിയായെന്ന്....ഒരിക്കല്‍ നമ്മളൊന്നായിരുന്നില്ലേ....പിന്നിട് നീ എന്തിനെന്നെ വെട്ടിമുറിച്ചു...നിന്റെ ബൂട്ടിട്ട കാലുകള്‍ ചവിട്ടിയരച്ചത് എന്റെ പ്രാണനല്ലായിരുന്നോ...എന്റെ സഹൊദരങ്ങളെ കൊന്ന് രക്തപ്പുഴയൊഴുക്കിയത് നീയല്ലായിരുന്നോ...പൂര്‍ണ്ണതയെത്താതെ എന്റെ സഹോദരികള്‍ പ്രസവിച്ചു മരിച്ചതും നിന്നെക്കൊണ്ടല്ലേ...എന്നിട്ടും നിങ്ങള്‍ പറയുന്നൂ...ഞാനാണ് ജിഹാദിന്റെ സന്തതിയെന്ന്...നഷ്ടങ്ങളെല്ലാം എനിക്കും ഞാന്‍ പിറന്നുവീണ ഈ മണ്ണിനും....എന്റെ കരച്ചിലുകള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ....അവ വിലാപങ്ങളാവുന്നത് നിങ്ങളറിയുന്നില്ലേ...എന്നിട്ടും നിങ്ങളെന്തേ ചിരിക്കുന്നൂ......,,എനിക്കൊന്നുറങ്ങണം....ഈ ഭ്രാന്തമായ ലോകത്തിന്റെ രോദനം കേള്‍ക്കാതെ....ഇറാക്കിന്റെ ..അഫ് ഗാന്റെ ..ഫലസ്തീനിന്റെ...കാശ്മീരിന്റെ...ചോരയില്‍ വീഴുന്ന കണ്ണുനീര്‍...എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നൂ.......!